ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത് 72-ാം ദിവസം. ആദ്യദിനങ്ങളിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് പരാതിയുണ്ടായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തിലാണ് കർണാടക രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. അതിനിടെ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം തെരച്ചിൽ നിറുത്തി.
പിന്നീടാണ് തെരച്ചിലിനായി ഡ്രെഡ്ജറെത്തിച്ചത്. തെരച്ചിലിനെത്തിയ ഈശ്വർ മാൽപെ അധികൃതരുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. അർജുനായുള്ള കാത്തിരിപ്പിന്റെ നാൾവഴി.
ജൂലായ് 15: ഷിമോഗയിൽ നിന്ന് മരത്തടികളുമായി അർജുൻ കേരളത്തിലേക്ക്. ഷിരൂർ ദേശീയപാതയിൽ ഗംഗാവലി പുഴക്കരയിലെ ലക്ഷ്മണന്റെ ചായക്കടക്ക് സമീപം രാത്രി ലോറി നിർത്തി വീട്ടുകാരുമായി ഫോണിൽ സംസാരിക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം പുലർച്ചെ 3.30ന് ക്യാബിനിൽ ഉറങ്ങാൻ കിടക്കുന്നു. കനത്ത മഴയിലും അതുവഴി ലോറി ഓടിച്ചുവന്ന സുഹൃത്തുക്കൾ സവാദും വിനീഷും ലോറിയിൽ ഉറങ്ങുന്ന അർജുനെ കാണുന്നു.
16 രാവിലെ 8.45: ദേശീയപാത 66ൽ ഷിരൂരിലെ മലഞ്ചരുവിലുള്ള ലക്ഷ്മണയുടെ ചായക്കടയ്‌ക്ക് സമീപം മണ്ണിടിച്ചിൽ. അർജുന്റെ ലോറിയുൾപ്പെടെ കാണാതായി. മൂന്നു ടാങ്കറുകളും ഒരു ലോറിയും കാറും റോഡിലുണ്ടായിരുന്നു.
18: അർജുന്റെ ബന്ധു ജിതിനും ലോറി ഉടമ മനാഫും ബന്ധുക്കളെയും മാദ്ധ്യമങ്ങളെയും വിവരമറിയിക്കുന്നു. തെരച്ചിൽ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കർണാടക മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നു.
19: കേരളത്തിലെ രക്ഷാപ്രവർത്തകർ ഷിരൂരിലേക്ക് പറന്നെത്തി. കർണാടക എൻ.ഡി.ആർ.എഫിന്റെയും നാവിക സേനയുടെയും സഹായം തേടി. കാർവാറിൽ നിന്ന് രണ്ടു ഗ്രൂപ്പ് നാവികർ ഷിരൂരിലെത്തി. കരയിലും പുഴയിലും പരിശോധന തുടങ്ങി. തെരച്ചിൽ പേരിനു മാത്രമാണെന്ന് അർജുന്റെ കുടുംബം ആരോപിച്ചു. എം.കെ. രാഘവൻ എം.പിയെയും വിവരമറിയിച്ചു.
20: റഡാർ പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് മൂന്നു സിഗ്നൽ ലഭിച്ചു. ജി.പി.എസ് ലൊക്കേഷൻ കാണിച്ച സ്ഥലത്ത് രക്ഷാപ്രവർത്തനം കേന്ദ്രീകരിക്കുന്നു.
21: രക്ഷാപ്രവർത്തനം ഇഴയുകയാണെന്നു കാണിച്ച് അർജുന്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തെരച്ചിലിന് കർണാടക ബെൽഗാമിലെ സൈനിക കേന്ദ്രത്തിൽ നിന്ന് 40 അംഗ സംഘമെത്തി. റോഡിൽ വീണ 98 ശതമാനം മണ്ണും മാറ്റി. തുടർന്ന് തെരച്ചിൽ ഗംഗാവലി പുഴയിലേക്ക് നീളുന്നു
22: കരയിൽ ലോറി ഇല്ലെന്ന് സൈന്യം സ്ഥിരീകരിക്കുന്നു. രക്ഷാപ്രവർത്തനത്തിന് കോഴിക്കോട്ട് നിന്നുള്ള 18 അംഗ സന്നദ്ധ സംഘം ഷിരൂരിലേക്ക്. പുഴയിൽ കണ്ടെത്തിയ എൽ.പി.ജി ബുള്ളറ്റ് ടാങ്കർ കരയിലെത്തിച്ചു.
23: ഗംഗാവലി പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച ഇടത്തുതന്നെ സോണാർ സിഗ്നൽ ലഭിച്ചു. അപകടത്തിൽ കാണാതായ സന്നി ഹനുമന്തയെന്ന സ്ത്രീയുടെ മൃതദേഹം തെരച്ചിലിൽ കണ്ടെത്തി. അപകടം നടന്നതിന് 12 കിലോമീറ്റർ അകലെ നിന്നാണ് മൃതശരീരം കിട്ടിയത്. തെരച്ചിലിന് കൂരാച്ചുണ്ട് റെസ്ക്യൂ ടീമും സ്ഥലത്തെത്തി.
24: അർജുനായുള്ള തെരച്ചിൽ വൈകിയില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ
25: തെരച്ചിലിന് മലയാളിയായ റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലനെത്തുന്നു. മഴ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നു. രാത്രി നടക്കേണ്ട ഡ്രോൺ പരിശോധന തടസപ്പെട്ടു.
26: അർജുനെ കണ്ടെത്താൻ സൈന്യത്തിന്റെ കൂടുതൽ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു
27: അർജുനെ തെരയാൻ മത്സ്യത്തൊഴിലാളികളും. ഈശ്വർ മാൽപെയും സംഘവും ദൗത്യം ഏറ്റെടുത്തു.
28: തെരച്ചിൽ താത്കാലികമായി നിറുത്തി കർണാടക. കേരളം എതിർത്തതോടെ ദൗത്യം തുടരുമെന്ന് വിശദീകരണം.
29: കാലാവസ്ഥ അനുകൂലമെങ്കിൽ തെരച്ചിൽ നടത്തുമെന്ന് കർണാടക
30: ഡ്രെഡ്ജർ എത്തിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ തൃശൂർ കാർഷിക സർവകലാശാലാ പ്രതിനിധികൾ സ്ഥലത്തെത്തി. തെരച്ചിൽ സാദ്ധ്യമെന്ന് പ്രതിനിധികൾ
ആഗസ്റ്റ് ഒന്ന്: ഷിരൂരിലെ ദേശീയപാതയിലൂടെ 17 ദിവസത്തിനു ശേഷം വാഹനം കടത്തിവിട്ടു
മൂന്ന്: അമാവാസി നാളിൽ പുഴയിലെ വെള്ളം കുറയുമ്പോൾ തെരച്ചിലിന് തയാറെന്ന് മാൽപെ. ഷിരൂരിലേക്ക് തൃശൂരിലെ ഡ്രെഡ്ജർ എത്തിക്കേണ്ടെന്ന് തീരുമാനം.
നാല്: ഷിരൂരിൽ കാലാവസ്ഥ പ്രതികൂലം; ഈശ്വർ മാൽപെയെ പുഴയിലിറങ്ങാൻ പൊലീസ് അനുവദിച്ചില്ല.
ഏഴ്: അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി. ജൂനിയർ ക്ലർക്കായി താത്കാലിക നിയമനം
10: അർജുനായി വീണ്ടും തെരച്ചിൽ. പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞത് അനുകൂലമായി.
13: ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും മരവാതിലിന്റെ ഭാഗവും കണ്ടെത്തി.
14: നാവികസേന കണ്ടെത്തിയ കയർ അർജുന്റെ ലോറിയിലേതെന്ന് സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്.
15: തെരച്ചിലിന് ഈശ്വർ മാൽപെയോടൊപ്പം തിരുവേഗപ്പുറ പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ദ്ധരും
16: അർജുന്റെ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ ലഭിച്ചു.
28: ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കുമെന്ന് അർജുന്റെ കുടുംബത്തിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്.
സെപ്തംബർ 18: ഗോവയിൽ നിന്ന് ടഗ് ബോട്ടുകളുടെ സഹായത്തോടെ ഡ്രഡ്ജർ കാർവാറിലത്തിച്ചു.
20: അർജുനടക്കം മൂന്ന് പേർക്കായി ഗംഗാവലിപ്പുഴയിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ
21: പുഴയിൽ നിന്ന് സ്റ്റിയറിംഗ്, ക്ലച്ച്, ടയർ എന്നിവ കണ്ടെത്തി. അർജുന്റെ ലോറിയുടേതെന്നു കരുതിയെങ്കിലും പിന്നീട് അല്ലെന്നു സ്ഥിരീകരണം.
22: പുഴയിൽനിന്ന് അസ്ഥിക്കഷണം ലഭിച്ചു. ജില്ലാ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഈശ്വർ മാൽപെ തെരച്ചിൽ നിറുത്തി മടങ്ങി.
23: തെരച്ചിലിന് മലയാളിയായ റിട്ട.മേജർ ജനറൽ എം. ഇന്ദ്രബാലനും സാങ്കേതികപരിശീലനം നേടിയ ടീം അംഗങ്ങളുമെത്തി.
25: അർജുന്റെ ലോറി കണ്ടെത്തി. കാബിനിൽ മൃതദേഹവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |