അവാർഡുകളൊന്നും തന്നെ ഒരിക്കലും സന്തോഷിപ്പിച്ചിട്ടില്ലെന്ന് നടൻ വിജയരാഘവൻ. സംസ്ഥാനപുരസ്‌കാരം അടുത്തിടെ ലഭിച്ചപ്പോഴും പരിധിയിൽ കൂടുതൽ സന്തോഷിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, പ്രേക്ഷകർ നൽകുന്ന അഭിപ്രായമാണ് 10 അവാർഡുകളെക്കാൾ സന്തോഷം പകരുന്നതെന്നും വിജയരാഘവൻ പ്രതികരിച്ചു. അഭിനയിക്കാൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെ ആയെങ്കിലും സംസ്ഥാന അവാർഡ് ലഭിക്കുന്നത് ഇപ്പോൾ മാത്രമാണ്. ജയമോ പരാജയമോ തന്നെ ബാധിക്കാറില്ല. ഇത്രയും നാൾ അവാർഡ് കിട്ടിയില്ല എന്നത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.
''ഏകലവ്യനിലെ ചേറാടിക്കറിയയോ, ദേശാടനത്തിലെ കഥാപാത്രമോ ചെയ്‌ത പ്രായത്തിലായിരുന്നു അവാർഡ് കിട്ടിയതെങ്കിൽ സന്തോഷിച്ചേനെ. അന്നൊക്കെ നടൻ എന്ന നിലയിൽ വളർച്ചയുടെ കാലഘട്ടമായിരുന്നു. ഇപ്പോൾ അവാർഡുകളിൽ വലിയ സന്തോഷമൊന്നും തോന്നുന്നില്ല. ഈ പറയുന്നത് പുച്ഛിക്കലോ ഒന്നുമല്ല. സന്തോഷത്തോടെ രണ്ടുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. വ്യക്തിപരമായ അഭിപ്രായം പറഞ്ഞുവെന്ന് മാത്രം.
തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അവാർഡ് പ്രേക്ഷകരുടെ അഭിപ്രായമാണെന്നും വിജയരാഘവൻ പറഞ്ഞു. അതാണ് അഭിനയജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. 10 അവാർഡ് കിട്ടിയാലും ആ സന്തോഷത്തോളം വരില്ല. സംസ്ഥാന അവാർഡ് പ്രാഖ്യാപിക്കപ്പെട്ട ദിവസം ഞാൻ മകനൊപ്പം യുകെയിൽ ആയിരുന്നു. ഇവിടെ അനൗൺസ് ചെയ‌്തപ്പോൾ അവിടെ നേരം വെളിത്തിട്ടേയുള്ളൂ. ഫോണിൽ വിളിച്ച് അവാർഡ് കാര്യം അറിയിച്ചു. ചാനലുകളിൽ നിന്ന് പലരും വിളിച്ച് ഇന്റർവ്യൂ വേണം എന്നായി. നാട്ടിൽ രണ്ടുദിവസത്തിനകം എത്തും നേരിട്ട് തരാം എന്നായി ഞാൻ. എയർപോർട്ടിൽ വന്നിറങ്ങിയതും ഫോൺ വന്നു. പക്ഷേ സംസാരിച്ചത് ചേട്ടാ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അഭിപ്രായം എന്താണെന്ന് ചോദിച്ചായിരുന്നു. ചിരിക്കണോ കരയണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. പിന്നീടാർക്കും അവാർഡിനെ കുറിച്ച് ചോദിക്കണ്ടായിരുന്നു''-വിജയരാഘവന്റെ വാക്കുകൾ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |