മേപ്പാടി: ശ്രുതിയുടെ ആഗ്രഹപ്രകാരം അമ്മ സബിതയുടെ മൃതദേഹം പുറത്തെടുത്ത് മതാചാര പ്രകാരം വീണ്ടും സംസ്‌കരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രുതി ആംബുലൻസിൽ ഇരുന്ന് ചടങ്ങുകൾക്ക് സാക്ഷിയായി.
ഉരുൾപൊട്ടലിൽ മരിച്ച സബിതയുടെ മൃതദേഹം പുത്തുമല പൊതുശ്മശാനത്തിലാണ് സംസ്‌കരിച്ചിരുന്നത്. ദുരന്തം നടന്ന് പതിനൊന്നാം ദിവസമാണ് മൃതദേഹം ലഭിച്ചത്. തിരിച്ചറിയാതെ ലഭിച്ച മൃതദേഹങ്ങൾ പുത്തുമലയിൽ കൂട്ടമായി സംസ്‌കരിക്കുകയായിരുന്നു. ഡി.എൻ.എ പരിശോധനയിലാണ് സബിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മേപ്പാടി പത്താംമൈൽ ഹിന്ദു ശ്മശാനത്തിൽ മാറ്റി സംസ്‌കരിക്കാൻ ശ്രുതിയും പ്രതിശ്രുത വരൻ ജെൻസണും ഒരുങ്ങുന്നതിനിടെയാണ് ജെൻസൺ വാഹനാപകടത്തിൽ മരിച്ചത്. കഴിഞ്ഞദിവസം ടി. സിദ്ധിഖ് എം.എൽ.എയോട് ശ്രുതി തന്റെ ആഗ്രഹം ഒരിക്കൽ കൂടി അറിയിച്ചിരുന്നു. തുടർന്ന് പുത്തുമലയിലെ പൊതുശ്മശാനത്തിൽ നിന്ന് പുറത്തെടുത്ത മൃതദേഹം ഹിന്ദുശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. ശ്രുതിയുടെ പിതാവ് ശിവണ്ണനും സഹോദരി ശ്രേയയും ഇവിടെയാണ് അന്തിയുറങ്ങുന്നത്. അച്ഛനെയും സഹോദരിയെയും സംസ്‌കരിക്കുമ്പോൾ ശ്മശാന ഭൂമിയിൽ ശ്രുതിക്ക് താങ്ങായി ജെൻസൺ ഉണ്ടായിരുന്നു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, എക്സിക്യുട്ടീവ് മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള ജോസഫ്, രാജു ഹെജമാഡി, സുരേഷ് ബാബു, പി.കെ. മുരളീധരൻ തുടങ്ങിയവർ ശ്മശാനത്തിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |