SignIn
Kerala Kaumudi Online
Friday, 27 September 2024 5.45 AM IST

മെഡിട്രിന ഗ്രൂപ്പ് ഒഫ് ഹോസ്‌പിറ്റൽസ് സി.എം.ഡി ഡോ. എൻ. പ്രതാപ്കുമാർ ........................................................................................................................................... പകരമില്ലാത്ത ഹൃദയപ്രതാപം

Increase Font Size Decrease Font Size Print Page
prathap

മെഡിസിൻ പഠിച്ചിറങ്ങിയ ഭൂരിഭാഗം പേരും തരക്കേടില്ലാത്ത ശമ്പളം കിട്ടുന്ന ഏതെങ്കിലും ആശുപത്രിയിൽ കയറി ജീവിതം 'സെറ്റിൽ" ചെയ്യാൻ ആഗ്രഹിക്കുന്ന കാലം. ഇടയ്ക്കു കിട്ടുന്ന അവധികൾ, കുടുംബത്തിന്റെ സുരക്ഷിതത്വം, കുട്ടികളുടെ ഭാവി... ഇവയ്ക്കപ്പുറമുള്ള ലോകത്തെക്കുറിച്ച് ചിന്തിച്ചവർ ചുരുക്കം. സ്വർഗമെന്ന് കരുതപ്പെട്ടിരുന്ന 'കംഫർട്ട് സോണിൽ" നിന്ന് പുറത്തുചാടാൻ അന്നൊരു യുവ കാർഡിയോളജിസ്റ്റ് തീരുമാനിച്ചു!

ഒരിടത്തും രണ്ടാമനാവില്ലെന്ന വാശിയായിരുന്നു ഊർജ്ജം. വെല്ലുവിളികളെ അവസരങ്ങളാക്കാൻ കഠിനപ്രയത്നം നടത്തി. പിന്നീട് സംഭവിച്ചത് ചരിത്രം. രോഗികൾ പറയും: 'പ്രതാപ് ഡോക്ടർ കൈവച്ചാൽ പിന്നെ പേടിക്കണ്ട...!" ആ വിശ്വാസം ലോകപ്രസിദ്ധിയാർജ്ജിച്ചു. രാജ്യത്ത് ഏറ്റവും വൈദഗ്ദ്ധ്യത്തോടെ, ഏറ്റവുമധികം ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന, തൊട്ടതെല്ലാം പൊന്നാക്കിയ മെഡിട്രിന ഹോസ്പിറ്റൽ ചെയർമാനും മാനേജിംഗ് ഡയറക്ടറും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. എൻ. പ്രതാപ് കുമാറിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. 'റിസ്ക് എടുത്തവരേ വിജയിച്ചിട്ടുള്ളു" എന്നതാണ് പ്രതാപിന്റെ വിജയരഹസ്യം.


അക്കാലത്ത് ഭേദപ്പെട്ട നിലയിൽ പഠിക്കുന്നൊരാൾ എൻജിനിയറിംഗ് അല്ലെങ്കിൽ മെഡിസിനാവും തിരഞ്ഞെടുക്കുന്നത്. കുടുംബത്തിൽ എല്ലാവർക്കും മെഡിസിൻ തിരഞ്ഞെടുക്കുന്നതായിരുന്നു ഇഷ്ടം. കണക്കിൽ മിടുക്കനായിരുന്നു പ്രതാപ്. പത്ര ഏജന്റായ അച്ഛനും കുടുംബത്തിനും താങ്ങാവാനായിരുന്നു എം.ബി.ബി.എസ് കഴിഞ്ഞപ്പോൾ ആഗ്രഹം. എം.ഡിയെടുത്ത ശേഷവും കാർഡിയോളജിസ്റ്റാവാൻ ആഗ്രഹിച്ചിരുന്നില്ല. ഏറ്റവുമധികം കാർഡിയാക്ക് ബെഡുള്ള ലോകത്തെ രണ്ടാമത്തെ ആശുപത്രിയായ അഹമ്മദാബാദിലെ ബി.ജെ മെഡിക്കൽ കോളേജിലായിരുന്നു പഠനം. മോഹിച്ചിരുന്നത് പീഡിയാട്രിക്‌സ് ആയിരുന്നെങ്കിലും കിട്ടാക്കനിയെന്നു കരുതിയ കാ‌ർഡിയോളജി ലഭിച്ചത് തലവര മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അക്കാലത്ത് കാത്ത്‌ ലാബ് ഇല്ലായിരുന്നു. നാലുമാസം മദ്രാസിൽ പരിശീലനത്തിനു പോയെങ്കിലും ഒന്നും പഠിച്ചില്ല. ഒരിക്കലും ആൻജിയോപ്ലാസ്റ്റി ചെയ്യാനാവില്ലെന്നാണ് അന്നു കരുതിയത്.


വഴി മാറ്റിയ

അപരിചിത

ഏതു വിധേനയും ആൻജിയോപ്ലാസ്റ്റി വശത്താക്കാൻ പ്രതാപ് തീരുമാനിച്ചു. മുട്ടാത്ത വാതിലുകളില്ല. നാസിക്കിൽ വച്ച് ഡോക്ടറായ പല്ലവിയെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. പല്ലവിയുടെ ഭർത്താവ് ഇറ്റലിയിൽ കാർഡിയോളജിസ്റ്റായിരുന്നു. അദ്ദേഹം വഴി ഇറ്റലിയിൽ പ്രതിഫലത്തോടു കൂടിയല്ലാത്ത ഫെലോഷിപ്പിന് അവസരമൊരുങ്ങി. പക്ഷെ, ചെലവിന് വഴി വേണ്ടേ? അതായിരുന്നു ആദ്യത്തെ വെല്ലുവിളി. 120 ആശുപത്രികളിൽ ഫെലോഷിപ്പിന് അയച്ചതിൽ രണ്ടെണ്ണം മാത്രം ലഭിച്ച സമയത്ത് പതറാത്ത പ്രതാപനുണ്ടോ കുലുങ്ങുന്നു?പ്രതീക്ഷയോടെ ഇറ്റലിക്കടമ്പ കടക്കാൻ വഴികൾ തിരഞ്ഞു. എസ്.ബി.ഐയിൽ നിന്ന് ലോൺ ലഭിച്ചതോടെ ശുക്രനുദിച്ചു. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.


വേറിട്ട

ചിന്തകൾ

കാലിക്കറ്റ് മെഡിക്കൽ കോളേജിൽ ലക്ചററായി നിയമനം ലഭിച്ചിരുന്നു. അന്നതിൽ തുടർന്നിരുന്നെങ്കിൽ ഏതെങ്കിലും മെഡിക്കൽ കോളേജിൽ എച്ച്.ഒ.ഡി ആകുമായിരുന്നു. പക്ഷെ, മെഡിക്കൽ കോളേജിൽ ഒന്നാമനാവാൻ 60 വയസുവരെ കാത്തിരിക്കണമായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനും പരിമിതികളുണ്ട്. വളർച്ചയിൽ പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്. ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ചികിത്സ കൊടുക്കാനുമാവില്ല.

അന്ന് കൊല്ലം ബെൻസിഗർ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റി വിഭാഗമില്ല. രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് റഫർ ചെയ്യണം. പ്രതാപ് ചുമതലയേറ്റ് രണ്ടുവർഷം കൊണ്ട് ബെൻസിഗറിനെ കൊല്ലത്തെ ഏറ്റവും മികച്ച ആശുപത്രിയാക്കി. അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ, മുൻ മന്ത്രി ബേബി ജോൺ എന്നിവർ ചികിത്സയ്ക്കായി ബെൻസിഗർ ആശുപത്രി തിരഞ്ഞെടുത്തത് ഡോ. പ്രതാപിന്റെ ചികിത്സാ വൈദഗ്ദ്ധ്യം കൊണ്ടായിരുന്നു. ഇടയ്ക്ക് കൊച്ചി മെഡിക്കൽ ട്രസ്റ്റിൽ സേവനമനുഷ്ഠിക്കാനായി. അവിടെ വച്ച് ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി എബ്രഹാം എന്ന ഹരിപ്പാട്ടുകാരനെ മാനസികവും ശാരീരികവുമായി തയ്യാറെടുപ്പിച്ചു. അദ്ദേഹത്തെ ശസ്ത്രക്രിയയിലേക്ക് തിരിച്ചുവിടാനും ഡോ. പ്രതാപിനു കഴിഞ്ഞു. രോഗികൾക്ക് ജീവിക്കാനുള്ള പ്രതീക്ഷയും നൽകി.


ധാക്ക തന്ന

അവസരം

പ്രശാന്ത് എന്നൊരു അനസ്തെറ്റിസ്റ്റാണ് ബംഗ്ളാദേശിലെ ധാക്കയിൽ കാത്ത്‌ ലാബ് തുടങ്ങുന്ന അവസരത്തെക്കുറിച്ച് പറയുന്നത്. കേരളത്തിന്റെ ജനസംഖ്യ അന്ന് മൂന്നുകോടിയും ബംഗ്ലാദേശിന്റേത് 19 കോടിയുമായിരുന്നു. അതിൽ 20 ശതമാനം അതിസമ്പന്നരാണ്. രണ്ടു സർക്കാർ ആശുപത്രികളിൽ മാത്രമേ കാത്ത്‌ ലാബുണ്ടായിരുന്നുള്ളൂ. സ്വകാര്യ ആശുപത്രിയിലെ കാർഡിയാക്ക് മേധാവിയായാണ് പ്രതാപ് പോകുന്നത്. മറ്റുള്ളവർ ചെറിയ രാജ്യമെന്നു കരുതി ഒഴിവാക്കുന്ന ബംഗ്ളാദേശിലെ ധാക്കയിൽ കാത്ത്‌ ലാബ് അടക്കം എല്ലാ സൗകര്യവുമുള്ളതിനാൽ വലിയൊരവസരം പ്രതാപ് മുന്നിൽക്കണ്ടു. ധാക്കയിലെ നാലുകോടി രോഗികളെ ചികിത്സിക്കുന്നത് കർമ്മനിരതനായ ഡോക്ടർക്ക് പ്രതീക്ഷ നൽകി.


അവിടെ ആദ്യമായി പ്രൈമറി ആൻജിയോപ്ലാസ്റ്റി (ഹൃദയാഘാതത്തിനുള്ള ആൻജിയോപ്ലാസ്റ്റി) ചെയ്യുന്നതും സങ്കീർണമായ ആൻജിയോപ്ലാസ്റ്റിക്ക് തുടക്കം കുറിച്ചതും ഡോ. പ്രതാപാണ്. ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രിമാരായ ബീഗം ഖാലിദ, ഷേക്ക് ഹസീന എന്നിവരുമായി നല്ല ബന്ധം പുലർത്തി. ആറുമാസത്തിൽ ധാക്കയിൽ വലിയ മാറ്റമുണ്ടാക്കി.


കാട്ടിനുള്ളിലെ

പരിയാരം

പരിയാരം മെഡിക്കൽ കോളേജിൽ കാത്ത്‌ ലാബ് ഇല്ലാതിരുന്ന കാലം. വലിയൊരു കാട്ടിനുള്ളിൽ പരിയാരം ആർക്കും വേണ്ടാതെ നിലകൊണ്ടു. പക്ഷെ പ്രതാപ് കാലെടുത്തു വച്ചതോടെ മൂന്നുമാസത്തിനകം ഏറ്റവുമധികം ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന രണ്ടാമത്തെ സ്ഥാപനമായി പരിയാരം മാറി. വ്യക്തിഗതമായി ഏറ്റവുമധികം ബലൂൺ ശസ്ത്രക്രിയകൾ ചെയ്തു. നാലോളം ഹൃദ്രോഗ വിദഗ്ദ്ധരെ കൂടെ നിറുത്താനും അവരുടെ ചികിത്സാ നൈപുണ്യ വികസനത്തിൽ സഹായിക്കാനും ഡോ. പ്രതാപിന് സാധിച്ചു. ഇതിനിടയിലാണ് മണിപ്പാലിൽ അവസരം ലഭിക്കുന്നത്. അവിടുത്തെ സി.ഇ.ഒ ബേസിൽ എങ്ങനെയോ പരിയാരത്തെ മിടുക്കൻ പയ്യനെക്കുറിച്ചറിഞ്ഞു. അവസാനമാസം ലഭിച്ച ശമ്പളം എത്രയെന്നു തിരക്കി. ഭാഗ്യത്തിന് നാലുവർഷത്തിനിടയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന ശമ്പളം ആ മാസമായിരുന്നു. അതിന്റെ ഇരട്ടി ശമ്പളം നൽകി ബംഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിൽ എച്ച്.ഒ.ഡിയായി നിയമിച്ചു. അവിടെ ഒൻപത് വിദഗ്ദ്ധർ ചെയ്തിരുന്നതിന്റെ ഇരട്ടി ശസ്ത്രക്രിയകൾ ചെയ്ത് പ്രതാപ് ചരിത്രം രചിച്ചു.


തലസ്ഥാനത്തേക്ക്

ഭാര്യയും മെഡിട്രിന ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. മഞ്ജു പ്രതാപിന്റെ നിർബന്ധം മൂലമാണ് തിരുവനന്തപുരത്തെത്തുന്നത്. അന്നിവിടെ പി.ആർ.എസിൽ മാത്രം കാത്ത്‌ ലാബില്ല. പി.ആർ.എസ് സി.ഇ.ഒ ആയിരുന്ന മുരുകനെ സന്ദർശിച്ച് ലാബ് തുടങ്ങാൻ സമ്മതിപ്പിച്ചു. മണിപ്പാലിൽ രാജിക്കത്തു നൽകി തലസ്ഥാനത്തേക്ക് വണ്ടികയറാൻ നിന്നപ്പോഴാണ് അദ്ദേഹം വിളിച്ച് പദ്ധതി ഉപേക്ഷിക്കുന്നതായി പറഞ്ഞത്. മറ്റാരാണെങ്കിലും തക‌ർന്നുപോയേനെ. പക്ഷെ താൻ സ്വന്തമായി ലാബ് തുടങ്ങാമെന്നും സ്ഥലം മാത്രം തന്നാൽ മതിയെന്നും പ്രതാപ് പറഞ്ഞതോടെ അദ്ദേഹം തന്നെ കാത്ത്‌ലാബ് തുടങ്ങി. അതിനു കാരണമായത് പ്രതാപ് പകർന്നു നൽകിയ ആത്മവിശ്വാസം മാത്രമായിരുന്നു.


കഴിവിലുള്ള

വിശ്വാസം

തന്റെ കഴിവിൽ പ്രതാപിന് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. ഭൂമിയും കെട്ടിടവുമില്ലാത്തതായിരുന്നു പ്രശ്നം. ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയെക്കുറിച്ച് അറിയുന്നത് അക്കാലത്താണ്. ഒരുദിവസം പുലർച്ചെ ആരുമറിയാതെ അവിടേക്ക് പുറപ്പെട്ടു. അവിടെ കാത്ത്‌ ലാബ് തുടങ്ങുന്ന പദ്ധതി നടക്കില്ലെന്നു പറഞ്ഞ് അധികൃതർ ഒഴി‌ഞ്ഞെങ്കിലും ക്ഷമയോടെ പ്രതാപ് കാത്തിരുന്നു. ആറുമാസം കഴിഞ്ഞ് അവിടുത്തെ വിസിറ്റിംഗ് കാർഡിയോളജിസ്റ്റ്, നെഞ്ചുവേദനയുമായി ചെന്ന ഒരു കന്യാസ്ത്രീയെ ചികിത്സിക്കാതെ പറഞ്ഞുവിട്ടു. ഇതോടെ എങ്ങനെയെങ്കിലും കാർഡിയോളജിസ്റ്റിനെ നിയമിക്കാനും കാത്ത്‌ ലാബ് സജ്ജീകരിക്കാനും അവർ തീരുമാനിച്ചു. 2009 ഡിസംബറിൽ അങ്ങനെ മെഡിട്രിന എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. ഇടുക്കി തൊടുപുഴയിൽ ആദ്യമായി കാർഡിയാക്ക് ലാബ് കൊണ്ടുവന്നതും പ്രതാപാണ്. എന്നാൽ സ്ഥാപനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോൾത്തന്നെ, നടത്തിപ്പുകാരുടെ ചില ഇടപെടലുകൾ കാരണം തുടർന്നു പോകാൻ ബുദ്ധിമുട്ടുണ്ടായതിനാൽ ആ സ്ഥാപനങ്ങൾ ഒഴിഞ്ഞു പോകേണ്ടി വന്നു.


ഇ.എസ്.ഐയ്ക്ക്

ഉണർവ്

സാധാരണക്കാരിൽ ചികിത്സ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതാപ് കൊല്ലം ഇ.എസ്.ഐ ആശുപത്രിയുമായി ബന്ധപ്പെടുന്നത്. ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ആദ്യ കാർഡിയോളജി സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർ പ്രതാപായിരുന്നു. ആഴ്ചയിൽ ഒരുവട്ടം മൂന്നുമണിക്കൂർ പോയാൽ മതിയായിരുന്നു. പ്രൈവറ്റ് ആശുപത്രികളുമായി എംപാനൽ ചെയ്യുന്ന ആശയം അവിടുത്തെ സൂപ്രണ്ടിനോടു പറഞ്ഞത് പ്രതാപാണ്. രോഗികളെ എന്തിന് മറ്റ് ആശുപത്രികളിലേയ്ക്ക് റഫർ ചെയ്യുന്നു എന്നാണ് പ്രതാപ് ചിന്തിച്ചത്.

എന്നാൽ, കാത്ത്‌ലാബ് തുടങ്ങുന്ന പദ്ധതി പരാജയപ്പെട്ടു. അത് ചെയ്യുന്നത് സർക്കാർ അംഗീകൃത ഏജൻസിയായ എൽ ആൻ‌ഡ് ടിയായിരുന്നു. കാത്ത്‌ലാബിനായി എൽ ആൻഡ് ടി നിശ്ചയിച്ചത് ഒൻപത്കോടിയായിരുന്നു. ആറുകോടിയിൽ കാത്ത്‌ലാബ് പൂർത്തീകരിക്കാമെന്ന് മെഡിക്കൽ സൂപ്രണ്ട് ചൗഹാന് പ്രതാപ് ഉറപ്പുനൽകി. എന്നാൽ, ഇത് നിയമവിരുദ്ധമാണെന്ന് ആക്ഷേപമുയർന്നു. ചൗഹാൻ മെഡിക്കൽ കമ്മിഷണർ ആയപ്പോൾ പി.പി.പി മോഡലിൽ ഇതിനായി ശ്രമിച്ചു. അങ്ങനെയാണ് ഇ.എസ്.ഐയിൽ കാർഡിയാക്ക് സെന്റർ തുടങ്ങുന്നത്.

11 വർഷം കൊണ്ട് അയ്യായിരത്തിനു മുകളിൽ ആൻജിയോപ്ലാസ്റ്റി ചെയ്യാനും രണ്ടു ലക്ഷത്തോളം പേരെ ചികിത്സിക്കാനും സാധിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് ഇ.എസ്.ഐ സൗകര്യത്തെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ കാർഡിയോളജി വിഭാഗത്തെ ഇല്ലാതാക്കിയതോടെ, ഒരു സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗവും പ്രവർത്തിക്കാത്ത ആശുപത്രിയായി ഇ.എസ്.ഐ ആശുപത്രി മാറിയെന്നും അതിന് ഇപ്പോഴത്തെ സൂപ്രണ്ട് കാരണക്കാരനായെന്നും പ്രതാപ് പറയുന്നു. ഇതിനെതിരെ ചെറുവിരലനക്കാൻ പോലും ജനങ്ങളോ, രാഷ്ട്രീയ സംവിധാനങ്ങളോ തയ്യാറായില്ലെന്നും ദുഃഖത്തോടെ പ്രതാപ് ഓർത്തെടുക്കുന്നു.


ദ്വീപുകളുടെ

നാട്ടിലേക്ക്

2014-ൽ മാലിദ്വീപിലെ കൗൺസിലർ നെഞ്ചുവേദനയുമായി തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ആശുപത്രിയിലെത്തി. സാധാരണയുള്ളതിന്റെ ഇരട്ടിത്തുകയാണ് ആൻജിയോഗ്രാമിന് അയാളിൽ നിന്ന് ചാർജ് ചെയ്തത്. അന്ന് പ്രതാപ് ചങ്ങനാശേരിയിൽ ചികിത്സിക്കാൻ പോയിരിക്കുകയായിരുന്നു. പ്രതാപിനെക്കുറിച്ചറിഞ്ഞ കൗൺസിലർ ഓടിപ്പാഞ്ഞ് ചങ്ങനാശേരിയിലെത്തി. 9000 രൂപയ്ക്ക് പ്രതാപ് ആൻജിയോഗ്രാം ചെയ്തുകൊടുത്തു. മൂന്നരലക്ഷം പേരുള്ള മാലിയിൽ കാത്ത്‌ലാബ് ഒരുക്കാമോ എന്ന് അയാൾ ചോദിച്ചു. ആയിരത്തോളം ദ്വീപുകൾ ചേർന്ന മാലിയിൽ മെഷീൻ എത്തിക്കുന്നതുൾപ്പെടെ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു. അന്നത്തെ പ്രസിഡന്റ് അതിനു തയ്യാറായതോടെ കാത്ത്‌ലാബ് തുടങ്ങി. ഏഴുന്നൂറോളം ആൻജിയോപ്ലാസ്റ്റി പ്രതിവർഷം ചെയ്തു. 50 ശതമാനം പേരെ നൂതന സംവിധാനങ്ങളുപയോഗിച്ച് ചികിത്സിച്ചു.

ചങ്ങനാശേരിയിൽ നിന്ന് നാല്പത് ലക്ഷത്തിലേറെ രൂപ കിട്ടാനുണ്ടെന്ന് പ്രതാപ് പറയുന്നു. ഇ.എസ്ഐ കോർപ്പറേഷന് 11 വർഷത്തിൽ 35 കോടിയുടെ ലാഭമുണ്ടാക്കി. ചങ്ങനാശേരിയിലും തൊടുപുഴയിലും കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനത്തിന് ആശുപത്രി അധികൃതർ ബുദ്ധിമുട്ടുണ്ടാക്കിയത് പ്രതാപിനെ സാമ്പത്തിക ഞെരുക്കത്തിലാക്കി. എങ്കിലും അക്കാലത്ത് മികച്ച ഹൃദ്രോഗ ചികിത്സ കടന്നെത്താതിരുന്ന ഇടുക്കി, കോട്ടയം ജില്ലകളിൽ കാത്ത്‌ലാബ് അടക്കമുള്ള ചികിത്സാ സൗകര്യങ്ങൾക്ക് ഡോ. പ്രതാപ് കാരണക്കാരനായി.

അംഗീകാരം

അകലെ

2017-ൽ ഹരിയാനയിൽ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ കാർഡിയാക്ക് സെന്റർ തുടങ്ങാൻ തീരുമാനിച്ചു. സിവിൽ ആശുപത്രികളിൽ ടെൻഡർ വിളിച്ചിരുന്നു. 50,000 രൂപയ്ക്ക് ബലൂൺ ശസ്ത്രക്രിയ ചെയ്യുന്നതിന് ടെൻഡർ പിടിച്ചു. 7000 പേർക്ക് ഒരു വർഷം നാലു ജില്ലാ ആശുപത്രികളിലായി ശസ്ത്രക്രിയ ചെയ്യുന്നതായിരുന്നു ലക്ഷ്യം. ഒരുമാസം ഹരിയാനയിലെ 750 ശസ്ത്രക്രിയകളിൽ 700 എണ്ണവും ചെയ്തത് പ്രതാപിന്റെ സ്ഥാപനമാണ്. നാലുലക്ഷം ജനങ്ങളെ ചികിത്സിച്ചു. 35,000 പേർക്ക് ബലൂൺ ശസ്ത്രക്രിയ ചെയ്തു. സർക്കാരിനും ആശുപത്രിക്കും 380 കോടിയുടെ ലാഭമുണ്ടാക്കി. പക്ഷെ അത് രാഷ്ട്രീയക്കാരും ജനങ്ങളും കണ്ടില്ലെന്നു നടിച്ചു.

അന്ന് സർക്കാർ തരുന്ന തുക കാലാനുസരണം വർദ്ധിപ്പിക്കാൻ കരാറിൽ എഴുതിച്ചേർക്കാത്തത് തെറ്റായിപ്പോയെന്ന് പ്രതാപ് ഓർക്കുന്നു. 2013-ൽ സി.ടി.ഒ ക്ലബ് തുടങ്ങി.ഇന്ത്യയിലെ ബലൂൺ ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സംഘടനയുടെ ചെയർമാനായ ആദ്യ മലയാളി പ്രതാപാണ്. മെഡിട്രിന പ്രവർത്തിക്കുന്ന മൂന്ന് സംസ്ഥാനങ്ങളടക്കം ഇന്ത്യയിലെ പതിനെട്ട് സംസ്ഥാനങ്ങളിലും പതിനേഴോളം വിദേശ രാജ്യങ്ങളിലുമായി നൂറു കണക്കിന് ഹൃദ്രോഗ വിദഗ്ദ്ധർക്ക് പ്രതാപ് പരിശീലനം നൽകുന്നുണ്ട്. ഇതിനൊപ്പം സാധാരണക്കാരിലേക്ക് മികച്ച ഹൃദ്രോഗ ചികിത്സയെത്തിക്കുന്നതും സ്വന്തം പാഷനു വേണ്ടിയാണെന്ന് ഡോ. പ്രതാപ് പറയുമ്പോൾ മറുവാക്കില്ലാതെ ഒന്നു പുഞ്ചിരിക്കാൻ മാത്രമേ സാധിക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MEDISTRINA GROUP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.