തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രകാരമുള്ള മറുപടി നൽകിയ സംഭവത്തിൽ പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസർക്കെതിരെ നടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻ.ആർ,ഐ സെൽ ഡിവൈ.എസ്.പിയുമായ എം.എസ്. സന്തോഷിനെയാണ് സസ്പെൻഡ് ചെയ്തത്. സന്തോഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദ്ദേശം നൽകിയത്.
പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കിയെന്ന് കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിവൈ.എസ്.പിയുടെ നടപടി തെറ്റായ വാർത്ത പ്രചരിക്കാൻ ഇടയാക്കിയെന്ന് ഡി.ജി.പി റിപ്പോർട്ട് നൽകിയിരുന്നു.
വിവരാവകാശ ചോദ്യം തൃശൂരിലേക്ക് അയച്ചത് തെറ്റാണ്. പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും അത് മറച്ചുവച്ചു. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി നൽകി. ജാഗ്രത കുറവുണ്ടായി. സുപ്രധാന ചോദ്യമായിട്ടും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താതെ മറുപടി നൽകിയെന്നുമാണ് ഡി.ജി.പിയുടെ റിപ്പോർട്ട്.
അതേസമയം പൂരം കലക്കിയതിൽ ഇനിയും അന്വേഷണം നടന്നിട്ടില്ലെന്ന വാർത്തയിൽ ഞെട്ടലും പ്രതിഷേധവുമറിയിച്ച് സി.പി.ഐ മന്ത്രി കെ.രാജനും സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാറും രംഗത്തെത്തി. അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നു മറുപടി കിട്ടിയെന്ന ചാനൽ വാർത്തയോടാണ് പ്രതികരണം.
പൂരം അട്ടിമറിക്ക് പിന്നിൽ ആരൊക്കെയെന്നറിയാൻ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും വിവരാവകാശ അപേക്ഷ നൽകുമെന്ന് തൃശൂരിലെ എൽ.ഡി.എഫ് പാർലമെന്റ് സ്ഥാനാർത്ഥിയുമായിരുന്ന സുനിൽകുമാർ പറഞ്ഞു. മറുപടി നീട്ടിക്കൊണ്ടുപോയാൽ അറിയാവുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്നുപറയും. രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചനയാണ് നടന്നത്. അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തു വരുമെന്നായിരുന്നു പ്രതീക്ഷയെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അന്വേഷണമില്ലെന്ന് ഇപ്പോഴാണ് കേൾക്കുന്നത്. പരിശോധിച്ച് മറുപടി നൽകാം.
അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണെന്ന് സുനിൽകുമാർ ഓർമ്മിപ്പിച്ചു. സി.സി ടിവി ദൃശ്യങ്ങളടക്കമുണ്ട്. മേളം പകുതി വച്ച് നിറുത്താൻ പറഞ്ഞതാരാണ്. വെടിക്കെട്ട് നടത്തില്ലെന്ന് പ്രഖ്യാപിച്ചത് ആരാണ്. ഈ വിഷയങ്ങളെല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം കോടതിയിൽ പോയത് ബി.ജെ.പി നേതാവാണ്. പിന്നീട് അവർ ഉത്സാഹം കാണിക്കുന്നില്ല. പൊലീസ് കമ്മിഷണർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ട് പിന്നീടതിനെ നിരുത്സാഹപ്പെടുത്തി. സുരേഷ്ഗോപി പൂരപ്പറമ്പിൽ ആംബുലൻസിൽ വന്നതും ദുരൂഹമാണെന്നും സുനിൽ കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |