ന്യൂഡല്‍ഹി: രാജ്യത്ത് റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് വരുത്തുന്ന കമ്പനികളെ പൂട്ടാന്‍ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. മോശം റോഡുകളുടെ കാര്യത്തില്‍ ഏജന്‍സികളേയും കരാറുകാരേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. മോശമായി പണി നടത്തുന്നവരുടെ ബാങ്ക് ഗ്യാരന്റി കണ്ടുകെട്ടുകയും പുതിയ ടെന്‍ഡറുകള്‍ക്ക് അപേക്ഷിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേയുടെ മോശം അവസ്ഥയാണ് വിമര്‍ശനത്തിന് വഴിവെച്ചത്. ഗാസിയാബാദില്‍ വൃക്ഷത്തെ നടീല്‍യജ്ഞം ഉദ്ഘാടനം ചെയ്യാന്‍ ഈ വഴി യാത്ര ചെയ്തതിന് പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നത്.
'വളരെ കാലത്തിന് ശേഷമാണ് ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ ഉപയോഗിക്കുന്നത്. ജോലി ചെയ്യാതിരിക്കുന്ന നിരവധി ആളുകള്‍ വിരമിക്കണമെന്ന് ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെ മോശമായ രീതിയിലാണ് ഈ റോഡിന്റെ പരിപാലനവും അറ്റകുറ്റപ്പണിയും നടത്തുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് നിരവധി പരാതികളും ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്.
ക്രമക്കേട് കാണിക്കുന്ന ഒരാളേയും വെറുതേ വിടില്ല. ബാങ്ക് ഗ്യാരന്റി കണ്ടുകെട്ടും. തുടര്‍ന്ന്, കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തും. പുതിയ ടെന്‍ഡറുകള്‍ക്ക് അപേക്ഷിക്കാന്‍ ഇവരെ അനുവദിക്കില്ല. കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അവാര്‍ഡ് നല്‍കും. എന്നാല്‍, മോശം രീതിയിലാണ് പ്രവര്‍ത്തനമെങ്കില്‍ സംവിധാനത്തിനുള്ളില്‍ അവര്‍ക്ക് സ്ഥാനമുണ്ടാകില്ല, വ്യവസ്ഥകളില്‍ നിന്നും അവരെ പുറത്താക്കും', ഗഡ്കരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |