മൊസാദ്, ഷിൻബെറ്റ് (ആഭ്യന്തര ഇന്റലിജൻസ്), ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് എന്നിങ്ങനെ നിരവധി സീക്രട്ട് ഏജൻസികളുള്ള രാജ്യമാണ് ഇസ്രയേൽ. കമ്പ്യൂട്ടറുകളിൽ നിന്നും മൊബൈൽ അടക്കമുള്ള കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളിൽ നിന്നും രഹസ്യങ്ങൾ ചോർത്താൻ കഴിവുള്ള നിരവധി ടെക്നിക്കൽ എക്സ്പേർട്ടുകൾ ഇതിലൊക്കെ പ്രവർത്തിക്കുന്നുണ്ട്.
മറ്റുള്ള രാജ്യങ്ങളിലെ ഇന്റലിജൻസ് വിഭാഗങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് മൊസാദ് നടത്തുന്നത്. സ്ഥിരമായുള്ള ചുരുക്കം ചില രഹസ്യാന്വേഷകർക്കൊപ്പം സയാനിം എന്ന പേരിൽ ലോകത്തുള്ള മിക്ക രാജ്യങ്ങളിലും പ്രാദേശികരായ ജൂതന്മാരുടെ റിക്രൂട്ടഡ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിനോ സമുദായ വിഭാഗത്തിനോ എതിരായി എന്തെങ്കിലുമുണ്ടായാൽ അതുസംബന്ധിച്ച വിവരങ്ങൾ എത്രയുംവേഗം കൈമാറുകയും ഇസ്രയേൽ നേരിട്ടിടപെട്ട് ആക്രമണം നടത്തുകയാണ് അവരുടെ രീതി. ഹമാസിനെതിരായ നീക്കവും അത്തരത്തിലുള്ളതായിരുന്നു. ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരായ ഇപ്പോഴത്തെ ആക്രമണവും എതിരാളികൾക്ക് ഭീതിയുണ്ടാക്കുകയാണ് ലക്ഷ്യമെന്നു വേണം കരുതാൻ.
ഹൈടെക് ആക്രമണം നേരത്തെയും
ഹിസ്ബുള്ളയ്ക്കെതിരേ വ്യാപകമായി രീതിയിൽ പേജറുകളിലും വാക്കി ടോക്കിയിലുമൊക്കെ സീരീസായി സ്ഫോടനം നടത്തിയ സംഭവം ഇതാദ്യത്തേതാണെങ്കിലും ഇസ്രയേൽ ചാരസംഘടനകളുടെ ഇത്തരത്തിലുള്ള നീക്കം ആദ്യത്തേതല്ല. 1972 ഡിസംബർ 8ന് പാരീസിലെ ആക്രമണത്തിൽ അന്നത്തെ ലാൻഡ്ലൈൻ ടെലിഫോണിൽ സ്ഫോടന സാമഗ്രികൾ ഉൾപ്പെടുത്തിയാണ് പി.എൽ.ഒയുടെ പ്രതിനിധിയായ മഹമൂദ് ഹംശാരിക്കെതിരേ ആക്രമണം നടത്തിയത്. മൊസാദാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്.
1996ൽ പുതുതായി ഇറങ്ങിയ മോട്ടോറോള ആൽഫ സെൽഫോണിൽ 5 ഗ്രാം വരുന്ന സ്ഫോടകവസ്തു കയറ്റിയാണ് ഹമാസിന്റെ ചെറിയ ബോംബുകളുണ്ടാക്കുന്നതിൽ വിദഗ്ദ്ധനായ യാഹിയ അയ്യാശിനെ വകവരുത്തിയത്. ആഭ്യന്തര ഇന്റലിജൻസ് വിഭാഗമായ ഷിൻബെറ്റായിരുന്നു ഇതിനുപിന്നിൽ. ഇതിലൂടെയെല്ലാം ആധുനിക സാങ്കേതിക ഉപകരണങ്ങളൊക്കെ ഉപയോഗിച്ച് സീക്രട്ട് ഏജന്റുകളുടെ സഹായത്തോടെ ഹൈടെക് ആക്രമണം നടത്താൻ കഴിയുമെന്നാണ് ഇസ്രയേൽ തെളിയിച്ചത്.
വൈദഗ്ദ്ധ്യം നേടിയ ടെക്കികൾ പിന്നിൽ
വൈറസും ഇന്റർനെറ്റ് മാൽവെയറുകളും ഉപയോഗിച്ച് സൈബർ ആക്രമണങ്ങൾ നടത്താമെങ്കിലും അതിലുപരി പേജറിലും വാക്കി ടോക്കികളിലും വരെ സ്ഫോടന സാമഗ്രികൾ ഉൾപ്പെടുത്തി ഹിസ്ബുള്ളയെ ആക്രമിച്ചതിനു പിന്നിലും ഇസ്രയേൽ ടെക്നിഷ്യൻമാരുടെ വൈദഗ്ദ്ധ്യമാണ് വെളിപ്പെടുന്നത്. ജി.പി.എസ് സംവിധാനങ്ങളിലൂടെ പിടിക്കപ്പെടാതിരിക്കാൻ പേജറും വോക്കി ടോക്കികളും ഉപയോഗിച്ച ഹിസ്ബുള്ളയുടെ സീക്രട്ട് ഓപ്പറേഷനുകൾ തകർക്കുകയായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. അതിലൂടെ അവരെ ഭീതിയിലാക്കാനും വലിയ ആക്രമണങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകാനും സാധിച്ചിട്ടുണ്ട്.
എന്നിരുന്നാലും ഈ ആക്രമണം ലോക രാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രാജ്യങ്ങളുടെ സെബർ രഹസ്യങ്ങളും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഇതേരീതിയിൽ ആക്രമിക്കുന്നതിനും തകർക്കുന്നതിനും ഭീകരവാദികൾ ഉപയോഗിച്ചേക്കാം.
ഇന്ത്യയും കരുതിയിരിക്കണം
ഇന്ത്യയിലും ഇത്തരത്തിലുള്ള അപകട ഭീഷണികൾ ഉണ്ടാകാൻ ഇടയുണ്ട്. പാക്കിസ്ഥാനും ചൈനയും അടക്കമുള്ള രാജ്യങ്ങളും
ലഷ്കർ ഇ-തോയിബ, ജെയ്ഷെ മുഹമ്മദ് എന്നിവ അടക്കമുള്ള ഭീകരവാദി സംഘടനകളും ഇതേരീതിയിലുള്ള ആക്രമണങ്ങൾ നടത്താനും ഇടപെടലുകൾ നടത്താനും ശ്രമങ്ങളുണ്ടാകും. എന്നാൽ, ഇന്ത്യയെപ്പോലുള്ള വലിയ രാജ്യത്ത് അതൊന്നും അത്ര എളുപ്പമാകില്ല. അതിനുള്ള സുരക്ഷാ ക്രമീകരണങ്ങളും ശക്തമായ സംവിധാനങ്ങളും രാജ്യത്ത് നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |