മേപ്പടിയാൻ ചിത്രത്തിൽ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി നിഖില വിമൽ. ആ കഥാപാത്രത്തിന് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടാണ് ആ ചിത്രം വേണ്ടെന്നുവച്ചതെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രം വിഷ്ണു മോഹൻ ആയിരുന്നു സംവിധാനം ചെയ്തത്.
'അഭിനയിക്കാൻ ഒന്നുമില്ലായിരുന്നു. സത്യായിട്ടും. ആദ്യമായി എന്നോട് കഥ പറയാൻ വന്നപ്പോൾ ജീപ്പിൽ വരുന്നെന്നും ജീപ്പിൽ പോകുന്നെന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ക്രിപ്റ്റ് ചോദിച്ചപ്പോൾ, സ്ക്രിപ്റ്റ് കുത്തിവരച്ചിരിക്കുകയാണെന്നും തരാൻ കഴിയില്ലെന്നും പറഞ്ഞു. അപ്പോൾ എനിക്ക് മനസിലായി അതിനകത്ത് ഒരു തേങ്ങയുമില്ലെന്ന്. അങ്ങനെയാണ് ഞാൻ ചെയ്യാതിരുന്നത്. ശരിക്കും ഒന്നും ഉണ്ടായിരുന്നില്ല. അഞ്ജു ചെയ്യുമ്പോഴേക്ക് ക്യാരക്ടർ ഡെവലപ് ചെയ്തിട്ടുണ്ട്. എന്റെയടുത്ത് പറഞ്ഞപ്പോൾ ജീപ്പിൽ പോണതേയുള്ളൂ. അനുശ്രിയുടെ അടുത്ത് പറഞ്ഞപ്പോൾ ജീപ്പിൽ വരുന്നതേയുണ്ടായിരുന്നുള്ളൂ. എന്റെ ക്യാരക്ടറിനെ കുറച്ച് ഡവലപ് ചെയ്യാൻ പറ്റുമോയെന്ന സ്പേസിൽ അല്ല ആ സിനിമ ഇരിക്കുന്നത്. ഒന്നും ചെയ്യാനില്ലെന്ന് വിചാരിച്ചാണ് ചെയ്യാതിരുന്നത്.'- നിഖില വിമൽ പറഞ്ഞു.
മേപ്പടിയാനിൽ അഭിനയിക്കാതിരുന്നതിൽ വിഷ്ണുവിന് വളരെ വിഷമമായെന്ന് ആളുകൾ പറഞ്ഞിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. അതേസമയം, വിഷ്ണു മോഹൻ സംവിധാനം ചെയ്ത കഥ ഇന്നുവരെ എന്ന ചിത്രത്തിൽ നിഖില വിമലും അനുശ്രിയും അഭിനയിച്ചിട്ടുണ്ട്. മേതിൽ ദേവിക, ബിജുമേനോൻ അടക്കമുള്ളവരും ചിത്രത്തിലുണ്ട്. അടുത്തിടെയാണ് സിനിമ തീയേറ്ററുകളിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |