തിരുവനന്തപുരം: വിവാഹ വീട്ടിൽ നിന്ന് മോഷണംപോയ വധുവിന്റെ ആഭരണങ്ങൾ വീട്ടുപരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂര്‍ പൂന്നാവൂര്‍ സ്വദേശി ഗിലിന്റെ വിവാഹത്തിന് ഭാര്യ ഹന്ന അണിഞ്ഞിരുന്ന വളയും മാലയും ഉള്‍പ്പെടെയുളള ആഭരണങ്ങളാണ് മോഷണം പോയത്. കാണാതെപാേയ മുഴുവൻ ആഭരണങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇരുപത്തഞ്ച് പവനോളം ആഭരണങ്ങളാണ് കാണാതെ പോയതെന്നാണ് റിപ്പോർട്ട്.
ഉത്രാട ദിനത്തിലായിരുന്നു വിവാഹം. വിവാഹശേഷം വീട്ടിലെത്തിയ വധു, താൻ ധരിച്ചിരുന്ന ആഭരണങ്ങൾ കിടപ്പുമുറിയിൽ അഴിച്ചുവച്ചു. അല്പം കഴിഞ്ഞ് വീടിന് തൊട്ടടുത്തുള്ള ഹാളിൽ വിരുന്ന് സൽക്കാരത്തിനായി പോയി. തിരിച്ചുവന്നപ്പോഴാണ് മാലയുൾപ്പടെയുള്ള ആഭരണങ്ങൾ കാണാനില്ലെന്ന് വ്യക്തമായത്.
സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നുകാട്ടി വീട്ടുകാർ പിറ്റേന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനിടെയാണ് ഇന്നുരാവില വീടിനുസമീപത്തായി ആഭരണങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിനുള്ളിൽ ആക്കിയ നിലയിലായിരുന്ന ആഭരണങ്ങളിൽ ചിലത്. മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടപ്പെട്ട ആഭരണങ്ങൾ തിരികെ കിട്ടിയെങ്കിലും ഇതിനുപിന്നിൽ പ്രവർത്തിച്ചതാരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.
കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കൈക്കലാക്കണമെങ്കിൽ വീടുമായി നല്ല അടുപ്പമുള്ളവർക്കേ കഴിയൂ എന്നാണ് പൊലീസ് നിഗമനം. എന്നാൽ മോഷണം നടത്തിയ ആളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ലെന്നും അന്വേഷണശേഷമേ എന്തെങ്കിലും പറയാനാവൂ എന്നുമാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |