ബാങ്കോക്ക്: ഭീമൻ പെരുമ്പാമ്പ് വിഴുങ്ങാൻ ശ്രമിച്ച 64കാരിയെ നീണ്ടപരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. തായ്‌ലൻഡിലെ ബാങ്കോക്ക് സ്വദേശിയായ അരോം എന്ന സ്ത്രീയാണ് രണ്ട് മണിക്കൂറോളം നേരം പെരുമ്പാമ്പിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. അരോം തന്റെ വീട്ടിലെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ തന്റെ തുടയിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് നിലത്തേക്ക് നോക്കിയത്. അപ്പോഴാണ് പെരുമ്പാമ്പ് തന്നെ ചുറ്റിവളയുന്നതാണെന്ന് മനസിലായതെന്ന് അരോം മാദ്ധ്യമങ്ങളോട് പറഞ്ഞു. 'പാമ്പിന് ഏകദേശം 13 മുതൽ 16 അടി വരെ നീളമുണ്ടായിരുന്നു . അത് തന്നെ കടിച്ചതോടെ ക്ഷീണിതയായി നിലത്തിരിക്കേണ്ടി വന്നു. അതോടെ പാമ്പ് പൂർണമായും തന്നെ വളയുകയായിരുന്നു'-സ്ത്രീ പറഞ്ഞു.
പാമ്പിൽ നിന്ന് രക്ഷപ്പെടാൻ അരോം ശ്രമിച്ചെങ്കിലും നടന്നില്ല. രക്ഷപ്പെടാൻ ശ്രമിക്കും തോറും പെരുമ്പാമ്പ് തന്നെ ശക്തമായി വരിഞ്ഞുമുറുകുകയായിരുന്നുവെന്ന് സ്ത്രീ വ്യക്തമാക്കി. ഒടുവിൽ ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. അരോമിനെ പാമ്പ് പൂർണമായും വളഞ്ഞത് കണ്ട് അതിശയിച്ച് പോയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് കൂടുതൽ ആളുകളെത്തി ഇരുമ്പ് പാരയുപയോഗിച്ച് പാമ്പിന്റെ തലയിൽ ശക്തമായി അടിച്ചതിനുശേഷമാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. അടിയേറ്റ പാമ്പ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അരോമിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |