ആലപ്പുഴ: കടാശ്വാസ കമ്മിഷൻ കഴിഞ്ഞ മൂന്നുവർഷത്തിനിടെ അവാർഡ് ചെയ്ത 700 കോടി യോളംരൂപ സർക്കാർ നൽകാത്തതിനാൽ കർഷകർക്ക് വായ്പ കൊടുത്ത സഹകരണ ധനകാര്യ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും പണം ലഭ്യമാക്കാനുള്ള ഇച്ഛാശക്തി കൃഷി വകുപ്പിനില്ലാത്തതുമാണ് കാരണം.
കൃഷിനാശത്തിനിരയായി ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്തവരാണ് സർഫാസി ആക്ട് പ്രകാരമുള്ള നടപടികളിൽ നിന്ന് രക്ഷനേടാൻ കടാശ്വാസ കമ്മിഷനെ സമീപിക്കുന്നത്.കർഷകർക്ക് ഇളവായി കമ്മിഷൻ അനുവദിക്കുന്ന തുക സർക്കാരാണ് സഹകരണ സ്ഥാപനങ്ങൾക്ക് നൽകേണ്ടത്.തുക കിട്ടാതായതോടെ കമ്മിഷനുമായി സഹകരിക്കാൻ സഹകരണ സ്ഥാപനങ്ങൾ വിമുഖത കാട്ടുകയാണ്.
2012ലാണ് കേരള കർഷക കടാശ്വാസ കമ്മിഷൻ രൂപീകരിച്ചത്. പ്രകൃതി ക്ഷോഭങ്ങളും കർഷക ആത്മഹത്യകളും പരിഗണനാവിഷയങ്ങളാണ്. ജില്ലതിരിച്ചാണ് സിറ്റിംഗ്.
കടാശ്വാസം ഒരിക്കൽ മാത്രം
1. കടാശ്വാസം ഒരിക്കൽ മാത്രമേ ലഭിക്കൂ.പരമാവധി രണ്ട് ലക്ഷം രൂപവരെ അനുവദിക്കുന്നതിന് അധികാരമുള്ള കമ്മിഷൻ 2021ലെ പ്രളയത്തിന് മുമ്പുള്ള കടബാദ്ധ്യതകളാണ് പരിഗണിച്ചുവരുന്നത്.
2. അമ്പതിനായിരം രൂപ ബാദ്ധ്യതയുള്ള കർഷകന് പലിശയുൾപ്പെടെ 37,500 രൂപയാണ് ആശ്വാസമായി അനുവദിക്കുക. ശേഷിക്കുന്ന തുക പലിശയില്ലാതെ ആറുമാസത്തിനകം അടയ്ക്കാനും അവസരം. 4 ലക്ഷംവരെ പരമാവധി 50 ശതമാനം ഇളവ് ലഭിക്കും.
കടാശ്വാസ കമ്മിഷനും
കുടിശിക കെണിയിൽ
റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.എബ്രഹാം മാത്യു ചെയർമാനായ ഏഴംഗ കമ്മിഷനിൽ അംഗങ്ങളുടെ ടി.എയും ഡി.എയും 9 മാസമായി കുടിശികയാണ്. ജീവനക്കാർക്കും മാസങ്ങളായി സിറ്റിംഗ് അലവൻസില്ല. ഈ സാമ്പത്തിക വർഷം ഇതുവരെ 75,000ത്തോളം പരാതികളാണ് ലഭിച്ചത്.
ജീവനക്കാരുടെ കുറവ് അപേക്ഷകൾ തരംതിരിക്കാനും സിറ്റിംഗിനും തടസമാകുന്നു.
സിറ്റിംഗിന് പോകാൻ വാഹന വാടകയായി ലഭിക്കുന്നത് കി.മീറ്ററിന് 8 രൂപ.
`700 കോടി ഉടൻ സർക്കാർ അനുവദിക്കണം. കമ്മിഷൻ അംഗങ്ങൾക്കും ജീവനക്കാർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കണം.'
- സോണിച്ചൻ പുളിങ്കുന്ന്,
നെൽകർഷക സംരക്ഷണ സമിതി
`സാമ്പത്തിക പ്രതിസന്ധിയാണ് കാലതാമസത്തിന് കാരണം. സർക്കാരിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് നൽകും.'
- പി.പ്രസാദ്,
കൃഷിവകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |