കൊല്ലം: തിരുവോണ ദിവസം പ്ലസ്ടു വിദ്യാർത്ഥികളെ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതികൾ ഇന്നലെ കോടതിയിൽ കീഴടങ്ങി. മയ്യനാട് മുക്കം സ്വദേശി സെയ്‌ദലി, മയ്യനാട് വെള്ളമണൽ സ്വദേശി അജയ് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും റിമാൻഡ് ചെയ്‌തു.
വാളത്തുംഗൽ ചകിരിക്കട സ്വദേശി മുഹമ്മദ് ഷീസ് (17), മയ്യനാട് വെള്ളമണൽ ബൈയ്‌ത്തനൂർ വീട്ടിൽ മുഹമ്മദ് ജസീർ (17) എന്നിവരാണ് ഗുരുതരാവസ്ഥയിൽ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വയറിനേറ്റ ഒറ്റ കുത്തിൽ കുടൽ മുറിഞ്ഞ മുഹമ്മദ് ജസീർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. മുഹമ്മദ് ഷീസിന് വയറിനും നെഞ്ചിനും കുത്തേറ്റു.
മുഹമ്മദ് ജസീറിന്റെ വീട്ടിലെത്തിയതായിരുന്നു മുഹമ്മദ് ഷീസ്.അവിടെയുണ്ടായ തർക്കത്തിൽ ഇരുവരും ഇടപെട്ടെങ്കിലും മുതിർന്നവർ പ്രശ്‌നം പരിഹരിച്ച ശേഷം സംഭവ സ്ഥലത്ത് താക്കോൽ തപ്പിയിറങ്ങിയ വിദ്യാർത്ഥികളെ ലെവൽ ക്രോസിന് സമീപം വച്ച് 15 ഓളം വരുന്ന സംഘം വളഞ്ഞുവച്ചു മർദ്ദിച്ച ശേഷം കുത്തി വീഴ്‌ത്തുകയായിരുന്നു. പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങൾ വിലസുകയാണെന്നും ഇരവിപുരം പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |