കൊച്ചി: കുട്ടികൾക്ക് അങ്കണവാടിയിൽ സുരക്ഷിത അന്തരീക്ഷമൊരുക്കാൻ ശുപാർശയുമായി വനിതാ ശിശുവികസന വകുപ്പ്. അങ്കണവാടികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ സി.സി ടിവി സ്ഥാപിക്കണമെന്ന ശുപാർശയാണ് വകുപ്പ് സർക്കാറിന് സമർപ്പിച്ചത്. രക്ഷകർത്താക്കളുടെ ഫോണുമായി ബന്ധിപ്പിക്കണമെന്നും ശുപാർശയിലുണ്ട്.
സാമൂഹിക പ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ളയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. വിവിധ അങ്കണവാടികളിലും ഡെ കെയറുകളിലും കുട്ടികൾ സുരക്ഷിതരല്ലെന്ന് വ്യക്തമാക്കി ചന്ദ്രദാസ് വകുപ്പിന് കത്തയച്ചത്.
സംസ്ഥാനത്ത് ആകെ 33120 അങ്കണവാടികളാണുള്ളത്. കൊച്ചി പാലാരിവട്ടത്തുള്ള ഡേ കെയർ കേന്ദ്രത്തിൽ കഴിഞ്ഞ വർഷം ഒന്നര വയസുള്ള കുട്ടിയെ സ്ഥാപന ഉടമയായ സ്ത്രീ ക്രൂരമായി മർദ്ദിച്ച സംഭവം, മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം നേമത്ത് ആയമാരുടെ അശ്രദ്ധയെ തുടർന്ന് രണ്ടു വയസുള്ള കുട്ടി രണ്ടു കിലോമീറ്റർ അകലെയുള്ള സ്വന്തം വീട്ടിലേക്ക് കരഞ്ഞുകൊണ്ട് ഓടി പോയ സംഭവം, പിണറായിയിലെ അങ്കണവാടിയിൽ സംസാര വൈകല്യമുള്ള കുട്ടിയുടെ വായിൽ ചൂടുള്ള പാൽ നൽകിയതിനാൽ ചുണ്ട് ചുവന്നു തടിച്ച സംഭവം എന്നിവയെ തുടർന്നാണ് സാമൂഹ്യ പ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ളയുടെ ഇടപെടൽ.
ശുപാർശകൾ
അങ്കണവാടികളും ബാല വിഹാരകേന്ദ്രങ്ങളും കിഡ് സെന്ററുകളും സി.സി ടിവി ക്യാമറ നിരീക്ഷണത്തിലാക്കണം.
ഓരോ അങ്കണവാടി കുട്ടിയുടെയും രക്ഷകർത്താക്കളിൽ ഒരാളുടെ എങ്കിലും മൊബൈൽ ഫോണുമായി സി.സി ടിവി ബന്ധിപ്പിക്കുക, ഇതിലൂടെ രക്ഷകർത്താക്കളുടെ മാനസിക സമ്മർദ്ദം കുറയുകയും കുഞ്ഞുങ്ങളെ രക്ഷാകർത്താക്കൾക്ക് കാണുവാനും സ്ഥാപനങ്ങൾക്ക് കൂടുതൽ ഉത്തര വാദിത്വത്തോടെ പ്രവർത്തിക്കുവാനും കഴിയും. സർക്കാരിന് ബാദ്ധ്യത ഉണ്ടാകാത്ത തരത്തിൽ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ഇടപെടലുകൾ വേണം
കിഡ് സെന്ററുകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാൻ നൽകുന്ന സർട്ടിഫിക്കറ്റ് രീതി നിറുത്തലാക്കണം.
വനിത ശിശു വികസന വകുപ്പിന്റെ രജിസ്‌ട്രേഷനോടു കൂടി മാത്രമേ തുടങ്ങാവൂ
കിഡ്‌സെന്ററുകൾക്ക് ഫീസ് ഘടന ഏകീകരിക്കണം . കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പാൽന സ്‌കീം പ്രകാരം പ്രവർത്തിക്കുന്ന അങ്കണവാടികളിൽ ക്യാമറ സ്ഥാപിക്കണം.
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും. ജോലി ചെയ്യുന്ന മാതാപിതാക്കളുടെയും സമ്മർദ്ദം കുറയ്ക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
അതിന് വകുപ്പ് മുമ്പോട്ട് വരണം.
ചന്ദ്രദാസ് കേശവപിള്ള
സാമൂഹിക പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |