ന്യൂയോർക്ക്: കാഴ്ച ഇല്ലാത്തവർക്ക് കാഴ്ച നൽകുന്നതിന് ശതകോടീശ്വരൻ ഇലോൺ മസ്‌ക് ആവിഷ്കരിച്ച 'ബ്ലൈൻഡ് സൈറ്റ്' എന്ന വിഷൻ ചിപ്പിന്റെ നിർമ്മാണത്തിന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്.ഡി.എ) അനുമതി. മസ്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മസ്കിന്റെ ന്യൂറാലിങ്ക് കമ്പനിയാണ് ചിപ്പ് നിർമ്മിക്കുന്നത്. മാർച്ചിലാണ് ബ്ലൈൻഡ് സൈറ്റ് പദ്ധതി മസ്ക് പ്രഖ്യാപിച്ചത്.
ഒപ്റ്റിക് നാഡി തകരാറിലായി കാഴ്ച നഷ്ടപ്പെട്ടവർക്ക് കണ്ണടയ്ക്ക് സമാനമായ ബ്ലൈൻഡ് സൈറ്റ് ഉപകരണം വഴി കാഴ്ച സാദ്ധ്യമായേക്കുമെന്നാണ് പ്രതീക്ഷ. തലച്ചോറിലെ വിഷ്വൽ കോർട്ടക്‌സിന് തകരാറില്ലെങ്കിൽ ജന്മനാ അന്ധരായവർക്കും ബ്ലൈൻഡ് സൈറ്റിലൂടെ കാഴ്ച തിരിച്ചറിഞ്ഞേക്കാം. വിഷ്വൽ കോർട്ടക്‌സിൽ ചെറു ചിപ്പുകൾ സ്ഥാപിച്ച് ബ്ലൈൻഡ് സൈറ്റുമായി ബന്ധിപ്പിക്കും.
ബ്ലൈൻഡ് സൈറ്റിലെ ക്യാമറകൾ പകർത്തുന്ന പാറ്റേണുകൾ ചിപ്പുകളുമായി സംയോജിപ്പിച്ച് കാഴ്ച സാദ്ധ്യമാക്കുകയാണ് ലക്ഷ്യം. ബ്ലൈൻഡ് സൈറ്റിന്റെ പരീക്ഷണം എന്ന് തുടങ്ങുമെന്ന് വ്യക്തമല്ല. മനുഷ്യന്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മിൽ ആശയവിനിമയം സാദ്ധ്യമാക്കുന്ന ടെലിപ്പതി ചിപ്പിന് പിന്നാലെയാണ് ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാവുന്ന ന്യൂറാലിങ്കിന്റെ പുതിയ പ്രഖ്യാപനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |