SignIn
Kerala Kaumudi Online
Friday, 27 September 2024 5.44 AM IST

ജോലിയിൽ ഒതുങ്ങുന്ന 'ഇക്കിഗായ്'...

Increase Font Size Decrease Font Size Print Page
anna

മനുഷ്യന് ഇതുവരെ ഉത്തരം ലഭിക്കാത്ത, അല്ലെങ്കിൽ ഉത്തരം ലഭിക്കില്ലെന്ന ധാരണയിൽ മനഃപ്പൂർവം ഒഴിവാക്കുന്ന ചില ചോദ്യങ്ങളുണ്ട്. എന്താണ് ജീവിതം? എന്തിനാണ് ജനിച്ചത്? എന്തിനാണ് ജീവിക്കുന്നത്?... തുടങ്ങിയവ അതിൽ ചിലത് മാത്രം. ലോകത്താകെ അഞ്ചുദശലക്ഷത്തിലേറെ കോപ്പികൾ വിറ്റുപോയ 'ഇക്കിഗായ്" എന്ന പുസ്തകത്തിൽ സന്തോഷകരമായി ജീവിക്കാനുള്ള ജപ്പാൻകാരുടെ രഹസ്യമന്ത്രത്തെക്കുറിച്ച് പറയുന്നു. ജീവിക്കാൻ മനുഷ്യനൊരു കാരണം വേണം. അതാണ് ഇക്കിഗായ്. നമ്മൾ ഇഷ്ടപ്പെടുന്നതും നമ്മളിൽ നിന്നു ലോകം പ്രതീക്ഷിക്കുന്നതും അതിൽ ഉൾപ്പെടുന്നു. സ്നേഹവും പ്രണയവും അഭിനിവേഷങ്ങളും നിറഞ്ഞ ഇക്കിഗായ് വലയത്തിൽ ഒന്ന് മാത്രമാണ് ജോലി.

കഴിഞ്ഞദിവസം പൂനെയിലെ ജോലിസ്ഥലത്ത് വൈക്കം സ്വദേശിനിയായ അന്ന എന്ന 26കാരി കുഴഞ്ഞുവീണ് മരിച്ചത് അമിത ജോലിഭാരം മൂലമാണെന്ന് ആരോപിച്ച് അമ്മ അനിത രംഗത്തെത്തിയിരുന്നു. ജോലിയിൽ തന്റെ മകൾക്ക് നേരിടേണ്ടി വന്ന അമിതജോലിയും സമ്മർദ്ദവും ചൂണ്ടിക്കാട്ടി അനിത കമ്പനിയുടെ ചെയർമാന് അയച്ച കത്തും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി. ഏറെ പ്രതീക്ഷകളോടെ ജോലിയിൽ പ്രവേശിച്ച അന്നയ്ക്ക് പതിയെ സന്തോഷമില്ലാതെയായി. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഉറക്കമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണക്രമവുമാണ് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. അവധിയെടുക്കാതെ തന്റെ ജോലി നിറവേറ്റാനായിരുന്നു അന്നയ്ക്ക് ഉത്സാഹം. ചൈനയിൽ 104 ദിവസത്തിനിടയിൽ ഒരു ദിവസം മാത്രം വിശ്രമിച്ച 30കാരൻ യുവാവ് ആന്തരിക അവയവങ്ങൾ തകരാറിലായി മരിച്ചിട്ടും അധിക നാളായിട്ടില്ല.

എല്ലുമുറിയ്ക്കണോ?

പഠനം, ജോലി, വിവാഹം, കുട്ടികൾ എന്നിങ്ങനെ സമൂഹമുണ്ടാക്കിയ ചട്ടക്കൂടിനകത്ത് ശ്വാസംമുട്ടിക്കിടക്കുന്നവർ അനേകമാണ്. ജോലിസ്ഥലത്ത് കാണുന്ന മനുഷ്യരെ മൂന്നായി തിരിക്കാം.

കുട്ടിക്കാലത്ത് 'നല്ല കുട്ടി" എന്ന പേരെടുത്ത, ആരെക്കൊണ്ടും മോശമായൊന്നും പറയിക്കാത്തവരാണ് ഒന്നാമത്തെ വിഭാഗം. എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം എന്ന പഴമൊഴി ഇത്തരക്കാരുടെ മനസിൽ ആഴത്തിൽ വേരിറങ്ങിക്കിടക്കുന്നു. തങ്ങൾ കാരണം മറ്റാർക്കും ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന ആഗ്രഹത്താൽ മരിച്ചു കിടന്ന് പണിയെടുക്കും. അഞ്ചുമിനിട്ട് എടുക്കുന്ന ഇടവേളകളിൽ പോലും കുറ്റബോധപ്പെടും. ആത്മാർത്ഥതയുടെ നിറകുടങ്ങളായ ഇത്തരക്കാർക്കാണ് പലപ്പോഴും ഇരട്ടിപ്പണി ലഭിക്കുന്നതെന്നത് പച്ചയായ സത്യമാണ്. നോ പറയാത്ത നല്ല കുട്ടിയാണെന്ന് മറ്റുള്ളവർ മനസിലാക്കിയാൽ ലഭിക്കുന്ന പണികൾക്ക് യാതൊരു ദയയും കാരുണ്യവും ഉണ്ടാവില്ല. പഠനകാലത്ത് ലഭിക്കുന്ന ചെറിയ വിജയങ്ങളിൽ പോലും അഭിനന്ദിക്കപ്പെട്ടിരുന്ന ഇവർക്ക് കോർപ്പറേറ്റ് ലോകത്തെ മത്സരപ്പാച്ചിലിനിടയിൽ ശ്വാസം മുട്ടും. തന്നെ ഏൽപ്പിച്ച ജോയിയെ പരിപൂർണതയിലെത്തിക്കാൻ ഏത് എവറസ്റ്റും കയറുന്ന, ഏത് ബർമുഡ ട്രയാങ്കിളിലും നെഞ്ചും വിരിച്ച് പോകുന്ന ഇവർക്ക് സഹപ്രവർത്തകരോടും മേലുദ്യോഗസ്ഥരോടും തങ്ങളുടെ നിസഹായാവസ്ഥ ബോദ്ധ്യപ്പെടുത്താനുള്ള ധൈര്യം മാത്രമുണ്ടാവില്ല.

സമ്മർദ്ദം സീറോ ആകില്ല

അല്പസ്വല്പം ഉഴപ്പിനടക്കുന്ന, തൊഴിലിനെ സാമ്പത്തികത്തിനുള്ള വഴിയായി മാത്രം കാണുന്നവരാണ് രണ്ടാമത്തെ വിഭാഗക്കാർ. ആരോടും ഒന്നിനോടും പ്രത്യേകിച്ച് ആത്മാർത്ഥത ഇല്ലാത്തതിനാൽ ജോലി സമ്മർദ്ദം അത്രയധികം ഇവരെ ബാധിക്കില്ല. പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളന്മാരെന്ന മൂന്നാം വിഭാഗക്കാർ എത്ര ഭാഗ്യവാന്മാരെന്ന് ഇടയ്ക്ക് തോന്നാറുണ്ട്. ജോലി ചെയ്യുക, പോകുക എന്നതിനപ്പുറം മറ്റൊന്നും ഇത്തരം നിഷ്കാമകർമ്മികളെ ബാധിക്കില്ല. വ്യക്തമായ അതിർവരമ്പുകൾ നിർണയിക്കാൻ ജീവിതാനുഭവങ്ങൾ ഇവരെ പഠിപ്പിച്ചിട്ടുണ്ട്. ആദ്യ വിഭാഗക്കാരിൽ അധികവും ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവരാണ്. മുന്നോട്ട് പോകുമ്പോൾ എല്ലാം ശരിയാകുമെന്നാവും തലമുതിർന്ന ജീവനക്കാർ ഇവർക്ക് നൽകുന്ന ഉപദേശം. എന്നാൽ, മുന്നോട്ട് പോകുമ്പോൾ ശരിയാകുന്നതിന് പകരം സാഹചര്യത്തോടും സമ്മർദ്ദത്തോടും ഈ അവസ്ഥയിൽ നിന്നൊരു മോചനമില്ലെന്ന യാഥാർത്ഥ്യത്തോടും താദാത്മ്യം പ്രാപിക്കുമെന്നതാണ് വാസ്തവം. ഒരിക്കലും ജോലിസ്ഥലത്തെ സമ്മർദ്ദം പൂർണമായും ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കരുത്. ആത്മാർത്ഥമായി ചെയ്യുന്ന ഏത് കാര്യത്തിലും അല്പം സമ്മർദ്ദം സ്വാഭാവികമാണ്. കൂടുതൽ ഊർജത്തോടെ കുറ്റമറ്റതായി ജോലി ചെയ്യാൻ അത് സഹായിക്കും. എന്നാൽ അമിതമായാൽ.....

ജോലിയല്ല ജീവിതം

ജീവിക്കാൻ പണം വേണം. പണത്തിനൊരു സ്രോതസ് വേണം. അതിന് ജോലിയോ സ്വന്തമായി സംരംഭങ്ങളോ അല്ലെങ്കിൽ സാമ്പത്തികഭദ്രതയുള്ള കുടുംബത്തിൽ ജനിക്കുകയോ വേണം. ഭൂരിഭാഗം പേരും ജോലി ഇഷ്ടമല്ലെങ്കിൽ പോലും തുടരുന്നതിന്റെ കാരണം ഇതാണ്. തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തിൽ മനസിനിഷ്ടപ്പെട്ട ജോലി തിരഞ്ഞെടുക്കാനുള്ള അവസരം പലർക്കും ലഭിക്കുന്നില്ല. റിസ്ക് എടുക്കാൻ ഭയമുള്ളവർ സ്ഥിരവരുമാനമുള്ള ജോലി തിരഞ്ഞെടുക്കുന്നു. മറ്റുചിലർ പാഷനെ തൊഴിലാക്കുന്നു. ജീവിക്കാൻ ജോലി വേണമെന്ന അവസ്ഥ നിലനിൽക്കുമ്പോഴും ജോലി അല്ല ജീവിതം എന്ന പരമാർത്ഥം വിസ്മരിക്കപ്പെടുന്നത് ദുഃഖകരമാണ്. കേരളത്തിലെയും ഇന്ത്യയിലെയും ജോലി സംസ്കാരവും ഇതിന് കാരണമാണ്. തലവേദനയ്ക്കും പനിക്കും അവധി കൊടുക്കുന്ന എത്ര സ്ഥാപനങ്ങൾ മാനസികപിരിമുറുക്കമുണ്ടെന്ന് പറയുന്ന ജീവനക്കാരോട് കുറച്ച് ദിവസം വിശ്രമിക്കാൻ പറയും? ഓഫീസുകളിൽ തന്നെ മെന്റൽ ഹെൽത്ത് കൗൺസിലിംഗ് സെല്ലും സമ്മർദ്ദം കുറയ്ക്കാനുള്ള ചർച്ചകളും നടത്തേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.

ചേർത്തുപിടിക്കണം

രാജ്യത്ത് 80 ശതമാനത്തോളം ജീവനക്കാർ ടോക്സിക്ക് തൊഴിലന്തരീക്ഷം കാരണം ജോലി ഉപേക്ഷിക്കുന്നുണ്ട്. പരസ്പരമുള്ള കുറ്റപ്പെടുത്തലും ഗോസിപ്പിംഗും ഇതിന്റെ ആഘാതം വർദ്ധിപ്പിക്കുന്നുണ്ട്. വസ്തുതകൾ പരിശോധിക്കാതെ ആടിനെ പുലിയാക്കുന്ന 'നുണക്കുരുക്ക്" താങ്ങാൻ മനശക്തി കുറച്ചൊന്നും പോര. ആയിരം മണിയുടെ നാവുകെട്ടിയാലും ഒരൊറ്റ വായ മൂടിക്കെട്ടാൻ ആർക്കുമാവില്ലല്ലോ. പരസ്പരം ചേർത്തുപിടിക്കുകയും പ്രചോദനം നൽകുകയും ചെയ്യുന്ന തൊഴിലന്തരീക്ഷത്തിന് സമ്മർദ്ദം ലഘൂകരിക്കാനാവും. തൊഴിലിടങ്ങളിൽ ആരോഗ്യകരമായ സൗഹൃദവലയങ്ങൾ കെട്ടിപ്പടുത്താൽ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പലർക്കും ആവലാതികൾ ഇറക്കിവയ്ക്കാനുള്ള അവസരവുമൊരുങ്ങും.

ഭൂമിയെത്ര സുന്ദരം

ജോലിസ്ഥലങ്ങളിൽ നോ പറയുക എന്ന സാമാന്യപാഠം മുമ്പേ പറഞ്ഞല്ലോ. കൃത്യമായി ആശയവിനിമയം നടത്തുന്നതാണ് രണ്ടാമത്തെ വഴി. മറ്റുള്ളവരുടെ മനസ് വായിക്കാൻ എല്ലാവർക്കും സാധിക്കണമെന്ന് വാശിപിടിക്കരുത്. മനസിലെന്താണെന്ന് പറഞ്ഞു തന്നെ മനസിലാക്കണം. സഹപ്രവർത്തകരോട് മാത്രമല്ല, ജോലിസമ്മർദ്ദത്തെക്കുറിച്ച് വീട്ടുകാരോടും പറയണം. ആരെങ്കിലും ഒപ്പമുണ്ടെന്ന വെറുമൊരു തോന്നലിന് പോലും അതുല്യമായ ശക്തിയുണ്ട്. വീട് ഓഫീസിലേയ്ക്കും നേരെ തിരിച്ചും കൊണ്ടുവരാതിരിക്കാൻ ശ്രമിക്കുക. ഓഫീസ്, ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കെ വൈകിട്ട് തിരിച്ചു വീട്ടിലേയ്ക്ക് ചെല്ലുമ്പോൾ ജോലിസംബന്ധമായ കാര്യങ്ങൾ മറക്കുക. ശാരീരിക മാനസിക ആരോഗ്യം പരസ്പരപൂരകങ്ങളാണ്. ശരിയായ ഭക്ഷണരീതി, ഉറക്കം എന്നിവയ്ക്കൊപ്പം ധ്യാനത്തിനും യോഗയ്ക്കും സമയം കണ്ടെത്തണം. പത്തുമിനുട്ട് കണ്ണടച്ച് ഇരിക്കുന്നത് മാത്രമല്ല ധ്യാനമെന്ന് ഓർക്കുക. ഏത് പ്രവൃത്തിയും ഏകാഗ്രതയോടെ ചെയ്യുന്നതും ധ്യാനമാണ്. പ്രാധാന്യമനുസരിച്ച് ജോലികളെ തരം തിരിക്കുക. അവധിദിവസങ്ങളിൽ സ്വാർത്ഥരാകുക. കുറ്റബോധപ്പെടാതെ യാത്രകൾ നടത്തുക. പഴയൊരു സുഹൃത്തിനെ വിളിച്ച് സംസാരിക്കുക. ഇതിനെല്ലാമുപരി ചെയ്യുന്ന ജോലി ആസ്വദിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തുക. പറഞ്ഞുപോകുന്നത്ര നിസാരമല്ല ഒന്നും.

എന്നാൽ, എല്ലാം കഴിഞ്ഞ് പെൻഷനാകുമ്പോൾ വിശ്രമിക്കാമെന്നും സായാഹ്നങ്ങൾ ആസ്വദിക്കാമെന്നും കരുതിയിരിക്കുന്നവർ 'എല്ലാം കഴിഞ്ഞ്" പിന്നെ ശൂന്യതയാണെന്ന് ഓർക്കണം. ആത്യന്തികമായി പണവും ജീവിതവും ജോലിയും വിരൽചൂണ്ടുന്നത് സന്തോഷത്തിലേയ്ക്കും സമാധാനത്തിലേയ്ക്കുമാണല്ലോ...

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.