കൊച്ചി: കവിയൂർ പൊന്നമ്മയുടെ ജീവനറ്റ ദേഹത്തിനു മുന്നിൽ അവർ നിറകണ്ണുകളോടെ നിന്നു -- സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും. സിനിമയിലും ജീവിതത്തിലും അമ്മയായി നിറഞ്ഞുനിന്ന പൊന്നമ്മയുടെ ഭൗതികദേഹത്തിൽ മൂവരും പ്രാർത്ഥനയോടെ പൂക്കളർപ്പിച്ചു.
കളമശേരി ടൗൺ ഹാളിൽ രാവിലെ 9നാണ് മൃതദേഹം പാെതുദർശനത്തിനെത്തിച്ചത്. 9.40ന് മമ്മൂട്ടി എത്തി. മൃതദേഹത്തിനു സമീപം ഏറെനേരം നിന്നു. സാവധാനം സമീപത്തിരുന്നു. 12 മണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും മുമ്പ് എഴുന്നേറ്റ് വീണ്ടും കൂപ്പുകൈയോടെ നിന്നു.
രാവിലെ 10.25നാണ് മോഹൻലാൽ എത്തിയത്. പൊന്നമ്മയുടെ സമീപത്തെത്തി പ്രണാമം അർപ്പിച്ചു. മമ്മൂട്ടിക്ക് സമീപം ഇരുന്നു. 11.10 ന് അദ്ദേഹം മടങ്ങി. 11.15 നാണ് സുരേഷ് ഗോപി ടൗൺ ഹാളിൽ എത്തിയത്. കൈകൂപ്പി പ്രാർത്ഥിച്ച് പുഷ്പചക്രം സമർപ്പിച്ച അദ്ദേഹം അര മണിക്കൂറിലേറെ ഇവിടെ ചെലവഴിച്ചു. കരുമാല്ലൂരിൽ വീട്ടിലെത്തി സുരേഷ് ഗോപി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഒരു മണിയോടെ എത്തിയ അദ്ദേഹം 20 മിനിറ്റ് വീട്ടിൽ ചെലവഴിച്ചശേഷമാണ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |