SignIn
Kerala Kaumudi Online
Friday, 27 September 2024 5.45 AM IST

കൂടിയാട്ടത്തിന് വാതിൽ തുറന്ന്,​ ഒരു കത്ത്!

Increase Font Size Decrease Font Size Print Page
koodiyattam

കൂത്തും കൂടിയാട്ടവും ഉൾപ്പെടെ അനുഷ്ഠാന കലാരൂപങ്ങൾ ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഒതുങ്ങിയിരുന്ന കാലം. നാട്യകലാ സാർവഭൗമൻ പൈങ്കുളം രാമച്ചാക്യാർക്ക് കൊട്ടാരക്കരയിൽ നിന്ന് ഒരു കത്തു കിട്ടി: ചെറുപൊയ്കയിലെ മുടാപ്പിലാപ്പിള്ളി മഠത്തിൽ ഒരു കൂത്ത് നടത്തണം; പറ്റുമോ?​ എല്ലാ ജാതി,​ മതസ്ഥർക്കും ആസ്വദിക്കാൻ സൗകര്യപ്പെടുമാറ് അനുഷ്ഠാനകലകൾ പൊതുവേദികളിൽ അവതരിപ്പിക്കപ്പെടണമെന്ന് ആഗ്രഹിച്ചിരുന്ന ചാക്യാർക്ക്,​ താൻ ഇച്ഛിച്ച കാര്യം ചോദിച്ചുകൊണ്ടുതന്നെ കത്തു കിട്ടിയപ്പോൾ ആഹ്ളാദം. ചാക്യാർ മടക്കത്തപാലിൽത്തന്നെ മറുപടിയെഴുതി: ആകാം! 1949 സെപ്തംബർ 21-നായിരുന്നു,​ കൂടിയാട്ടത്തിന്റെ ചരിത്രത്തിലാദ്യമായി ക്ഷേത്ര മതിൽക്കെട്ടിനു പുറത്തെ കൂത്ത്! ഇന്നേയ്ക്ക് എഴുപത്തിയഞ്ചു വർഷം മുമ്പ്.

ചെറുപൊയ്ക തെക്കേക്കര ഭട്ടതിരിയുടെ മുടാപ്പിലാപ്പിള്ളി മഠത്തിൽ കുടുംബാംഗങ്ങളെയും ഗ്രാമവാസികളെയും ആസ്വാദകരാക്കി അവതരിപ്പിക്കപ്പെട്ട ആ കൂത്ത്,​ അന്നത്തെ നിലയ്ക്ക് വിപ്ളവമായിരുന്നു. നൂറ്റാണ്ടുകൾ പാലിച്ചുപോന്ന പാരമ്പര്യം ലംഘിച്ച് ക്ഷേത്രത്തിനു പുറത്ത് കൂത്ത് അവതരിപ്പിച്ച പൈങ്കുളം രാമച്ചാക്യാർക്ക് സ്വസമുദായത്തിൽ നിന്ന് കടുത്ത എതിർപ്പുകൾ നേരിടേണ്ടിവന്നു. ചാക്യാർക്ക് ഭ്രഷ്ട് കല്പിക്കണമെന്നായി. പക്ഷേ,​ അതൊരു തുടക്കമായിരുന്നു. ക്ഷേത്ര മതിൽക്കെട്ടിനു പുറത്ത് മൈതാനങ്ങളിലും വിദ്യാലയങ്ങളിലും ഗ്രന്ഥശാലകളിലുമൊക്കെ ചാക്യാർ കൂത്ത് ആടിത്തുടങ്ങി.

മിഴാവിൽ

തുടക്കം


കോട്ടക്കൽ ആര്യവൈദ്യശാലയിൽ,​ വിശ്വംഭര ക്ഷേത്രത്തിൽ കാശിയിൽ നിന്ന് വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠിച്ച ആദ്യ ഉത്സവത്തിന് നാട്ടിയ പന്തലിൽ കൂത്ത് നടത്തുവാൻ മിഴാവിനു വേണ്ടി കോട്ടക്കൽ കോവിലകത്ത് ചെന്നു ചോദിച്ച പെരുവനം നാരായണ ചാക്യാരോട് തമ്പുരാൻ പറഞ്ഞു: ''വാരിയരുടെ ക്ഷേത്രം തികഞ്ഞ ഒരു ക്ഷേത്രമായി ആരും കണക്കാക്കിയിട്ടില്ല. പോരാത്തതിന്,​ കൂത്ത് പന്തലിൽ വെച്ചും! ഈ മിഴാവ് കൊണ്ടുപോയാൽ പ്രായശ്ചിത്തവും പ്രശ്നങ്ങളുമുണ്ടാകും അതുകൊണ്ട് തരാൻ വയ്യ!"" പിന്നീട്,​ കാഞ്ഞലേരി ക്ഷേത്രത്തിലെ മിഴാവ് കൊണ്ടുവന്നാണ് പെരുവനം നാരായണ ചാക്യാർ കൂത്തു നടത്തിയത്.

ചതുർവിധാഭിനയമായ (ആംഗികം, ആഹാര്യം, വാചികം, സാത്വികം) സംസ്‌കൃത നാടകാഭിനയമാണ് കൂടിയാട്ടം. ചാക്യാർ സംസ്‌കൃത ശ്ലോകവും ഉപകഥാ ശ്ളോകവും ചൊല്ലി അർത്ഥം സ്പഷ്ടമാക്കി സമകാലിക സന്ദർഭങ്ങളും ചേർത്ത് പറയുന്നതാണ് ചാക്യാർകൂത്ത്. ഒരു നങ്ങ്യാരമ്മ ഒരു കഥ അഭിനയിച്ച് ആടിയതിനുശേഷം,​ അരങ്ങത്ത് കുഴിതാളം പിടിക്കുന്ന നങ്ങ്യാരമ്മ സംസ്‌കൃതശ്ലോകം ചൊല്ലുന്നതാണ് നങ്ങ്യാരമ്മ കൂത്ത് (നങ്ങ്യാർകൂത്ത്). കൂത്തിലും കൂടിയാട്ടത്തിലും മിഴാവ് കൊട്ടുന്നത് നമ്പ്യാർ സമുദായത്തിലെ പുരുഷന്മാരും, കുഴിതാളം പിടിക്കുന്നത് നമ്പ്യാർ സമുദായത്തിലെ സ്ത്രീകളുമാണ്. ക്ഷേത്രമതിൽക്കെട്ടിനകത്ത് ചാക്യാർ, നമ്പ്യാർ സമുദായങ്ങൾ മാത്രം കുലത്തൊഴിലായി സ്വീകരിച്ച്‌ ദേവപ്രീതിക്കായും വഴിപാടായും ചെയ്യുന്ന പുണ്യകർമ്മം കൂടിയാണ് കൂത്ത്, കൂടിയാട്ടം കലാരൂപങ്ങൾ.

മാണി മാധവചാക്യാർ തന്റെ മക്കളായ നാരായണൻ നമ്പ്യാരെയും ഗോവിന്ദൻ നമ്പ്യാരെയും കൂടിയാട്ടം പഠിപ്പിച്ചെങ്കിലും അരങ്ങേറ്റം ക്ഷേത്രത്തിൽ നടത്താൻ പറ്റിയില്ല. കാരണം,​ ക്ഷേത്രങ്ങളിൽ കൂത്ത്, കൂടിയാട്ടത്തിലെ വേഷം ചാക്യാരുടെ തൊഴിലായിരുന്നു. മിഴാവ് വാദനം ആയിരുന്നു നമ്പ്യാർമാർക്ക് പറഞ്ഞിട്ടുള്ളത്. അക്കാലങ്ങളിൽ,​ ഇല്ലങ്ങൾ നശിച്ചു തുടങ്ങുകയും, തമ്പുരാക്കന്മാർക്ക് കലകളെ സംരക്ഷിക്കാനുള്ള സാമ്പത്തികശേഷി കൈമോശം വരികയും ചെയ്തുതുടങ്ങി. ആ സമയത്താണ് മാണി മാധവചാക്യാരുടെ ഗുരുവായ പന്നിശ്ശേരി പറഞ്ഞത്: കുട്ടികളെ അഭിനയം പഠിപ്പിച്ച് മഠത്തിലിരുത്തിയാൽ പോരാ,​ പുറത്തിറക്കണം! ഗുരുവിന്റെ വാക്കും ക്ഷേത്രത്തിനു പുറത്തുള്ള,​ പൈങ്കുളം രാമച്ചാക്യാരുടെ,​ കൂത്തുകളും മാർഗദർശമാക്കി മാണി മാധവ ചാക്യാർ മക്കളുടെ അരങ്ങേറ്റം ശ്രീശങ്കര സ്‌കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചു. എതിർപ്പുകൾ മാണി മാധവചാക്യാർ വകവച്ചില്ല. അങ്ങനെ ചരിത്രത്തിൽ ആദ്യമായി ചാക്യാരില്ലാതെ നമ്പ്യാന്മാർ നടത്തുന്ന കൂടിയാട്ടം ക്ഷേത്ര മതിൽക്കെട്ടിനു പുറത്ത് നടന്നു- 1955 മേയ് അഞ്ചിന്. കഥ സുഭദ്രാ ധനഞ്ജയം.

കടൽ കടന്ന

പൈതൃകം

കേരളത്തിനു പുറത്ത് ആദ്യമായി കൂടിയാട്ടം അവതരിപ്പിച്ചത് 1961-ൽ മദ്രാസിലാണ്. മഹാകവി വള്ളത്തോളിന്റെ ശ്രമഫലമായി 1965-ൽ കേരള കലാമണ്ഡലത്തിൽ പൈങ്കുളം രാമച്ചാക്യാരുടെ നേതൃത്വത്തിൽ കൂടിയാട്ടം കളരി ആരംഭിച്ചു. അന്ന് അവിടെ കൂടിയാട്ട വേഷം പഠിപ്പിക്കുന്നത് പൈങ്കുളം രാമച്ചാക്യാരും, മിഴാവിലെ ഗുരു മാണി മാധവചാക്യാരുടെ പുത്രൻ പി. കെ. നാരായണൻ നമ്പ്യാരുമായിരുന്നു. അതിനുശേഷം നാനാജാതി മതസ്ഥർക്കും കൂടിയാട്ടം പഠിക്കുവാൻ കലാമണ്ഡലത്തിൽ അവസരമുണ്ടായി. കലാമണ്ഡലം വിദ്യാർത്ഥിനിയായിരുന്ന മിലേന സാൽവിനിയുടെ ശ്രമഫലമായി 1980-ൽ പാരീസിൽ കൂടിയാട്ടം അവതരിപ്പിച്ചു. കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 1995-ൽ ഡൽഹിയിൽ സംഘടിപ്പിച്ച കൂടിയാട്ട മഹോത്സവം സ്വദേശികൾക്കും വിദേശികൾക്കും അദ്ഭുതമായിരുന്നു.

തിരുവനന്തപുരം മാർഗി കൂടിയാട്ടം ട്രൂപ്പ് 1999-ൽ ഫ്രാൻസ്, ജർമ്മനി സന്ദർശന വേളയിൽ അവതരിപ്പിച്ച കൂടിയാട്ടം കണ്ട്,​ അവിടെയുണ്ടായിരുന്ന യുനെസ്‌കോ പ്രതിനിധികൾ മാർഗി ട്രൂപ്പിലുണ്ടായിരുന്ന സുധ ഗോപാലകൃഷ്ണനുമായി സംസാരിക്കുകയും,​ മാർഗിയുടെ നേതൃത്വത്തിൽ എല്ലാ കൂടിയാട്ടം കലാകാരന്മാരേയും ഉൾപ്പെടുത്തി അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ ഒരു ഡോക്യുമെന്ററി നിർമ്മിച്ച് യുനെസ്‌കോയ്ക്ക് സമർപ്പിക്കുകയും ചെയ്തു. അതിനു ശേഷം 2001-ൽ പാരീസിലെ യുനെസ്‌കോ ആസ്ഥാനത്തുവച്ച് കൂടിയാട്ടത്തെ ലോക പൈതൃക കലകളിൽ പ്രഥമ സ്ഥാനം നൽകി ആദരിച്ചു. ആ ചടങ്ങിൽ അവതരിപ്പിച്ച ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൽ ഈ ലേഖികയ്ക്കും ഒരുവേഷം അവതരിപ്പിക്കുവാൻ ഭാഗ്യമുണ്ടായി.

ഇപ്പോഴും ക്ഷേത്രമതിൽകെട്ടിനകത്ത് വഴിപാടായി നടക്കുന്ന കൂത്ത്, കൂടിയാട്ടങ്ങൾ ചാക്യാർ, നമ്പ്യാർ സമുദായങ്ങൾ മാത്രം നടത്തി വരുന്നു. എന്നാൽ കോട്ടയം ശ്രീ തിരുവഞ്ചിയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആചാരാനുഷ്ഠാനങ്ങളോടെ നടത്തിവരാറുള്ള ബ്രഹ്മചാരി കൂത്ത് വഴിപാടിൽ പൊതിയിൽ നാരായണ ചാക്യാർക്കൊപ്പം മിഴാവിൽ കലാമണ്ഡലം ശിവപ്രസാദും, കുഴിതാളവും ശ്ലോകവും ചൊല്ലുന്ന നങ്ങ്യാരമ്മയുടെ സ്ഥാനത്ത് ഈ ലേഖികയും,​ ഇടയ്ക്ക വായിച്ചത് കലാമണ്ഡലം അരുൺകുമാറും ആയിരുന്നു. പുതിയ തലമുറയിലെ ചില കലാകാരന്മാർ പുതിയ കഥകൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ചു വരുന്നു. ഈ ലേഖിക തന്നെ ചിട്ടപ്പെടുത്തി അവതരിപ്പിച്ച കഥകളിൽ,​ 'ദാരികവധം നങ്ങ്യാർകൂത്ത്" നൂറിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അനുഷ്ഠാനകലയായി ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഒതുങ്ങുമായിരുന്ന കൂത്തിനെയും കൂടിയാട്ടത്തെയും ലോകത്തിനു മുന്നിൽ വിസ്മയക്കാഴ്ചയായി സമർപ്പിക്കുവാൻ നിമിത്തമായ ഗുരുനാഥന്മാരെ പ്രണമിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KOODIYATTAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.