SignIn
Kerala Kaumudi Online
Friday, 27 September 2024 5.45 AM IST

മനസ് തുറന്ന് മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
a

എ.ഡി.ജി.പി എം.ആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ പാർട്ടി സമ്മേളനകാലത്ത് ഉയർന്ന പി.വി അൻവറിന്റെ ആരോപണവും വയനാട്ടിലെ ദുരിതാശ്വാസ കണക്ക് വിവാദത്തിനും കൂടിയുള്ള മുഖ്യമന്ത്രി മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്ത് വന്നത്. ഭരണപരമായും രാഷ്ട്രീയമായും ആരോപണങ്ങളെ മുഴുവൻ തള്ളാൻ മുഖ്യമന്ത്രിയെടുത്തത് രണ്ട് മണിക്കൂറോളമാണ്. പുനരധിവാസ കണക്ക് വിവാദത്തിൽ മാദ്ധ്യമങ്ങളെ പ്രതിസ്ഥാനത്താക്കിയും കണക്കുകൾ നിരത്തിയും നേരിട്ടപ്പോൾ തന്റെ ഓഫീസിനെതിരായ ആരോപണങ്ങളിൽ പി.വി അൻവറിനെ പാടെ തള്ളി. പി. ശശിയെയും അജിത് കുമാറിനെയും ചേർത്തു നിറുത്തുന്ന നിലപാടാണ് സ്വീകരിച്ചത്.

വാനോളം വയനാടിന്

വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിലെ കാര്യങ്ങൾ വിശദീകരിച്ച അദ്ദേഹം വയനാടിന് നൽകിയ സഹായങ്ങളും അക്കമിട്ട് നിരത്തി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതരായ 173 കുടുംബങ്ങൾക്ക് നൽകിയ സഹായമടക്കം എട്ട് കോടിയിൽപ്പരം രൂപ നൽകി. ഇതിന് പുറമേ ഓരോ കുടുംബങ്ങൾക്കും സംസ്‌ക്കാര ചടങ്ങുകൾക്ക് 10,000 രൂപയും ഗുരുതരമായി പരിക്കേറ്റ 26 പേർക്ക് 17ലക്ഷത്തിപ്പരം രൂപയും നൽകിയെന്ന കണക്കുകൾ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ദുരന്തബാധിതർക്ക് നൽകിയ അടിയന്തിര സഹായങ്ങളും 1694 പേർക്ക് ലഭിച്ച ഉപജീവന സഹായവും ഇതിലുൾപ്പെടുന്നു. ചിലവഴിച്ച കോടികളുടെ കണക്കുകൾ അക്കമിട്ട് നിരത്തുമ്പോൾ കേന്ദ്രത്തിൽ നിന്നും ലഭിക്കാനിരിക്കുന്ന പണത്തിനായി എഴുതി നൽകിയ കണക്കിലെ വിവാദവും കൃത്യമായി വിശദീകരിച്ചു.

രൂക്ഷ വിമർശനമേറ്റ് മാദ്ധ്യമങ്ങൾ

കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിലെ വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മാദ്ധ്യമങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത്. ഓരോ മാദ്ധ്യമങ്ങളും കൊടുത്ത തലക്കെട്ട് ഉദ്ധരിച്ചും അത് വിശകലനം ചെയ്തും മാദ്ധ്യമങ്ങൾക്ക് നേരെ കൂരമ്പുകൾ വർഷിച്ചു. മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റ് തുകയെ ചിലവഴിച്ചതെന്ന് ദുർവ്യാഖ്യാനം ചെയ്ത് മാദ്ധ്യമങ്ങൾ നടത്തുന്നത് നശീകരണ മാദ്ധ്യമപ്രവർത്തനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഹൈക്കോടതിയുടെ വിധി ന്യായത്തെ ദുർവ്യാഖ്യാനം ചെയ്തത് കൂടി കണക്കിലെടുത്ത് വ്യാജ പ്രചരണങ്ങൾക്കെതിരെ സർക്കാർ നിയമനടപടികൾ സ്വീകരിക്കുമെന്ന് കൂടി അദ്ദേഹം പറഞ്ഞുവച്ചു. കേന്ദ്രത്തിന് നൽകുന്ന നിവേദനത്തിലെ തുക മനക്കണക്കിലൂടെ കൂട്ടാനാവില്ലെന്നും ഒരു കുടുംബത്തിന്റെ കണക്ക് പറയുന്ന ലാഘവത്തോടെയാണ് മാദ്ധ്യമങ്ങൾ ഇതിനെ കൈകാര്യം ചെയ്തതെന്ന വിമർശനവും അദ്ദേഹം അഴിച്ചുവിട്ടു. ഹൈക്കോടതി മുമ്പാകെ സമർപ്പിച്ച മെമ്മോറാണ്ടത്തിലെ വസ്തുതകൾ മനസ്സിലാക്കാനായില്ലെങ്കിൽ അതിനാവശ്യമായ വൈദഗ്ദ്ധ്യം ഉള്ളവരോട് ചോദിച്ച് തിരിച്ചറിയാനുള്ള സത്യസന്ധത കാണിച്ചില്ല. വിശദാംശങ്ങൾ അന്വേഷിക്കുക എന്ന അടിസ്ഥാന മാദ്ധ്യമധർമ്മം പാലിക്കാതെയാണ് സംഭവം കൈകാര്യം ചെയ്തതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കച്ചവട രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുക എന്ന നിലയിലേയ്ക്ക് അവർ അധഃപ്പതിച്ചെന്നുമായിരുന്നു വിമർശനം.

കോ-ലീ-ബിയെടുത്ത് കാട്ടി

യു.ഡി.എഫിന് പ്രതിരോധം

എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായാണെന്ന പ്രതിപക്ഷ ആരോപണത്തെ കോ-ലീ-ബി സഖ്യമെന്ന പഴയ വീഞ്ഞു കൊണ്ടാണ് പിണറായി നേരിട്ടത്. തങ്ങളുടെ രാഷ്ടീയ താത്പര്യത്തിന് വേണ്ടി പൊലീസുകാരെ പലതരം ഇടനിലകൾക്കായി ഉപയോഗിക്കുന്നത് കോൺഗ്രസ് ശൈലിയാണെന്നും ഇടതുമുന്നണിക്ക് അതില്ലെന്നും വ്യക്തമാക്കിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ അടിക്കാൻ വടിയൊരുക്കിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഉന്നമിട്ട് പഴയ ആരോപണത്തിന് അടിത്തറ നൽകാൻ മുഖ്യമന്ത്രി കൂട്ടുപിടിച്ചത് വെങ്ങാനൂർ ബാലകൃഷ്ണൻ എഴുതിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ജയറാം പടിക്കലിന്റെ ജീവചരിത്രത്തെയയിരുന്നു. കുപ്രസിദ്ധമായ കോ ലീ ബി സഖ്യത്തിന് ഇടനിലയും കാർമികത്വവും വഹിച്ചത് താൻ തന്നെയാണെന്ന് കെ. കരുണാകരന്റെ ഏറ്റവും വിശ്വസ്തനായ പൊലീസ് മേധാവി ജയറാം പടിക്കൽ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന് മറുപടി നൽകുന്നതിനൊപ്പം അദ്ദേഹത്തിന് നേരെയുയർന്ന ആരോപണത്തെ മുന്നണിക്കെതിരെ ഉയർന്ന ആരോപണമായി മാറ്റുന്ന രാഷ്ട്രീയ കൗശലം കൂടിയാണ് പുറത്തെടുത്തത്.

സി.പി.ഐയെയും

മുഖ വിലയ്‌ക്കെടുത്തില്ല

ആരോപണങ്ങളിൽപ്പെട്ട് അന്വേഷണം നേരിടുന്ന എ.ഡി.ജി.പിയെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന സി.പി.ഐയുടെ ആവശ്യവും നിലവിൽ മുഖവിലയ്‌ക്കെടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ആരുപറഞ്ഞാലും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ആർക്കെതിരെയും നടപടിയെടുക്കില്ലെന്നും അന്വേഷിച്ച് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നുമായിരുന്നു വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ പൂരം കലക്കൽ വിവാദത്തിൽ സി.പി.ഐയെ മയപ്പെടുത്താൻ 24ന് റിപ്പോർട്ട് ലഭിക്കുമെന്ന വിവരവും അദ്ദേഹം പങ്കുവച്ചു.

അൻവറിൽ അവിശ്വാസം:

അജിത്തിനും ശശിക്കും കവചം

എ.ഡി.ജി.പിക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും എതിരെ ഗുരുതര ആരോപണങ്ങളുയർത്തിയ പി.വി.അൻവറിൽ അവിശ്വാസം രേഖപ്പെടുത്തുന്ന മുഖ്യമന്ത്രിയെയാണ് വാർത്താസമ്മേളനത്തിൽ കേരളം കണ്ടത്. അദ്ദേഹം ആരോപണമുന്നയിച്ചതിന്റെ രീതിയും ഫോൺ റെക്കാഡ് ചെയ്യുന്ന നടപടിയെയും സംശയദൃഷ്ടിയോടെ കണ്ട മുഖ്യമന്ത്രി പരാതി നൽകാനുള്ള കാരണത്തെ ചാരി പരോക്ഷ വിമർശനമുയർത്തുകയും ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിലും സ്വർണം പൊട്ടക്കലിലും ഉൾപ്പെടെ എ.ഡി.ജി.പി അജിത് കുമാറിന് ബന്ധമുണ്ടെന്ന അൻവറിന്റെ ആരോപണം ഹവാല ഇടപാടുകാർക്കുള്ള അസ്വസ്ഥതടയുടെ ഭാഗമാണെന്ന് പറഞ്ഞായിരുന്നു വിമർശനമെന്നതുംശ്രദ്ധേയമാണ്. കോൺഗ്രസിൽ നിന്നെത്തിയ അൻവർ ഇടതുപക്ഷ പാരമ്പര്യമുള്ള ആളല്ലെന്നു പറഞ്ഞ പിണറായി, അൻവറിന്റെ പിന്നിൽ അണി നിരന്നിട്ടുള്ളതായി പറയുന്ന സി.പി.എമ്മിലെ ബദൽ ശക്തി കേന്ദ്രങ്ങളെക്കൂടി പൊളിക്കാനുള്ള ലക്ഷ്യമിട്ടാണ് നീക്കം നടത്തിയത്. പി.ശശി തന്റെ ഓഫീസിലിരുന്നത് നടത്തുന്നത് മാതൃകാപരമായ പ്രവർത്തനമാണെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ നിലപാടിൽ കടുകിടെ വ്യത്യാസമില്ലെന്ന സന്ദേശം കൂടിയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂടി പങ്കുവച്ചത്.

വരും ദിവസങ്ങളിൽ കേരളത്തിലെ മുന്നണി സംവിധാനങ്ങളിൽ തന്നെ രാഷ്ട്രീയ ചലനങ്ങൾ ഉടലെടുക്കാവുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സി.പി.എം സമ്മേളനകാലത്ത് ഉയർന്ന വിവാദങ്ങൾക്ക് മറുപടി നൽകി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രിക്ക് പാർട്ടിയിലും മുന്നണിയിലുമുള്ള അപശബ്ദങ്ങളെ ഇല്ലാതാക്കാമെങ്കിലും പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും ഉയർത്തുന്ന പ്രതിഷേധങ്ങളെ നേരിടാൻ കൂടുതൽ ജാഗ്രത വേണ്ടി വരും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PINARAYI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.