തട്ടിക്കൊണ്ടുപോയ ഭാര്യയെയും കണ്ടെത്തി
കുട്ടനാട് : തന്റെ ഭാര്യക്കൊപ്പം താമസിച്ചിരുന്നയാളെ വെട്ടിയശേഷം ഭാര്യയെ തട്ടിക്കൊണ്ടുപോയ യുവാവിനെ കോയമ്പത്തൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ആര്യാട് എ.എൻ കോളനിയിൽ സുബിനാണ് (35) രാമങ്കരി പൊലീസിന്റെ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ രഞ്ജിനിയെയും കണ്ടെത്തി.
ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് രാമങ്കരി വേഴപ്ര പുതുപ്പറമ്പിൽ ബൈജുവിനെ (37) വീട്ടിൽ അതിക്രമിച്ചു കയറി സുബിൻ മാരകമായി വെട്ടി പരിക്കേൽപ്പിച്ചത്. വീടിന്റെ അടുക്കളയുടെ കതക് തകർത്തു അകത്തുകടന്ന സുബിൻ ബൈജുവിന്റെ തലയ്ക്കും കൈയ്ക്കും വെട്ടിയശേഷം ഭാര്യയുടെ മുടിക്കുത്തിന് പിടിച്ച് 100മീറ്ററോളം വെള്ളത്തിലൂടെ നീന്തി കരയ്ക്കെത്തുകയായിരുന്നു. ഈ സമയം നാട്ടുകാർ ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും ആരുടേയും ശ്രദ്ധയിൽപ്പെടാതെ പലസ്ഥലങ്ങളിലായി ഒളിച്ചിരുന്നു നേരം വെളുപ്പിച്ചു. തുടർന്ന് മിത്രക്കരിയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലെത്തി 500 രൂപ കടം വാങ്ങിയശേഷം ചങ്ങനാശ്ശേരി സ്റ്റേഷനിലെത്തി ട്രെയിൻ മാർഗം കോയമ്പത്തൂരിലേക്ക് പോയി. അവിടെയെത്തി സഹോദരിയുടെ വീട്ടിൽ തങ്ങുന്നതിനിടെയാണ് രാമങ്കരി സ്റ്റേഷനിലെ എസ്.ഐമാരായ മുരുകൻ, രാജേഷ്, സി.പി.ഒ മനു , ഡിവൈ.എസ്. പിയുടെ സ്ക്വാഡ് അംഗങ്ങളായ ബിനിൽ, ജോസഫ് എന്നിവർ ചേർന്നു സുബിനെയും രഞ്ജിനിയെയും കണ്ടെത്തിയത്. നാട്ടിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തിയ ശേഷം വൈകിട്ട് 5ഓടെ സുബിനെ വേഴപ്രയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വീട് കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച പാരയും കണ്ടെടുത്തു.
സുബിൻ നിരന്തരം ഉപദ്രവിച്ചതിനെത്തുടർന്ന് പിണങ്ങി തന്റെ വീട്ടിൽ കഴിയുകയായിരുന്ന രഞ്ജിനി ബൈജുവുമായി അടുപ്പത്തിലാവുകയും 12 ദിവസം മുമ്പ് ഇരുവരും ഒരുമിച്ചു താമസം തുടങ്ങുകയുമായിരുന്നു. ഇതറിഞ്ഞായിരുന്നു സുബിനെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |