'ജീവനക്കാരുടെ മാനസികസ്വാസ്ഥ്യം നിലനിറുത്തുന്ന ഉത്പാദനക്ഷമതയാണ് സ്ഥാപനങ്ങൾക്ക് അഭികാമ്യം. അതാണ് മാതൃകാപരവും. മറിച്ചാകുമ്പോൾ ജീവനക്കാരുടെ മനസ്സിന്റെ താളം തെറ്റും". -അന്ന സെബാസ്റ്റ്യന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖ മനോരോഗ ചികിത്സാവിദഗ്ദ്ധൻ ഡോ. സി.ജെ. ജോൺ നടത്തുന്ന വിശകലനം
ഒരു 40 വോൾട്ട് ബൾബിൽ 300 വോൾട്ട് കയറ്റി വിട്ടാൽ എങ്ങനെയുണ്ടാകും? നല്ല തിളക്കമുണ്ടാകും. പക്ഷേ എപ്പോൾ ഫ്യൂസാകുമെന്ന് പറയനാകില്ല. ഇപ്പോഴത്തെ തൊഴിൽ സംസ്കാരത്തെ സൂചിപ്പിക്കാനാണിതു പറഞ്ഞത്. പല സ്ഥാപനങ്ങളും ജീവനക്കാരെ പരമാവധി പണിയെടുപ്പിച്ച് ഉത്പാദനക്ഷമത കൂട്ടാനാണ് ശ്രമിക്കുന്നത്. ചിലർ മനോസംഘർഷം താങ്ങാനാകാതെ പണിനിറുത്തിപ്പോകും. മറ്റു ചിലർ ജോലി ചെയ്ത് കത്തിത്തീരും. ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയിലെ യുവ ഉദ്യോഗസ്ഥ അന്ന സെബാസ്റ്റ്യൻ അമിത ജോലി സമ്മർദ്ദം കൊണ്ട് കുഴഞ്ഞുവീണുമരിച്ചെന്ന വാർത്തയെ ഇതോടു ചേർത്തുവായിക്കണം.
പറ്റുന്നകാലം നന്നായി പണിയെടുത്ത് പരമാവധി കാശുണ്ടാക്കുകയെന്നാകും ജോലിയിൽ കയറുമ്പോൾ കിട്ടുന്ന ഉപദേശം. മിഡിൽ മാനേജർമാരെയടക്കം അങ്ങനെ ചെയ്യിപ്പിക്കാനാണ് പാകപ്പെടുത്തുന്നത്. അതാണ് ശരിയെന്ന നിലയിൽ ഈ തൊഴിൽ രീതിക്ക് കീഴ്പ്പെടുന്ന ഒരു ജനറേഷനുണ്ട്. കുറച്ചുകൂടി സമ്മർദ്ദം കുറഞ്ഞ,കഴിവുകൾ കൂടുതൽ പ്രകാശിക്കപ്പെടുന്ന ജോലിയിലേക്ക് മാറിക്കൂടെ എന്നുചോദിച്ചാൽ പലരും അത് കേൾക്കാൻ കൂടി തയ്യാറാകാത്ത വിധത്തിൽ,ഇതാണ് തൊഴിൽ സംസ്കാരമെന്നത് അവരുടെ മനസിലേക്ക് വിന്യസിക്കപ്പെടുന്നുണ്ട്.
ജീവനക്കാരുടെ മാനസികസ്വാസ്ഥ്യം നിലനിറുത്തുന്ന ഉത്പാദനക്ഷമതയാണ് സ്ഥാപനങ്ങൾക്ക് അഭികാമ്യം. അതാണ് മാതൃകാപരവും. മറിച്ചാകുമ്പോൾ ജീവനക്കാരുടെ മനസ്സിനു താളം തെറ്റും. പക്ഷേ വെൽ ബീയിംഗിൽ അല്ല,പ്രൊഡക്ടിവിറ്റിയിലാണ് ഫോക്കസ്. ഐ.ടിയിൽ മാത്രമല്ല മാർക്കറ്റിംഗ് രംഗത്തടക്കം ഈ ചിന്തയുണ്ട്. 'ടാർഗറ്റ് ഓറിയന്റഡ്" തൊഴിൽ സംസ്കാരമാണ് മാനസികസ്വാസ്ഥ്യം കെടുത്തുന്നത്. കിട്ടുന്ന അവധിദിനങ്ങളിൽ ചിലർ ലഹരിയെ കൂട്ടുപിടിച്ച് പരമാവധി ഉല്ലസിക്കാൻ ശ്രമിക്കുന്നു. രണ്ടും കൂടിയാകുമ്പോൾ നേരത്തേ പറഞ്ഞതുപോലെ 40 വോൾട്ട് ബൾബിൽ 300 വോൾട്ട് ഓടിക്കുന്നതുപോലെയാകും. അത്തരമൊരു സ്ട്രസ് വരുമ്പോൾ ഉറക്കക്കുറവ്,സമയത്ത് ഭക്ഷണം കഴിക്കാതിരിക്കൽ,രോഗപ്രതിരോധ ശേഷി കുറയൽ,രക്താതിസമ്മർദ്ദം,ശരീരവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും സംഭവിക്കുന്നു. ഇത്തരം നിരവധി കേസുകൾ ഡോക്ടർമാർക്കു മുൻപിലുണ്ട്. എന്നാൽ അന്നയെപ്പോലെ വിശ്രമമറിയാതെ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നവർ സൗഹൃദത്തിനു മാത്രമല്ല,വീട്ടിൽ പോകാൻ പോലും സമയം കിട്ടാതെ വലയുന്ന അവസ്ഥയിലുമാണ്.
ഒരാൾ പോയ ഒഴിവിലേക്ക് ഒട്ടേറെ പേർ ജോലി തേടി വരുമെന്ന ധൈര്യം കമ്പനികൾക്കുണ്ട്. അതിനാൽ ഈ ശൈലി തുടരുന്നു. ജീവനക്കാരുടെ മാനസികനിലയും ജീവിതവീക്ഷണവും തൊഴിൽ വീക്ഷണവുമെല്ലാം മാറ്റിമറിക്കപ്പെടുകയാണ്. അതിന് അവർ നിന്നുകൊടുക്കുന്നു എന്നതും പ്രശ്നമാണ്. ലക്ഷ്യം ഉത്പാദനക്ഷമതയായിരിക്കാം. പക്ഷേ എത്രനാൾ നിന്നു കത്തും? അന്നയുടെ ജീവത്യാഗവും അമ്മയുടെ കത്തും മാനസികസ്വാസ്ഥ്യം നിലനിറുത്തിയുള്ള ഉത്പാദനക്ഷമത എന്ന തത്വത്തിലേക്ക് ഒരു വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കാം.
(ലേഖകൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടറാണ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |