ബംഗ്ളാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയെ രക്ഷിച്ച് രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും
അശ്വിന് സെഞ്ച്വറി (102*), ജഡേജയ്ക്ക് അർദ്ധസെഞ്ച്വറി (86*), ഇന്ത്യ 339/6
ചെന്നൈ : 34 റൺസെടുക്കുന്നതിനിടെ മൂന്നും 144 റൺസിനിടെ ആറും മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്ന ഇന്ത്യയ്ക്ക് ആദ്യം ആശ്വാസമായും പിന്നീട് ആവേശമായും മാറി രവിചന്ദ്രൻ അശ്വിൻ. സാധാരണ ബൗളിംഗിൽ അശ്വിനൊപ്പം ആടിത്തിമിക്കാറുള്ള രവീന്ദ്ര ജഡേജ ഇന്നലെ ബാറ്റുകൊണ്ടും കൂട്ടുകൂടിയപ്പോൾ ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ളാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് അവിസ്മരണീയമായി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറി (102 നോട്ടൗട്ട്)യുമായി പുറത്താകാതെ നിൽക്കുന്ന അശ്വിനും 86 റൺസുമായി പുറത്താകാതെ നിൽക്കുന്ന ജഡേജയും ചേർന്ന് ആദ്യദിനം കളിനിറുത്തുമ്പോൾ ഇന്ത്യയെ 339/6 എന്ന സ്കോറിലെത്തിച്ചു. ഏഴാം വിക്കറ്റിൽ 195 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് അശ്വിനും ജഡേജയും സൃഷ്ടിച്ചത്. അർദ്ധസെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാൾ (56), ടെസ്റ്റിലേക്കുള്ള തിരിച്ചുവരവിൽ 39 റൺസ് നേടിയ റിഷഭ് പന്ത് എന്നിവരും ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങി.
മൂക്കുകുത്തിയ മുൻനിര പേസർമാർക്ക് പിന്തുണയേകിയ ചെപ്പോക്കിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് കനത്ത തകർച്ചയെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. നായകൻ രോഹിത് ശർമ്മ (6), ഫസ്റ്റ് ഡൗൺ ശുഭ്മാൻ ഗിൽ (0), മുൻനായകൻ വിരാട് കൊഹ്‌ലി (6) എന്നിവർ പത്തോവറിനുള്ളിൽ കൂടാരം കയറി. യുവ പേസർ മഹ്മൂദ് ഹസനാണ് മൂവർക്കും മടക്കടിക്കറ്റ് നൽകിയത്.
ആറാം ഓവറിൽ ടീം സ്കോർ 14ൽ നിൽക്കുമ്പോൾ സെക്കൻഡ് സ്ളിപ്പിൽ ബംഗ്ളാ നായകൻ നജ്മുൽ ഹസൻ ഷാന്റോയ്ക്ക് ക്യാച്ച് നൽകിയാണ് ഇന്ത്യൻ നായകൻ കൂടാരം കയറിയത്. ഒരറ്റത്ത് യശസ്വി നങ്കൂരമിടാൻ ശ്രമിക്കുന്നിതിനിടയിൽ ഹസന്റെ അടുത്ത ഓവറിൽ കീപ്പർ ലിട്ടൺ ദാസിന് ക്യാച്ച് നൽകി ഗില്ലും മടങ്ങിയപ്പോൾ ഇന്ത്യ 28/2 എന്ന നിലയിലായി. പത്താം ഓവറിൽ ലിട്ടന് ക്യാച്ച് നൽകി വിരാടും മടങ്ങിയതോടെ 34/3 എന്ന സ്കോറിൽ ആതിഥേയർ പരുങ്ങി.
യശസ്വിയും പന്തും
വലിയ തകർച്ച മുന്നിൽക്കണ്ട ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് യശസ്വി ജയ്സ്വാളും റിഷഭ് പന്തും നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 62 റൺസാണ്. 2022 ഡിസംബറിലുണ്ടായ കാറപകടത്തിന് ശേഷം ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ റിഷഭ് യശസ്വിക്ക് മികച്ച പിന്തുണ നൽകിയതോടെ ബംഗ്ളാ ബൗളർമാരുടെ ആത്മവിശ്വാസം കുറയാനും ഇന്ത്യയുടെ സ്കോർ ബോർഡ് ചലിക്കാനും തുടങ്ങി. 88/3 എന്ന സ്കോറിലാണ് ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്. ലഞ്ചിന് ശേഷം പക്ഷേ പന്തിനെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 52 പന്തുകളിൽ ആറുഫോറുകളടക്കം 39 റൺസ് നേടിയ റിഷഭിനെ മഹമൂദ് ഹസന്റെ പന്തിൽ ലിട്ടൺ ദാസ് പിടികൂടുകയായിരുന്നു. തുടർന്ന് കെ.എൽ രാഹുലിനെ(16)ക്കൂട്ടി യശസ്വി കരിയറിലെ അഞ്ചാം അർദ്ധസെഞ്ച്വറി തികച്ചെങ്കിലും വൈകാതെ വീണു. ടീം സ്കോർ 144ൽ വച്ച് നഹീദ് റാണയുടെ പന്തിൽ ഷദ്മാന് ക്യാച്ച് നൽകിയാണ് യശസ്വി മടങ്ങിയത്. അടുത്തഓവറിൽ മെഹ്ദി ഹസൻ രാഹുലിനെ സാക്കിർ ഹസന്റെ കയ്യിലെത്തിച്ചതോടെ ഇന്ത്യ 144/6 എന്ന നിലയിലായി.
ചെന്നൈ ബോയ്സ്
ചെന്നൈ അശ്വിന്റെ ജന്മഭൂമിയാണെങ്കിൽ ജഡേജയുടെ കർമ്മഭൂമിയാണ്. ചെന്നൈ സൂപ്പർ കിംഗ്സിനായി നിരവധി മത്സരങ്ങൾ കളിച്ച ചെപ്പോക്കിൽ ഇന്നലെ അശ്വിനൊപ്പം തകർപ്പൻ കൂട്ടുകെട്ട് ജഡേജ കാഴ്ചവച്ചതോടെയാണ് ആശ്വാസവും ആവേശവും ഇന്ത്യൻ ആരാധകരിലേക്ക് എത്തിയത്. ജഡേജ ശ്രദ്ധാപൂർവ്വം ക്രീസിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചപ്പോൾ അശ്വിൻ ഇരുത്തംവന്ന ബാറ്ററെപ്പോലെ കോപ്പിബുക്കിലെ ഓരോ ഷോട്ടും പുറത്തെടുത്ത് സ്കോർ ഉയർത്തിക്കൊണ്ടേയിരുന്നു. 176/6 എന്ന നിലയിലാണ് ചായയ്ക്ക് പിരിഞ്ഞത്. ആദ്യ രണ്ട് സെഷനുകളിൽ ബംഗ്ളാദേശ് പുലർത്തിയ ആധിപത്യത്തെ തികച്ചും അപ്രസക്തമാക്കുന്ന രീതിയിലാണ് അശ്വിനും ജഡേജയും അവസാന സെഷനിൽ ബാറ്റുവീശിയത്. ലാസ്റ്റ് സെഷനിലെ 32 ഓവറുകളിൽ 163 റൺസാണ് ഇന്ത്യൻ സഖ്യം അടിച്ചുകൂട്ടിയത്. 58 പന്തുകളിൽ അശ്വിൻ അർദ്ധസെഞ്ച്വറി തികച്ചു. പിന്നാലെ ജഡേജയും അർദ്ധസെഞ്ച്വറി കടന്നു. സെഞ്ച്വറിയിലെത്താൻ അശ്വിന് 108 പന്തുകളാണ് വേണ്ടിവന്നത്. ഇന്നലെ 112 പന്തുകൾ നേരിട്ട അശ്വിന്റെ ബാറ്റിൽ നിന്ന് 10 ഫോറുകളും രണ്ട് സിക്സുകളും പറന്നു. 117 പന്തുകളിൽ 10 ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് ജഡേജ 86ലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |