ബെയ്‌റൂട്ട്:ഹിസ്ബുള്ള ഗ്രൂപ്പിന്റെ ആശയവിനിമയ ഉപകരണങ്ങളെ ബോംബുകളാക്കി ഇസ്രയേൽ ചാര ഏജൻസി മൊസാദ് നടത്തിയ സ്ഫോടന പരമ്പര ലെബനനെ ഭീതിയിലാഴ്‌ത്തി. പശ്ചിമേഷ്യയിൽ യുദ്ധഭീതിയും രൂക്ഷമായി. ഇതിനിടെ, തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ഇസ്രയേലി യുദ്ധവിമാനങ്ങൾ ഇന്നലെ ബോംബിട്ട് തരിപ്പണമാക്കി. ലെബനനിൽ വൻ ആക്രമണത്തിന് മുന്നോടിയായുള്ള നിഴൽ യുദ്ധമാകാം പേജർ സ്ഫോടന പരമ്പര.
പേജർ, വാക്കിടോക്കി, സോളാർ പാനൽ ബാറ്ററി, കാർ ബാറ്ററി തുടങ്ങി ആയിരക്കണക്കിന് ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചത്. ലാപ്ടോപ്പും മൊബൈൽ ഫോണും ഉൾപ്പെടെ ഏത് ഇലക്ട്രോണിക് ഉപകരണങ്ങളിലും മൊസാദിന്റെ ഓപ്പറേഷൻ ആവർത്തിക്കുമെന്ന് ഭീതിയുണ്ട്. ആളുകൾക്ക് മൊബൈൽ ഫോൺ തൊടാൻ പേടിയാണ്. ഫ്രിഡ്‌ജ് പോലും സുരക്ഷിതമല്ല. സംശയാസ്പദമായ പേജറുകൾ അടക്കമുള്ള ആശയവിനിമയ ഉപകരണങ്ങൾ ലെബനീസ് സൈന്യം നശിപ്പിച്ചു തുടങ്ങി.
ശത്രുവായ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഏജന്റുമാരെ ശാരീരികമായി പരിക്കേൽപ്പിക്കുന്നതിനൊപ്പം ഗ്രൂപ്പിനെ മാനസികമായും സാങ്കേതികമായും തകർക്കാനാണ് ഇസ്രയേൽ ഇത്ര വ്യാപകമായി സ്ഫോടനങ്ങൾ നടത്തിയത്. സിവിലിയന്മാരുടെയും പേജറുകൾ പൊട്ടിത്തെറിച്ചു. വീടുകളിലും ആശുപത്രികളിലും കടകളിലും സ്ഫോടനങ്ങൾ നടന്നു. വാഹനങ്ങൾ ബാറ്ററി പൊട്ടിത്തെറിച്ച് കത്തി. ചോരവാർന്ന് ആയിരങ്ങൾ എത്തിയതോടെ ആശുപത്രികളിൽ കൂട്ടക്കുഴപ്പമായി.
ഇസ്രയേലിന്റെ ഉന്നം
ഹിസ്ബുള്ളയുടെ ഒരു ലക്ഷം പോരാളികൾ
ഒന്നര ലക്ഷം ഗൈഡഡ് മിസൈലുകളും റോക്കറ്റുകളും
ഹിസ്ബുള്ളയുടെ സപ്ലൈ, കമ്മ്യൂണിക്കേഷൻ ശൃംഖലകൾ
പേജർ മുതൽ സോളാർ പാനൽ വരെ
ചൊവ്വ
പേജറുകൾ
മരണം- 12
പരിക്ക്- 2,800
ബുധൻ
വാക്കിടോക്കി, സോളാർ പാനൽ, ഫിംഗർ പ്രിന്റ് ഡിവൈസുകൾ
മരണം- 25
പരിക്ക്- 608
10 വർഷം മുന്നേ നിറുത്തി
ജാപ്പനീസ് കമ്പനിയായ ഐകോമിന്റെ ഐസി -വി 82 മോഡൽ വാക്കിടോക്കികളാണ് പൊട്ടിത്തെറിച്ചത്. ഈ മോഡലുകളുടെ നിർമ്മാണം 10 വർഷം മുന്നേ നിറുത്തിയെന്ന് ഐകോം പറയുന്നു. പൊട്ടിത്തെറിച്ചത് ഈ മോഡലുകളുടെ വ്യാജപതിപ്പാകാം.
ഇറാൻ അംബാസഡറുടെ കണ്ണ് പോയി
പേജർ സ്ഫോടനത്തിൽ ലെബനനിലെ ഇറാൻ അംബാസഡർ മൊജ്താബ അമാനിയുടെ ഒരു കണ്ണ് നഷ്ടമായി. ഹിസ്ബുള്ള അംഗങ്ങളുടെ മക്കളും ബന്ധുക്കളും കൊല്ലപ്പെട്ടു. സിറിയയിലും പേജറുകൾ പൊട്ടിത്തെറിച്ച് 14 പേർക്ക് പരിക്കേറ്റിരുന്നു.
നെതന്യാഹുവിനെ വധിക്കാൻ പദ്ധതി
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വകവരുത്താനുള്ള ഇറാൻ പദ്ധതി തകർത്തെന്ന് ഇസ്രയേൽ. നെതന്യാഹുവിന്റെ വധം ലക്ഷ്യമിട്ട് ഇറാനിൽ നടന്ന രഹസ്യ യോഗത്തിൽ പങ്കെടുത്ത ഇസ്രയേലി ബിസിനസുകാരനെ അറസ്റ്റ് ചെയ്തതോടെയാണ് പദ്ധതി വെളിപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |