തിരുവനന്തപുരം: അമ്മയുടെ വേർപാടിനുശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ സ്പീക്കർ എ.എൻ. ഷംസീറിനെ നേരിൽക്കണ്ട് ആശ്വസിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഇന്നലെ രാവിലെ 10.45ന് സ്പീക്കറുടെ വസതിയായ 'നീതി"യിൽ എത്തിയ ഗവർണർ, ഷംസീറിനൊപ്പം അല്പസമയം ചെലവിട്ടശേഷം മടങ്ങി.
സെപ്തംബർ 14നാണ് ഷംസീറിന്റെ മാതാവ് എ.എൻ. സറീന നിര്യാതയായത്. തുടർന്ന് കോടിയേരിയിലെ വസതിയിലായിരുന്ന അദ്ദേഹം ഇന്നലെ പുലർച്ചെയാണ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ തിരിച്ചെത്തിയത്.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം
നവംബർ 15 മുതൽ ആലപ്പുഴയിൽ
ആലപ്പുഴ: നവംബർ 15 മുതൽ 19 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, ദലീമ ജോജോ, യു.പ്രതിഭ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടർ അലക്സ് വർഗീസ്, മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, വിദ്യാഭ്യാസ ഉപഡയറക്ടർ എസ്.ശ്രീലത എന്നിവർ സംസാരിച്ചു.
"സുസ്ഥിര കേരളം "ലോഗോ പ്രകാശനം
തിരുവനന്തപുരം:പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കാനായി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ആഭിമുഖ്യത്തിൽ രൂപം കൊടുക്കുന്ന സുസ്ഥിര കേരളത്തിന്റെ ലോഗോ പ്രകാശനം ഇന്ന് നടക്കും.
വൈകിട്ട് 4.30ന് രാജ്ഭവനിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോഗോ പ്രകാശനം ചെയ്യും. സാമൂഹിക- ആത്മീയ നേതാക്കൾ പങ്കെടുക്കും.വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ ആണ് സുസ്ഥിര കേരളത്തിന്റെ മുഖ്യ ഉപദേഷ്ടാവ്.
നിപ ബാധിച്ച് മരിച്ചയാളുടെ രക്തസാമ്പിൾ
കടത്തിയെന്ന് പി.കെ. നവാസ്
മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച പതിനാലുകാരന്റെ രക്തസാമ്പിൾ അനധികൃതമായി തിരുവനന്തപുരത്തേക്ക് കടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൂനെ വൈറോളജി ലാബിൽ നിന്ന് ഫലം പോസിറ്റീവായ രക്തസാമ്പിളാണ് പ്രോട്ടോകോൾ മറികടന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലേക്കെന്ന് പറഞ്ഞു കൊണ്ടുപോയത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അറിവോടെ, സാമ്പിൾ എന്തിന് കൊണ്ടുപോയെന്നും ആരുടെ കൈവശമുണ്ടെന്നും വ്യക്തമാക്കണം. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ മരുന്ന് കമ്പനികൾക്ക് വേണ്ടിയാണോ സാമ്പിൾ കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും നവാസ് ആവശ്യപ്പെട്ടു.
ഷാനു ഇസ്മായിലിന്റെ മരണം:
ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ മുറിയിലെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിന്റെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയച്ചു. ഇയാൾ ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിക്കത്തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അമിത മദ്യലഹരിയിൽ കുഴഞ്ഞുവീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്
തന്ത്രിമണ്ഡല വിദ്യാപീഠം
പരീക്ഷകൾ നവംബർ 10ന്
തിരുവനന്തപുരം:തന്ത്രിമണ്ഡല വിദ്യാപീഠം പരീക്ഷകൾ നവംബർ 10ന് രാവിലെ 9.30ന് ചിറയിൻകീഴ് ശാർക്കര ദേവിക്ഷേത്രത്തിന്റെ വടക്കെനടയിൽ രമ്യാ ഓഡിറ്റോറിയത്തിൽ നടക്കും.
പൂജാവിശാരദ്,തന്ത്രപ്രവേശിക,തന്ത്രവിശാരദ്, ജ്യോതിഷപ്രവേശിക,ജ്യോതിഷവിശാരദ് , വാസ്തുപ്രവേശിക,വാസ്തുവിശാരദ് കോഴ്സുകളിൽ റഗുലർ / ഓപ്പൺ പരീക്ഷകളാണ് നടക്കുന്നത്.
15 മുതൽ പരീക്ഷയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.അവസാന തീയതി ഒക്ടോബർ 15.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447008599 (വാഴയിൽമഠം എസ്.വിഷ്ണു നമ്പൂതിരി,ജനറൽ സെക്രട്ടറി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |