SignIn
Kerala Kaumudi Online
Friday, 27 September 2024 7.57 AM IST

ഗൈനക്കോളജിസ്‌റ്റായ ശ്രീക്കുട്ടി കൊടുംക്രിമിനലായ അജ്‌മലിനെ സുഹൃത്താക്കിയതിന് പിന്നിൽ? കോടതിയിൽ കാത്തുനിന്ന് ആ 10 പേർ?

Increase Font Size Decrease Font Size Print Page
dr-sreekutti-ajmal

കേട്ടുകേൾവിയില്ലാത്ത തരം ക്രൂരവും നീചവുമായ പ്രവൃത്തികളാണിന്ന് നാട്ടിൽ അരങ്ങേറുന്നത്. മദ്യവും മയക്കുമരുന്നും രാസലഹരിയും തീർക്കുന്ന വിഷലിപ്താന്തരീക്ഷത്തിൽ മനുഷ്യൻ അധമപ്രവൃത്തികൾ ചെയ്ത് 'നരാധമൻമാർ' എന്ന നിലയിലേക്കെത്തുന്നു. അത്തരത്തിലൊരു നരാധമ പ്രവൃത്തിയുടെ ഞെട്ടലിൽ വിറങ്ങലിച്ചു നിൽക്കുകയാണൊരു നാട്. റോഡുകളിൽ അരങ്ങേറുന്ന നരഹത്യയുടെ അവിശ്വസനീയമായൊരു ഏടിനാണ് തിരുവോണ നാളിൽ വൈകിട്ട് 5.47 ന് കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷൻ സാക്ഷ്യം വഹിച്ചത്. രണ്ട് വീട്ടമ്മമാർ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാലന്റെ രൂപത്തിൽ പാഞ്ഞെത്തിയ കാർ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. സാധാരണയുള്ള ഒരപകടമായി ഇവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ പിന്നീട് സംഭവിച്ചതാണ് ആരെയും നടുക്കുന്ന കൊടും ക്രൂരതയായി മാറിയത്.

സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച കാറിനെ ഓടിക്കൂടിയ നാട്ടുകാർ തടഞ്ഞു നിറുത്താൻ ശ്രമിച്ചെങ്കിലും കാർ മുന്നോട്ടെടുക്കാനാണ് ശ്രമിച്ചത്. എന്നാൽ റോഡിൽക്കിടന്ന സ്ത്രീയുടെ ദേഹത്ത് തട്ടി നിന്നതിനാൽ കാർ മുന്നോട്ട് നീങ്ങിയില്ല. ഓടിക്കൂടിയവരുടെ ബഹളം അവഗണിച്ച് കാർ രണ്ടുവട്ടം പിന്നോട്ടെടുത്തു. 'വണ്ടി എടുക്കല്ലേ' എന്ന് നാട്ടുകാർ വിളിച്ചുകൂവിയെങ്കിലും അതിവേഗം മുന്നോട്ടെടുത്ത കാറിന്റെ മുൻ, പിൻ ചക്രങ്ങൾ കുഞ്ഞുമോൾ (48) എന്ന വീട്ടമ്മയുടെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. റോഡിൽ കിടക്കുന്ന ഏതോ പാഴ് വസ്തുവിനു മുകളിലൂടെ ഓടിച്ചു പോകുന്ന ലാഘവത്തോടെ കുഞ്ഞുമോളുടെ ദേഹത്തുകൂടി അതിവേഗത്തിൽ ഓടിച്ചു പോയ കാറിനെ നാട്ടുകാർ ഏഴു കിലോമീറ്ററോളം പിന്തുടർന്ന് കരുനാഗപ്പള്ളി കോടതിക്ക് സമീപം വച്ച് തടഞ്ഞെങ്കിലും കാറോടിച്ചയാൾ കാറുപേക്ഷിച്ച് മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. എന്നാൽ കാറിലുണ്ടായിരുന്ന യുവതി ഇതിനിടെ അടുത്ത വീട്ടിൽ ഓടിക്കയറി. പാഞ്ഞെത്തിയ നാട്ടുകാർ യുവതിയെ പിടികൂടി പൊലീസിന് കൈമാറി. വാരിയെല്ലുകൾ നുറുങ്ങി ശ്വാസകോശം തകർന്നതാണ് കുഞ്ഞുമോളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്.

അറസ്റ്റിലായത് കൊടും ക്രിമിനലും യുവഡോക്ടറും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണൽ പുന്തല തെക്കതിൽ വീട്ടിൽ മുഹമ്മദ് അജ്മൽ (29), കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ നെയ്യാറ്റിൻകര വഴുതൂർ അനുപമ ഹൗസിൽ ശ്രീക്കുട്ടി (27) എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാറോടിച്ചിരുന്ന അജ്മലിനെ പിറ്റേ ദിവസം ശൂരനാടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായതായാണ് ശാസ്താംകോട്ട പൊലീസ് പറഞ്ഞത്. മൈനാഗപ്പളളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുംവിളയിൽ നൗഷാദിന്റെ ഭാര്യയാണ് ദാരുണമായി മരിച്ച കുഞ്ഞുമോൾ. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധുവായ ഫൗസിയക്ക് പരിക്കേറ്റു. അപകടം ഉണ്ടായ ഉടൻ കാർ നിറുത്തിയിരുന്നെങ്കിൽ കുഞ്ഞുമോളും പരിക്കുകളോടെ രക്ഷപ്പെടുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ലഹരിയിലൂടെ വഴിവിട്ട ബന്ധങ്ങൾ

ലഹരിയിലൂടെ രൂപപ്പെടുന്ന വഴിവിട്ട ബന്ധങ്ങൾ പലപ്പോഴും കൊടുംകുറ്റകൃത്യത്തിലേക്ക് നയിക്കുന്നതിന്റെ നേർചിത്രമാണ് തിരുവോണ നാളിൽ മൈനാഗപ്പള്ളിയിലുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ജൂനിയർ ഡോക്ടറായ ശ്രീക്കുട്ടി ക്രിമിനൽ കേസുകളടക്കം എട്ടോളം കേസുകളിലെ പ്രതിയായ അജ്മലുമായി എങ്ങനെ സൗഹൃദത്തിലായെന്നതാണ് ആരെയും അത്ഭുതപ്പെടുത്തുന്നത്. വടക്കൻ മൈനാഗപ്പള്ളി പള്ളിക്ക് സമീപത്തു നിന്ന് ചന്ദനമരം മുറിച്ചു കടത്തിയതിനും കാർ വാടകയ്ക്കെടുത്ത ശേഷം തിരികെ നൽകാത്തതിനും അടക്കമുള്ള കേസുകളാണ് അജ്മലിനെതിരെ നിലവിലുള്ളത്. ആശുപത്രിയിലെത്തി ശ്രീക്കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അജ്മൽ ശ്രീക്കുട്ടിയുമൊത്ത് മദ്യപാനമടക്കം ലഹരി ഉപയോഗത്തിൽ ഏർപ്പെടുമായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

അപകടം നടന്ന ദിവസം ഇരുവരും മൈനാഗപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി ഓണസദ്യ കഴിച്ച ശേഷം സമീപത്തെ ക്ഷേത്രമൈതാനത്ത് കാർ ഒതുക്കിയിട്ട് മദ്യപിച്ചു. തുടർന്ന് കരുനാഗപ്പള്ളിയിൽ ശ്രീക്കുട്ടിയെ എത്തിക്കാനായുള്ള ഓട്ടത്തിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഡോ. ശ്രീക്കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടാതിരിക്കാനും നാട്ടുകാരുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെടാനുമാണ് കാർ നിർത്താതെ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കിയതെന്നാണ് പൊലീസ് പറയുന്നത്. തകർന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നെത്തിയ ശ്രീക്കുട്ടി ഒരു വർഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ചുമതലയേറ്റത്. അവിടെ റെയിൽവെ സ്റ്റേഷനു സമീപം വാടകവീട്ടിലായിരുന്നു താമസം. ഇതിനിടെ ആശുപത്രിയിൽ വച്ച് പരിചയത്തിലായ അജ്മലും മറ്റു സുഹൃത്തുക്കളുമൊത്ത് വാടകവീട്ടിൽ മദ്യസൽക്കാരവും മറ്റു ലഹരി ഉപയോഗവും പതിവാക്കി. സൗഹൃദ ബന്ധം മുതലാക്കി ശ്രീക്കുട്ടിയിൽ നിന്ന് ലക്ഷങ്ങളുടെ പണവും സ്വർണവും അടക്കം അജ്മൽ കൈക്കലാക്കിയതായി ശ്രീക്കുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മന:പൂർവമുള്ള നരഹത്യയടക്കം അജ്മലിനെതിരെയും പ്രേരണാക്കുറ്റത്തിന് ഡോ. ശ്രീക്കുട്ടിക്കെതിരെയും കേസെടുത്തു. അജ്മൽ കൊല്ലം ജില്ലാ ജയിലിലും ഡോ. ശ്രീക്കുട്ടി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാൻഡിലാണ്.

പ്രതികളെ സഹായിക്കാൻ ലഹരി മാഫിയ

പ്രതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുന്നതിന്റെ ഭാഗമായി ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കാനെത്തിയപ്പോൾ അജ്മലിന്റെ സഹായികളായ പത്തംഗ സംഘം അവിടെ കാത്തുനിൽപ്പുണ്ടായിരുന്നെന്നാണ് വിവരം. ഇവർ ലഹരി മാഫിയയിലെ കണ്ണികളാണെന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വൈദ്യ പരിശോധനയ്ക്കായി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴും തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയപ്പോഴും ഈ സംഘം പൊലീസ് വാഹനവ്യൂഹത്തെ പിന്തുടർന്നു. അപകടം നടന്ന ആനൂർക്കാവിൽ പ്രതികളെ തെളിവെടുപ്പിനായി എത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സംഘർഷമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തെളിവെടുപ്പ് ഒഴിവാക്കി. പ്രതികൾക്കെതിരെ നാട്ടുകാരിൽ നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നതിനു പുറമെ മാഫിയ സംഘത്തിലെ അംഗങ്ങളും അവിടെ നിലയുറപ്പിച്ചിരുന്നു. പ്രതികൾക്ക് നേരെ നാട്ടുകാരിൽ നിന്ന് എതിർപ്പോ കയ്യേറ്റ ശ്രമമോ ഉണ്ടായാൽ അതിൽ നിന്ന് പ്രതികളെ സംരക്ഷിക്കാനായിരുന്നു ഇവരുടെ സാന്നിദ്ധ്യം. നാട്ടുകാരും മാഫിയ സംഘവുമായുള്ള കയ്യാങ്കളിയിൽ എത്തുമെന്ന സൂചനയെ തുടർന്നാണ് അവസാന നിമിഷം ആനൂർക്കാവിലെ തെളിവെടുപ്പിൽ നിന്ന് പൊലീസ് പിന്മാറിയത്.

അപകടം നടന്ന സ്ഥലത്തു നിന്ന് രക്ഷപ്പെട്ട അജ്മലിനെ കാർ ഉപേക്ഷിച്ച് രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചത് ഈ സംഘമാണെന്ന വിവരവും പൊലീസിന് ലഭിച്ചു. ലഹരി മാഫിയയിലെ കണ്ണിയായ അജ്മലിന് സിന്തറ്റിക് ലഹരി എത്തിച്ചിരുന്നതും ഈ സംഘമാണെന്നാണ് കരുതുന്നത്. പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നതായുള്ള തെളിവുകൾ ലഭിച്ചതും പത്തംഗ സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസിന് പ്രേരകമായിട്ടുണ്ട്. അജ്മലും ശ്രീക്കുട്ടിയും തമ്മിൽ ഏറെ നാളായി പരിചയത്തിലാണെന്നതിനു പുറമെ ഇവർ ഒരുമിച്ച് താമസിക്കുകയും പലയിടങ്ങളിലും സഞ്ചരിക്കുകയും ചെയ്തതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഇവർ ഒരുമിച്ച് താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് മയക്കുമരുന്ന് കുത്തിവയ്ക്കാനുപയോഗിക്കുന്ന സിറിഞ്ചുകളും കണ്ടെടുത്തിട്ടുണ്ട്. സമാനതകളില്ലാത്തതും മാപ്പർഹിക്കാത്തതുമായ കൊടും ക്രൂരതയിൽ നഷ്ടമായത് ഒരു കുടുംബത്തിന്റെ ഗൃഹനാഥയെയാണ്. അപകടത്തിൽപെട്ട് വീണു കിടക്കുന്നയാളിന്റെ നെഞ്ചിലൂടെ വാഹനം കയറ്റിയിറക്കാൻ തോന്നുന്ന ക്രൂരതയും കാട്ടാളത്തവും ഇനി ആവർത്തിക്കാതിരിക്കാനുള്ള നടപടിയും മുൻകരുതലും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, MYNAGAPPALLY MURDE CASE, AJMAL, DR SREEKUTTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.