ബെയ്‌റൂത്ത്: ഹിസ്‌ബുല്ല കേന്ദ്രങ്ങൾക്ക് നേരെ കടുത്ത പ്രഹരം അഴിച്ചുവിട്ട് ഇസ്രയേൽ യുദ്ധവിമാനങ്ങൾ. തെക്കൻ ലെബനനിലെ ഹിസ്‌ബുള്ള കേന്ദ്രങ്ങളാണ് യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടത്. ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ താഴ്‌ന്നുപറന്ന് സോണിക് ബൂം പ്രതിഭാസം സൃഷ്‌ടിക്കുന്നുണ്ടെന്നാണ് വിവരം. ഹിസ്‌ബുള്ള നേതാവ് സയ്യദ് ഹസൻ നസ്രള്ള സംഘടനാ അനുകൂലികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഈ ആക്രമണം.
കുടിയൊഴിപ്പിക്കപ്പെട്ടുപോയ ഇസ്രയേലികളെ വടക്കൻ ഇസ്രയേലിൽ അവരുടെ വീടുകളിലേക്ക് തിരികെയെത്തിക്കാനാണ് തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഹിസ്‌ബുള്ളയുടെ കേന്ദ്രങ്ങളെ തകർക്കുകയാണ് യുദ്ധവിമാനങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേലി പ്രതിരോധ സേന വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം ലെബനനിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം 32 ആയി. മുന്നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. എത്ര വാക്കിടോക്കികൾ പൊട്ടിത്തെറിച്ചുവെന്ന് ശരിയായി അറിയില്ലെന്നാണ് അധികൃതർ പറയുന്നത്. ലെബനനിലെ ചില സ്ഥലങ്ങളിൽ ലാൻഡ്‌ലൈൻ ടെലിഫോണുകളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുണ്ട്.
തെക്കൻ ലെബനനിൽ വ്യാപകമായും ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുമാണ് ഇന്നലെ ഉച്ചതിരിഞ്ഞ് വാക്കിടോക്കി സ്‌ഫോടനങ്ങൾ ഉണ്ടായത്. എല്ലാം ഹിസ്ബുള്ള കേന്ദ്രങ്ങളാണ്. ബയ്റുത്ത്, ബെക്കാ വാലി, ദക്ഷിണ ലെബനൻ എന്നിങ്ങനെ മൂന്നിടത്ത് സ്‌ഫോടനമുണ്ടായതായാണ് ലെബനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച പേജർ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങിനിടയിയും വാക്കിടോക്കി സ്‌ഫോടനമുണ്ടായി.
അഞ്ച് മാസം മുമ്പ് കൊണ്ടുവന്ന വാക്കിടോക്കികളാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച പേജറുകൾക്കൊപ്പം എത്തിച്ചതാണ് വാക്കി ടോക്കികളും. പേജറുകളിൽ സ്‌ഫോടക വസ്തു വച്ച് മെസേജ് അയച്ചാണ് ഇസ്രയേൽ ചാരസംഘടനയായ മോസാദ് സ്‌ഫോടനങ്ങൾ നടത്തിയത്.
അതേസമയം, പേജർ സ്‌ഫോടനങ്ങൾക്ക് പിന്നാലെ ഇസ്രയേലിന്റെ ആയുധപ്പുരയ്ക്ക് നേരെ റോക്കറ്റ് ആക്രണം നടത്തിയെന്ന് ഹിസ്ബുല്ല വെളിപ്പെടുത്തി. സംഭവത്തിൽ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |