□ 5 ലക്ഷത്തിന് മേലുള്ള ഇടപാടുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം:ട്രഷറികളിൽ 5 ലക്ഷം രൂപയ്ക്ക് മേലുള്ള ഇടപാടുകൾക്ക് നിയന്തണം പ്രാബല്യത്തിൽ. ഓണക്കാലത്തെ ചെലവിന് പിന്നാലെ, ട്രഷറി ഓവർഡ്രാഫ്റ്റിലേക്ക് മാറിയതും ഡിസംബർ വരെയുള്ള വായ്പാ പരിധി 1200 കോടിയായി ചുരുങ്ങിയതും മൂലമുള്ള ധനപ്രതിസന്ധി കണക്കിലെടുത്താണിത്. നിലവിൽ 25ലക്ഷം രൂപയായിരുന്നു പരിധി.
നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ബാധകമാക്കി.കൂടാതെ കരാറുകാരുടെ ബിൽ ഡിസ്കൗണ്ട് സിസ്റ്റത്തിനും നിയന്ത്രണം കൊണ്ടു വന്നു.ദുരന്തമുണ്ടായ വയനാട് പുനരധിവാസ പ്രവർത്തനങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ല.
നേരത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ആസൂത്രണ പദ്ധതികൾ വെട്ടിച്ചുരുക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു.അതിന് പിന്നാലെയാണ് ബിൽ മാറിക്കൊടുക്കുന്നതിലെ നിയന്ത്രണം.
5 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾ ധനവകുപ്പിന്റെ അനുമതിയില്ലാതെ മാറിക്കൊടുക്കേണ്ടെന്ന് വ്യക്തമാക്കി ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലാണ് ബിൽ ഡിസ്‌കൗണ്ടിംഗ് സിസ്റ്റത്തിന്റെ പരിധിയും കുറച്ചത്.
നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കും
ട്രഷറി നിയന്ത്രണങ്ങൾ സംസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയരുന്നു.കരാറുകാർക്ക് അവരുടെ ബില്ലിമേലുള്ള തുക ബാങ്കുകൾ,ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ഉടനടി ലഭ്യമാക്കാമായിരുന്നതാണ് ബിൽ ഡിസ്കൗണ്ടിന്റെ നേട്ടം. ഇതിന്റെ പലിശ നിശ്ചയിക്കുന്നത് അതാത് ബാങ്കുകളാണ്. പലിശയുടെ പകുതി (പരമാവധി 5 %) സർക്കാർ വഹിക്കും. ബാക്കി കരാറുകാരും വഹിക്കണം. കരാറുകാർ ആവശ്യപ്പെടുന്ന മുറയ്ക്ക് എല്ലാ ബില്ലുകളും ബി.ഡി.എസിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ പരിധിയാണ് 5 ലക്ഷമാക്കി കുറച്ചത്.
ഒരു ഓട പണിയണമെങ്കിൽ പോലും 5 ലക്ഷം രൂപക്ക് മുകളിൽ വേണമെന്നിരിക്കെ ഇതിന്റെ ബില്ല് പോലും മാറാൻ ബിൽ ഡിസ്കൗണ്ടിനെയാണ് കരാറുകാർ ആശ്രയിച്ചിരുന്നത്. പൊതുമരാമത്ത്, ജലസേചനം തുടങ്ങിയ വകുപ്പുകളിൽ നടപ്പിലാക്കിയിരുന്ന ബിൽ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം 2019 ഒക്ടോബർ മുതലാണ് തദ്ദേശ സ്ഥാപനങ്ങളിലെ കരാറുകാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകിയത്.
തദ്ദേശ സ്ഥാപനങ്ങളും പ്രതിസന്ധിയിൽ
പുതിയ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനവും പ്രതിസന്ധിയിലാവും. നിലവിലുള്ള കരാറുകാർക്ക് ചെയ്ത പ്രവൃത്തിയുടെ പണം കിട്ടാതെ വരുന്നതിനോടൊപ്പം പുതിയ പ്രവൃത്തികളിൽ ഏർപ്പെടാൻ കരാറുകാർ വൈമുഖ്യം പ്രകടിപ്പിക്കുമെന്നതാണ് പ്രശ്നം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |