ഹരിപ്പാട്: മകളുടെ വിവാഹഒരുക്കങ്ങൾക്കായി വിദേശത്തു നിന്ന് നാട്ടിലെത്തിയ പിതാവിനും കൂട്ടിക്കൊണ്ടു പോകാനെത്തിയ പ്രതിശ്രുതവധുവിനും വാഹനാപകടത്തിൽ ദാരുണാന്ത്യം. വള്ളികുന്നം കാമ്പിശ്ശേരി വെങ്ങാലേത്ത് വിളയിൽ അബ്ദുൾ സത്താർ (49), മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ദേശീയപാതയിൽ കെ.വി ജെട്ടി ജംഗ്ഷന് സമീപം അബ്ദുൾ സത്താറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ വഴിയരികിൽ നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു സംഭവം.
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സത്താറിന്റെ ഭാര്യ ഹസീന, മറ്റ് മക്കളായ ഹർഷിദ്, അൽഫിദ, കാർ ഓടിച്ചിരുന്ന ഭാര്യാസഹോദരൻ അജീബ് എന്നിവർക്ക് പരിക്കേറ്റു. ആലിയ സംഭവസ്ഥലത്തും ഗുരുതരപരിക്കേറ്റ സത്താർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.അബ്ദുൾ സത്താർ വർഷങ്ങളായി സൗദിയിൽ ജോലിനോക്കുകയാണ്. ബിരുദ വിദ്യാർത്ഥിയായ ആലിയയുടെ വിവാഹം തേവലക്കര സ്വദേശിയുമായി ഉറപ്പിച്ചിരുന്നു. സത്താറിന്റെയും ആലിയയുടെയും കബറടക്കം കാഞ്ഞിപ്പുഴ കിഴക്ക് പള്ളിക്കുറ്റി ജമാഅത്തിൽ നടന്നു. ഹരിപ്പാട് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |