യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ ഗോളില്ലാസമനിലയിൽ തളച്ച് ഇന്റർ മിലാൻ
മാഞ്ചസ്റ്റർ : യുവേഫ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ രാത്രി നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിൽ ഇംഗ്ളീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഗോൾ രഹിത സമനിലയിൽ തളച്ച് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ.
പന്തടക്കത്തിലും ആക്രമണത്തിലും മുന്നിൽ നിന്ന മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ ചെന്ന് കൃത്യമായ പ്രതിരോധം കൊണ്ട് ലോക്ക് ചെയ്യുകയായിരുന്നു ഇന്റർ. ഫിൽ ഫോഡൻ, ജാക്ക് ഗ്രീലിഷ്, ഗ്വാർഡിയോൾ, ഈ സീസണിൽ ക്ളബിലേക്ക് തിരിച്ചെത്തിയ മുൻ നായകൻ ഇക്കേയ് ഗുണ്ടോഗൻ തുടങ്ങിയവരാണ് സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത്. ഗോളി യാൻ സോമ്മറുടെ മികച്ച സേവുകളാണ് ഇന്ററിന് തുണയായത്. ഡാർമിയനും മിഖിത്രയനും ഇന്ററിന് വേണ്ടി ഗോൾശ്രമങ്ങൾ നടത്തിയെങ്കിലും ഫലവത്തായില്ല.
2022ന് ശേഷം ആദ്യമായാണ് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഗോൾരഹിത സമനില വഴങ്ങുന്നത്. 42 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കോച്ച് പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ കളിച്ച സിറ്റി അതിൽ വഴങ്ങുന്ന രണ്ടാമത്തെ ഗോൾരഹിത സമനിലയാണിത്. 2023ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ കീഴടക്കിയാണ് സിറ്റി കിരീടം നേടിയിരുന്നത്.
മറ്റൊരു മത്സരത്തിൽ പാരീസ് എസ്.ജി ഏകപക്ഷീയമായ ഒരു ഗോളിന് സ്പാനിഷ് ക്ളബ് ജിറോണയെ തോൽപ്പിച്ചു.90-ാം മിനിട്ടിലെ ജിറോണ താരം പൗളോ ഗസ്സാനിഗയുടെ സെൽഫ് ഗോളാണ് പി.എസ്.ജിക്ക് വിജയം നൽകിയത്. ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ട് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ബെൽജിയൻ ക്ളബ് ബ്രൂഗെയെ കീഴടക്കി. സ്കോട്ടിഷ് ക്ളബ് കെൽറ്റിക് മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് സ്ളൊവാക്യൻ ക്ളബ് ബ്രാത്തിസ്ളാവയെ കീഴടക്കി.
മത്സരഫലങ്ങൾ
മാഞ്ചസ്റ്റർ സിറ്റി 0- ഇന്റർ മിലാൻ 0
പി.എസ്.ജി 1- ജിറോണ 0
ബൊറൂഷ്യ 3- ബ്രൂഗെ 0
കെൽറ്റിക് 5- ബ്രാത്തിസ്ളാവ 1
ബൊളോന്യ 0- ഷാക്തർ 0
സ്പാർട്ട പ്രാഹ - സാൽസ്ബർഗ് 0
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |