SignIn
Kerala Kaumudi Online
Friday, 27 September 2024 5.59 AM IST

മുൻകോപത്തിന് മറുമരുന്ന്

Increase Font Size Decrease Font Size Print Page
a

ഒരിക്കൽ കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ അവൾ പറഞ്ഞു. 'എന്റെ ഭർത്താവ് ജോലി കഴിഞ്ഞു വന്നാൽ എന്നും ഞങ്ങൾ തമ്മിൽ വഴക്കുകൂടും. ഇത് ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ?" കൂട്ടുകാരി പറഞ്ഞു. 'നീ വിഷമിക്കണ്ട, എന്റെ കൈയിൽ ഇതിനു പറ്റിയ മരുന്നുണ്ട്. ഭർത്താവ് ദേഷ്യപ്പെട്ട് സംസാരിച്ചു തുടങ്ങിയാലുടനെ നീ ഒരു കവിൾ മരുന്ന് വായിലൊഴിക്കണം. അതു വായിൽ വച്ചുകൊണ്ട് ഇരുന്നാൽ മാത്രം മതി." ഇത്രയും പറഞ്ഞശേഷം കൂട്ടുകാരി അവൾക്ക് ഒരു കുപ്പി മരുന്നു നല്കി.
അന്നു വൈകിട്ട് ഭർത്താവ് ദേഷ്യപ്പെട്ടയുടനെ അവൾ ആ മരുന്ന് വായിലൊഴിച്ചു. കുറച്ചുകഴിഞ്ഞ് ഭർത്താവ് ശാന്തനായി. അതിനടുത്ത രണ്ടു ദിവസവും ഇതു തന്നെ ആവർത്തിച്ചു. അവൾക്ക് അത്ഭുതം തോന്നി.അവൾ കൂട്ടുകാരിയോട് പറഞ്ഞു, 'നീ തന്ന മരുന്ന് നന്നായി ഫലിച്ചു. ഇപ്പോൾ മൂന്നു ദിവസമായി ഞങ്ങൾ തമ്മിൽ വഴക്കുണ്ടാക്കുന്നില്ല. ഈ മരുന്നിന്റെ കൂട്ട് പറഞ്ഞുതന്നാൽ എനിക്ക് സ്വന്തമായി അത് വീട്ടിൽ ഉണ്ടാക്കാമല്ലോ." കൂട്ടുകാരി പറഞ്ഞു. 'പറഞ്ഞുതരാം. ഒരു ആറുമാസം കഴിയട്ടെ."
അങ്ങനെ ആറുമാസം കടന്നുപോയി. വീട്ടിൽ തീരെ വഴക്കില്ലാതായി. ശാന്തിയും സ്‌നേഹവും അവിടെ നിറഞ്ഞുനിന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കൂട്ടുകാരി പറഞ്ഞു, 'ഇനി ഞാൻ മരുന്നിന്റെ രഹസ്യം പറയാം. അത് വെറും പച്ചവെള്ളമാണ്. നിറം കിട്ടാൻ പതിമുഖം ചേർത്തിട്ടുണ്ട്. മരുന്ന് വായിലൊഴിച്ച് നീ മിണ്ടാതിരുന്നപ്പോൾ നിന്റെ ഭർത്താവിന്റെ മനസ്സ് ശാന്തമായി. നിന്റെ മനസ്സ് ശാന്തമാകാനും സമയം കിട്ടി. അത്രമാത്രം."
കോപം എന്നത് യഥാർത്ഥത്തിൽ ജയിക്കാൻ അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല, നമ്മൾ ഒരല്പം ക്ഷമിക്കാൻ തയാറായാൽ ജീവിതത്തിൽ സന്തോഷവും ശാന്തിയും നിറയും. മനുഷ്യബന്ധങ്ങളുടെ തകർച്ചയുടെ പ്രധാന കാരണം മുൻകോപമാണ്. പലപ്പോഴും നിസാരകാര്യത്തിന് നമ്മൾ ദേഷ്യപ്പെടാറുണ്ട്. തെറ്റിദ്ധാരണ മൂലം നിരപരാധികളോടുപോലും കോപിക്കാറുണ്ട്. നമ്മുടെ തെറ്റു തിരിച്ചറിഞ്ഞ് അവരോട് എത്ര ക്ഷമയാചിച്ചാലും അവരുടെ ഹൃദയത്തിലേറ്റ മുറിവ് പൂർണ്ണമായി പൊറുക്കുകയില്ല. അതിനാൽ മുൻകോപം നിയന്ത്രിക്കേണ്ടതു തന്നെയാണ്. കോപം വരുന്ന സാഹചര്യമുണ്ടായാൽ ഉടൻ പ്രതികരിക്കുന്നതിനു പകരം ക്ഷമാപൂർവ്വം സ്വയം നിയന്ത്രിക്കണം. മനസ്സിൽ എത്ര ക്ഷോഭം വന്നാലും മേലധികാരികളുടെ മുമ്പിൽ നമ്മൾ നിയന്ത്രണം പാലിക്കാറുണ്ടല്ലോ. അപ്പോൾ നമുക്ക് അതിനുള്ള കഴിവുണ്ട്.
കോപിച്ചിരിക്കുമ്പോൾ വായിൽ വരുന്നത് അതേപോലെ വിളിച്ചു പറയരുത്. ആ സമയം നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ഉടനെ നടപ്പാക്കാനും പോകരുത്. ദേഷ്യം നമ്മുടെ മനസിന്റെ വ്രണം പോലെയാണ്. ആദ്യം അത് ഉണക്കാനാണ് നോക്കേണ്ടത്.
ക്ഷമയും വിവേകവും മാത്രമാണു കോപത്തിനുള്ള മറുമരുന്ന്. വിവേകപൂർവ്വം ചിന്തിക്കുമ്പോൾ നമ്മുടെതന്നെ ദൗർബ്ബല്യത്തെ നമുക്കു മനസിലാക്കുവാനുള്ള കഴിവു ലഭിക്കും. ചിന്തകളെ തെളിഞ്ഞ കണ്ണാടിയിലെന്നപോലെ കാണുവാൻ കഴിയും. കോപത്തിന്റെ നിസാരത മനസിലാകും. ക്ഷമിക്കുന്നതിന്റെ മഹത്വം ബോദ്ധ്യമാകും. ക്രമേണ കോപിക്കുന്ന ശീലം തന്നെ മാറ്റിയെടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.