കല്ലറ: റോഡിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത സൈനികനെ വധിക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. കല്ലറ കോട്ടൂർ, ഷാഹിൽ മൻസിലിൽ ആഷിക് (26), അൽഅമീൻ മൻസിലിൽ ആൽത്താഫ് (23), കൃഷ്ണവിലാസം വീട്ടിൽ മനുജിത്ത് (26) എന്നിവരെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് രാത്രി 10.45ഓടെയായിരുന്നു സംഭവം. പൊതുനിരത്തിൽ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത പാങ്ങോട്, ഭരതന്നൂർ സ്വദേശിയായ സൈനികനെ മൂന്നുപേരും ചേർന്ന് നിലത്ത് തള്ളിയിട്ട് മർദ്ദിക്കുകയും മാല പൊട്ടിച്ചെടുത്തു. തുടർന്ന് ബൈക്കിൽ രക്ഷപെട്ട സൈനികനെ പിൻതുടർന്നെത്തിയ സംഘം കല്ലറ രക്തസാക്ഷി മണ്ഡപത്തിന് സമീപം തടഞ്ഞുനിറുത്തി കമ്പികൊണ്ട് തലക്കടിക്കുകയും മർദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ സൈനികനെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. സൈനികന്റെ പരാതിയിൽ ഒളിവിലായിരുന്ന പ്രതികളെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒന്നാം പ്രതിയായ ആഷിക് മറ്റൊരുകേസിൽ ജാമ്യത്തിലിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |