ഓരോ ദിവസവും കാലാവസ്ഥയിലടക്കമുള്ള മാറ്റങ്ങൾ കാരണവും മനുഷ്യൻ സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങൾ കാരണവും നിരവധി ജന്തുക്കൾ വംശനാശത്തിന്റെ വക്കിലാണ്. കടുവ, ഹിമപ്പുലി, നമ്മുടെ നാട്ടിലെ മലമുഴക്കി വേഴാമ്പൽ എന്നിങ്ങനെ നിരവധി ജന്തുക്കൾ ഇത്തരത്തിൽ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഒരുനൂറ്റാണ്ട് മുൻപുവരെ ഭൂലോകത്ത് ഉണ്ടാകുകയും ഇപ്പോൾ ഇല്ലാതാകുകയും ചെയ്‌ത ജന്തുക്കളുമുണ്ട്. ഇവയിൽ പലതിനെയും തിരികെ കൊണ്ടുവരാൻ കിണഞ്ഞുപരിശ്രമിക്കുകയാണ് ശാസ്‌ത്ര ലോകം.
ഇത്തരത്തിൽ ഒരുനൂറ്റാണ്ട് മുൻപ് ഇല്ലാതായ ടാസ്‌മാനിയൻ കടുവ എന്ന ജീവിയുടെ ശരീരത്തിൽ നിന്നും ആർ എൻ എ വിജയകരമായി വേർതിരിച്ചെടുത്തിരിക്കുകയാണ് ശാസ്‌ത്രലോകം. ഇതിലൂടെ വംശനാശം സംഭവിച്ച ഈ ജീവിയുടെ സ്വഭാവ, ജീവിത സവിശേഷതകളെക്കുറിച്ച് കൂടുതൽ അറിവേകാൻ കാരണമാകും.
'ടാസ്‌മാനിയൻ കടുവകളെയോ വൂളി മാമത്തുകളെയോ പുനഃരുജ്ജീവിപ്പിക്കുക എന്നത് നിസാരമായ കാര്യമല്ല. അത്തരം ജീവികളുടെ എല്ലാ ജനിതക വിവരങ്ങളും അറിയാനുള്ള ജീനോം അടക്കമുള്ള ഡിഎൻഎ വസ്‌തുക്കളെക്കുറിച്ച് ആഴത്തിലുള്ള അറിവ് ആവശ്യമാണ്. അവ ഇപ്പോൾ വെളിവായി തുടങ്ങിയിരിക്കുകയാണ്.' സൈലൈഫ് ലാബിലെ ഗവേഷകനും വിഷയത്തിൽ പഠനം നടത്തുന്ന പ്രധാനയാളുമായ എമിലിയോ മാർമോൾ പറയുന്നു. ഈ കണ്ടെത്തൽ ശാസ്‌ത്രലോകത്തിന് വലിയ ആവേശമാണ് നൽകിയത്. വംശനാശത്തെ സംബന്ധിച്ച് ഭാവി പഠനങ്ങൾക്കും ജീവികളുടെ പരിണാമം, അതിജീവനം ഇവയെ സംബന്ധിച്ചും വലിയ മുന്നേറ്റം ഈ കണ്ടെത്തലിലൂടെ ഉണ്ടായിട്ടുണ്ട്.
തൈലാസൈൻ അഥവാ ടാസ്‌മാനിയൻ ടൈഗർ ഓസ്‌ട്രേലിയ, ടാസ്‌മാനിയൻ ദ്വീപ്, ന്യൂ ഗീനിയ എന്നിവിടങ്ങളിൽ കാണപ്പെട്ടിരുന്ന ഏകദേശം ചെന്നായയുടെ വലുപ്പമുള്ളൊരു ജീവിയാണ്. കടുവയുടെ പോലെ വരയുള്ള ശരീരമുള്ളതിനാൽ ടാസ്‌മാനിയൻ ടൈഗർ എന്ന് വിളിക്കപ്പെട്ടു. വലിയ വായയും എന്നാൽ കംഗാരുവിനെപ്പോലെ സഞ്ചിയും ഇവയ്‌ക്കുണ്ടായിരുന്നു. ചെറിയ ജന്തുക്കളെയും പക്ഷികളെയും വേട്ടയാടി ഭക്ഷിച്ചിരുന്ന ഇവയ്‌ക്ക് 20-ാം നൂറ്റാണ്ടിൽ പൂർണമായും വംശനാശം സംഭവിച്ചു. 1936ൽ ഹോബാർട്ട് മൃഗശാലയിലെ തൈലാസൈൻ ചത്തതോടെ അവ ഭൂമിയിൽ നിന്നും തുടച്ചുനീക്കപ്പെട്ടു. നിലവിലെ കണ്ടെത്തൽ അവയെ മടക്കികൊണ്ടുവരുന്ന വലിയ പ്രയത്നത്തിന് ചെറിയൊരു തുണയാകുമെന്നാണ് ഗവേഷക ലോകം കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |