കോഴിക്കോട്: പാളയം പഴം -പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റാനുള്ള നീക്കം ചെറുക്കാനുറച്ച് വ്യാപാരികൾ. ഒക്ടോബർ മൂന്നിന് നിരാഹാരസമരം നടത്തുമെന്ന മുന്നറിയിപ്പുമായി പാളയത്തെ വ്യാപാരികളുടെ സംഘടനയായ വെജിറ്റബിൾ മാർക്കറ്റ് കോർഡിനേഷൻ കമ്മിറ്റി രംഗത്തെത്തി. മാർക്കറ്റ് മാറ്റം വ്യാപാരത്തേയും മറ്റ് വ്യാപാര കേന്ദ്രങ്ങളേയും ബാധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. പഴം-പച്ചക്കറി കടകൾ ഉൾപ്പടെ 500 ഷോപ്പുകളാണ് ഇവിടെയുള്ളത്. നിരവധി കുടുംബങ്ങളുടെ ഉപജീവന മാർഗം ഇല്ലാതാക്കുന്ന നടപടിയിൽ നിന്ന് കോർപ്പറേഷൻ പിന്മാറണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. കോർപ്പറേഷന് കെട്ടിടവാടക നൽകിയാൽ തുച്ഛമായ പണമാണ് ബാക്കിയുണ്ടാവുക. ഈയൊരു സാഹചര്യത്തിൽ സ്വകാര്യ കമ്പനി നിശ്ചയിക്കുന്ന വാടക താങ്ങാൻ കഴിയില്ലെന്നും വ്യാപാരികൾ പറയുന്നു. പാളയം പച്ചക്കറി മാർക്കറ്റും അനുബന്ധ മേഖലയായ ഫ്രൂട്‌സ് മാർക്കറ്റും ജയന്തി ബിൽഡിംഗ്, ജി.എച്ച് റോഡ് അടക്കം നൂറുകണക്കിന് കടകളും അതിനോടനുബന്ധിച്ച് ആയിരക്കണക്കിന് കുടുംബങ്ങളും കഴിയുന്ന മേഖലയാണിത്. സാധാരണക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ ഏറ്റവും വിലക്കുറവിൽ സൗകര്യപ്രദമായി പാളയത്തുനിന്ന് വാങ്ങി ബസിൽ കൊണ്ടുപോകാം എന്നുള്ളതാണ് പാളയത്തിന്റെ പ്രത്യേകത. മാർക്കറ്റ് മാറ്റിയാൽ ഇതെല്ലാം ഇല്ലാതാകും. ഇത് കച്ചവടക്കാരെയും തൊഴിലാളികളുടെയും ജീവിതം ദുസഹമാക്കും.
ബസ് സ്റ്റാന്റും വഴിയോര കച്ചവടക്കാരും മാർക്കറ്റിന് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. പാളയത്ത് നിന്ന് മാർക്കറ്റ് മാറ്റുമ്പോൾ ഈ ബന്ധം പ്രതിസന്ധിയിലാവും.
2009 മുതൽ പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാരും തൊഴിലാളികളും മാർക്കറ്റ് പാളയത്തുതന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷന് നിവേദനങ്ങൾ നൽകിയിരുന്നു. മാർക്കറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് കച്ചവടക്കാർക്ക് അനുകൂലമായ യാതൊരു നീക്കമോ നടപടിയോ ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.
ഒക്‌ടോബർ മൂന്നിന് നിരാഹാര സമരം
പച്ചക്കറി മാർക്കറ്റ് പാളയത്ത് നിലനിർത്തണമെന്നാവശ്യപ്പെട്ട് ഒക്ടോബർ മൂന്നിന് രാവിലെ 10 മണി മുതൽ അഞ്ചു മണി വരെ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നിരാഹാരസമരം നടത്തുമെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാതെ മുന്നോട്ട് പോകാനാണ് കോർപ്പറേഷന്റെ നീക്കമെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ പി.കെ കൃഷ്ണദാസ് ,ജന.കൺവീനർ എ.ടി അബ്ദു , കൺവീനർ കെ.വി. അബ്ദുൾ ജലീൽ, വൈസ് ചെയർമാൻമാരായ പി.അബ്ദുൾ റഷീദ്, ടി.മുഹമ്മദ് മുസ്തഫ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |