SignIn
Kerala Kaumudi Online
Friday, 27 September 2024 5.58 AM IST

ജീവിതത്തിന്റെ താളുകൾ

Increase Font Size Decrease Font Size Print Page
baby-haldhar
baby haldhar

ആറാം ക്ളാസിൽ പഠിത്തം നിറുത്തേണ്ടിവരികയും ജീവിതയാതനകളുടെ കടലിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്ത്, ഒടുവിൽ വീട്ടുവേലക്കാരിയായി ജീവിതം തിരിച്ചുപിടിക്കുന്നതിനിടയിലാണ് ബേബി ഹൽദാറിന്റെ എഴുത്തു ജീവിതം ആരംഭിക്കുന്നത്. അവളുടെ ആത്മകഥ പിന്നീട് 21 ഇന്ത്യൻ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടു! ഇതാണ് ആ ജീവിതം...

പ്രബോധ്കുമാറിന്, ആ പുതിയ വേലക്കാരിയെ വീട്ടിൽ പാൽ കൊണ്ടുവരുന്നയാൾ എത്തിച്ചുകൊടുത്തതായിരുന്നു. പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിന്റെ പൗത്രനാണ് പ്രബോധ്കുമാർ. തുടക്കംതൊട്ടേ,​ വീട്ടിലെ മറ്റു വേലക്കാരിൽ നിന്ന് അവൾക്ക് എന്തോ സവിശേഷതയുള്ളതായി തോന്നി,​ അദ്ദേഹത്തിന്. പേര് ബേബി ഹൽദാർ. ഇരുപത്തൊമ്പതു വയസ്. വീട് വൃത്തിയാക്കലും തുണി നനയ്ക്കലും ഭക്ഷണം പാകംചെയ്യലുമെന്നു വേണ്ട,​ വീട്ടിലെ സർവ ജോലികളും ചിട്ടയോടെയും ഭംഗിയായും നിശ്ശബ്ദം ചെയ്യും. മറ്റു ജോലികൾ ചെയ്യുമ്പോഴത്തെ കരവേഗവും തിടുക്കവും സാമർത്ഥ്യവും വായനാമുറിയിലെ ബുക്ക് ഷെൽഫ് വൃത്തിയാക്കുമ്പോഴും പുസ്തകങ്ങൾ അടുക്കിവയ്ക്കുമ്പോഴും അവൾക്കില്ലെന്നതും നരവംശ ശാസ്ത്രജ്ഞനും റിട്ടയേർഡ് പ്രൊഫസറുമായ പ്രബോധ് കുമാർ കണ്ടുപിടിച്ചു!

അവളുടെ വിരലുകൾ പുസ്തകത്താളുകളിലൂടെ എന്തോ തിരയുന്നതും കണ്ണുകൾ താളുകളിലെ അക്ഷരങ്ങളിൽ ഉടക്കി നിൽക്കുന്നതും ശ്രദ്ധിച്ച്,​ കാര്യമെന്തെന്നറിയാൻ അദ്ദേഹം ചോദിച്ചു: 'നീ വായിക്കുമോ?" ഒരു വലിയ കുറ്റകൃത്യം ചെയ്ത് പിടിക്കപ്പെട്ട ജാള്യത്തോടെ അവൾ മിണ്ടാതെ തലകുനിച്ചു നിന്നു. എന്നാൽ മുൻഷി പ്രേംചന്ദ് എന്ന രാജ്യാന്തര പ്രശസ്തനായ ഹിന്ദി എഴുത്തുകാരന്റെ പേരകുട്ടിയായ പ്രൊഫ. പ്രബോധ് കുമാറിന്റെ പ്രതികരണം അവളുടെ നിഷ്കളങ്ക മനസിനെ വികാരവായ്പുള്ളതാക്കി.

വായനയും

എഴുത്തും

ആ വീട്ടു വേലക്കാരിയുടെ ജീവിതത്തിലെ വഴിത്തിരിവായി ഈ സംഭവം മാറുകയായിരുന്നു. പ്രൊഫ. പ്രബോധ് കുമാർ, വീട്ടിലെ പുസ്തകശാലയുടെ വാതിലുകൾ അവൾക്കായി തുറന്നുകൊടുത്ത്, വാത്സല്യപൂർവം പറഞ്ഞു, ''നിനക്ക് പുസ്തകങ്ങൾ വായിക്കുവാൻ താത്പര്യമുണ്ടെങ്കിൽ എത്ര വേണമെങ്കിലും വായിച്ചോളൂ! ഈ ബുക്ക് ഷെൽഫ് ഇനി നിനക്കു കൂടി അവകാശപ്പെട്ടതാണ്."" തസ്ലിമ നസ്രീന്റെ 'അമർ മേയേബേല" (My girlhood) ആണ് അവൾ മടിച്ചുമടിച്ചെടുത്ത ആദ്യ പുസ്തകം. വല്ലാത്ത ആർത്തിയോടെ അവൾ പുസ്തകം വായിച്ചു തുടങ്ങി. അതിലെ കഥാപാത്രങ്ങളും കഥയും തന്റേതു പോലെയെന്ന് അവൾക്കു തോന്നി. അത് അവളുടെ പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു!

ആശാപൂർണാദേവിയും മഹാശ്വേതാ ദേവിയും ബുദ്ധദേവ് ഗുഹയും എന്നു വേണ്ട,​ ബംഗാൾ സാഹിത്യത്തിലെ ഒട്ടു മിക്ക പ്രധാന എഴുത്തുകാരുടെയും പുസ്തകങ്ങൾ, രാത്രികൾ പകലുകളാക്കി,​ തന്റെ ജോലിയെ ബാധിക്കാതെ അവൾ വായിച്ചുതീർത്തു. സാഹിത്യത്തോടുള്ള അവളുടെ അഭിരുചി തിരിച്ചറിഞ്ഞ പ്രബോധ് കുമാർ ഒരു ദിവസം ഒരു നോട്ടു പുസ്തകവും പേനയും അവളെയേല്പിച്ച് എഴുതാൻ പറഞ്ഞു. അതൊരു നിർദ്ദേശമല്ല,​ ആജ്ഞയായിരുന്നു. ഒരു അച്ഛൻ മകൾക്കു നൽകിയ കല്പന!

അവൾ 'താത്തൂസ്" എന്നു വിളിക്കുന്ന,​ പിതൃതുല്യനായ അയാളുടെ ആജ്ഞ അവൾക്ക് അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആശങ്കയോടെ,​ ജാള്യത്തോടെ അവൾ പ്രൊഫ. പ്രബോധ്കുമാറിനോടു ചോദിച്ചു: 'ഞാൻ എന്തെഴുതാൻ? എനിക്ക് എന്തെഴുതാൻ കിഴയും?​" അയാൾ മറുപടി പറഞ്ഞു: 'നിനക്ക് എഴുതാൻ കഴിയും. മറ്റൊന്നിനെയും കുറിച്ച് പറയാൻ അറിയില്ലെങ്കിലും നിനക്ക് നിന്നെക്കുറിച്ച് പറയാൻ കഴിയും; എഴുതാനും! നിന്റെ കഥയോളം ഹൃദയസ്പർശിയായ ഒരു ആത്മകഥ, ഈ ലോകത്ത് വേറെയുണ്ടാവില്ല!"

താത്തൂസിന്റെ വാക്കുകൾ അവളുടെ നെഞ്ചിൽ തറച്ചു. പുസ്തകങ്ങളോടുള്ള ബേബിയുടെ താത്പര്യം കണ്ടറിഞ്ഞ പ്രൊഫസർ അവളെ പ്രോത്സാഹിപ്പിക്കുകയും സ്വന്തം കഥ, സ്വന്തം ശൈലിയിൽ പറയാൻ പ്രേരിപ്പിക്കുകയും ചെയ്തു. അവൾ എഴുതാൻ തുടങ്ങി.

ഓർമ്മകളുടെ

നൊമ്പരം

അവളുടെ ഓർമ്മകൾക്ക് ജീവൻവയ്ക്കുകയായിരുന്നു. ബാല്യവും ശൈശവവും കൗമാരവും യൗവനവുമൊക്കെ അവൾ ഓർത്തെടുത്തു. കാശ്മീരിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് കുടിയേറിയ കുടുംബം. പല വിവാഹം കഴിച്ച പട്ടാളക്കാരനായ അച്ഛൻ. അമ്മയുടെ സ്നേഹത്തിനായി ദാഹിച്ചു തളർന്ന്, വാടിക്കരിഞ്ഞു പോയ നാലു വയസുകാരിയുടെ കരളലിയിക്കുന്ന ശൈശവം,​ അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടുംക്രൂരതകളിൽ വികൃതമാക്കപ്പെട്ട ബാല്യത്തിന്റെ ദയനീയ മുഖം,​ പന്ത്രണ്ടാം വയസിൽ തന്നെക്കാൾ പതിന്നാലു വയസ് മൂപ്പുള്ള ഒരാളെ വിവാഹം കഴിക്കേണ്ടി വന്നത്,​ പതിന്നാലു വയസു മുതൽ അയാളുടെ കുട്ടികളുടെ അമ്മയാകാൻ തുടങ്ങിയത്,​ അനുഭവിക്കേണ്ടിവന്ന കൊടുംയാതനകൾ,​ അവസാനം അയാളുടെ പീഡനം സഹിക്കവയ്യാതെ മൂന്നു പിഞ്ചുകുട്ടികളെയും കൂട്ടി ബംഗാളിലെ തന്റെ ഗ്രാമത്തിൽ നിന്ന് ഓടിപ്പോന്നത്....

പ്രൊഫ. പ്രബോധ് കുമാറിന്റെ വീട്ടിൽ എത്തുന്നതു വരെയുള്ള ജീവിതം അവൾ ആ നോട്ടുപുസ്തകത്തിൽ കുറിച്ചിട്ടു. ബംഗാളിൽ നിന്ന് ഡൽഹിയിൽ വീട്ടുജോലിക്കാരിയായി ജീവിതം കരുപ്പിടിപ്പിച്ച കാലം. തനിക്കുതന്നെ അവിശ്വസനീയമായ ജീവിതയാത്രയിൽ നിശ്ശബ്ദം സഹിക്കേണ്ടിവന്ന അപമാനങ്ങൾ,​ ആരും കാണാതെ കണ്ണീർ തുടച്ചുനിന്ന് സഹിച്ച അവഹേളനങ്ങൾ.... താത്തൂസ് പറഞ്ഞതുപോലെ,​ ലോകത്തെ ഏതു കഥയേക്കാൾ ഹൃദയസ്പർശിയായിരുന്നു അവളുടെ ജീവിതകഥ.

അക്ഷരം മറന്ന

അനുഭവം

ഭേദപ്പെട്ട രീതിയിൽ പഠിച്ചു കൊണ്ടിരിക്കെ സാഹചര്യവശാൽ ആറാം ക്ലാസിൽ പഠിത്തം നിർത്തേണ്ടിവന്ന ഹൽദാർ വർഷങ്ങൾക്കു ശേഷം എന്തെങ്കിലും എഴുതുകയായിരുന്നു. ഓർമ്മകൾക്കുള്ള ജീവൻ, പക്ഷേ അവളുടെ അക്ഷരങ്ങൾക്കുണ്ടായിരുന്നില്ല. അക്ഷരങ്ങൾ പലതും അവൾ അപ്പോഴേക്കും മറന്നിരുന്നു. എങ്കിലും അവൾ എഴുതി. തങ്ങളുടെ നോട്ട് ബുക്കുകളിലെ ശൂന്യമായ പേജുകളിൽ അമ്മ തലങ്ങും വിലങ്ങും എഴുതുന്നതു കണ്ട് അവളുടെ കുട്ടികൾ അന്തംവിട്ടു.

പന്ത്രണ്ടാം വയസിൽ നടന്ന വിവാഹം,​ ആദ്യരാത്രി മുതൽ ഭർത്താവെന്നു പറയുന്ന പുരുഷനിൽ നിന്നു നേരിട്ട ക്രൂരമായ ബലാത്സംഗങ്ങൾ,​ അതിന്റെ ക്രൂരമായ തുടർച്ചകൾ,​ പതിന്നാലാം വയസിലെ ആദ്യ പ്രസവത്തിന്റെ വേദന... എല്ലാം അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നു. അടുക്കളയിൽ പച്ചക്കറി നുറുക്കുന്നതിനിടയിൽ, പാത്രം കഴുകുന്നതിനിടയിൽ, വീട് അടിച്ചു വാരുന്നതിനിടയിൽ, പാതിരാത്രിയിൽ കുട്ടികൾ ഉറക്കംപിടിച്ചു കഴിയുമ്പോൾ ഒക്കെയും അവൾ ജീവിതമെഴുതി. വാക്കുകളിലൂടെ അത് നദി കണക്കെ നിറുത്താതെ പായുകയായിരുന്നു.

ഓർക്കാനിഷ്ടമല്ലാത്ത തന്റെ ജീവിതാനുഭവങ്ങളെ കടലാസിലേക്കു പകർത്തുവാൻ അവളോട് ആവശ്യപ്പെടുമ്പോൾ, ആ ദുഃഖങ്ങളിൽ നിന്നും വേദനകളിൽ നിന്നും അവൾക്കു ലഭിക്കാനിടയുള്ള താത്കാലിക മോചനം മാത്രമാണ് താത്തൂസ് എന്ന് അവൾ ബഹുമാനപൂർവം വിളിച്ച പ്രബോധ്കുമാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, പച്ചക്കറി നുറുക്കുന്ന ലാഘവത്തോടെ രചന നിർവഹിക്കുന്ന അവളും ആ കുറിപ്പുകളും അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. താനെഴുതാനിരിക്കുമ്പോഴുള്ള തയ്യാറെടുപ്പുകൾ ഓർത്ത് അയാൾക്ക് ലജ്ജ തോന്നി. എഴുതാൻ സ്വന്തം മേശയും എഴുത്തുമുറിയും തന്റേതായ പേനയും നിശബ്ദതയുമൊക്കെ അവശ്യമെന്ന് താൻ വിശ്വസിച്ചിരുന്നതിനെ കൊഞ്ഞനംകുത്തിക്കൊണ്ട് ഇതാ, തന്റെ വാല്യക്കാരി ജോലിത്തിരക്കുകൾക്കും ശബ്ദകോലാഹലങ്ങൾക്കുമിടയിലിരുന്ന് എഴുതുന്നു!

ഇരുട്ടും

വെളിച്ചവും

അവളെഴുതിയ ആ നോട്ടുപുസ്തകം പ്രബോധ് കുമാർ സുഹൃത്തുക്കളായ എഴുത്തുകാരെ കാണിച്ചു. അവർക്കൊക്കെ അതൊരു അദ്ഭുതമായിരുന്നു. അത് പുസ്തകമായി പ്രസിദ്ധീകരിക്കുവാൻ അവർ തീരുമാനിച്ചു . 'ആലോ അന്ധാരി" എന്ന വിഖ്യാത കൃതിയുടെ ആവിർഭാവമായിരുന്നു അത്. ബേബി ഹൽദർ എന്ന സാഹിത്യകാരിയുടെ ഉദയവും. 'ആലോ അന്ധാരി" എന്നാൽ ഇരുളും വെളിച്ചവും. പാവപ്പെട്ട ഒരു വീട്ടു വേലക്കാരിയുടെ കഥ മാത്രമല്ല; ജീവിതക്ളേശം അനുഭവിക്കുന്ന ഓരോ പെണ്ണിന്റെയും ജീവിത യാഥാർത്ഥ്യമായിരുന്നു അത്.

കഷ്ടത നിറഞ്ഞ ജീവിതങ്ങളുടെ ഇരുട്ടിലേക്ക് വെളിച്ചം വീശുന്ന ആ പുസ്തകം മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടു. ബംഗാളി ഭാഷയിൽ 2002- ൽ പ്രസിദ്ധീകരിച്ച 'ആലോ അന്ധാരി" ഇന്ന് 21 ഭാഷകളിൽ ലഭ്യമാണ്. ഇന്ത്യൻ സാഹിത്യത്തിലെ സ്ത്രീശക്തിയുടെ പ്രതീകവും പര്യായങ്ങളിലൊന്നുമായി ബേബി ഹൽദർ എന്ന എഴുത്തുകാരി ഉയർത്തപ്പെട്ടു. ആലോ അന്ധാരിക്കു ശേഷം അവരുടെ വേറെയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. പരിമിതമായ സാഹചര്യങ്ങളോ വിദ്യാഭ്യാസ നിലവാരമോ ഒന്നും ബേബി ഹൽദറിന് പ്രതിസന്ധിയുണ്ടാക്കിയില്ല. പ്രബോധ്കുമാറെന്ന നല്ല മനുഷ്യനിലൂടെ അവൾ എഴുത്തിന്റെ വഴികൾ കീഴടക്കുകയും സ്വദേശത്തും വിദേശത്തും ഉൾപ്പടെ പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BABY HALDHAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.