ബംഗളൂരു: യുവതിയെ കൊന്ന് കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജിൽ വച്ച സംഭവത്തിൽ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാലക്ഷ്‌മി കൊലക്കേസിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസ് തെരഞ്ഞുകൊണ്ടിരുന്ന മുക്തി രഞ്ജൻ റോയിയെ ആണ് ഒഡീഷയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. മരത്തിൽ തൂങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനം. മഹാലക്ഷ്‌മിയെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചുകൊണ്ട് എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സംഭവത്തിൽ ഒഡീഷ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കുറിപ്പ് ലഭിച്ചതോടെ മഹാലക്ഷ്‌മിയെ ക്രൂരമായി കൊലപ്പെടുത്തിയത് മുക്തി രഞ്ജൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ദിവസങ്ങൾക്ക് മുമ്പ് ബംഗളൂരു വയലിക്കാവിലെ വിനായക നഗറിലുള്ള വാടക വീട്ടിലാണ് മഹാലക്ഷ്‌മിയുടെ മൃതദേഹം 50 കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ സഹപ്രവർത്തകനായിരുന്ന മുക്തി രഞ്ജനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതലേ അന്വേഷണം നീങ്ങിയത്. ഒരു മാളിൽ ,സെയിൽസ് വുമണായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്‌മി. 2023 മുതൽ മഹാലക്ഷ്‌മിയുടെ സുഹൃത്തായിരുന്നു മുക്തി രഞ്ജൻ.
ആറ് വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച ശേഷം മഹാലക്ഷ്‌മി ഒറ്റയ്‌ക്കായിരുന്നു ബംഗളൂരുവിൽ താമസം. ഇതിനിടെയാണ് ഇവർ മുക്തി രഞ്ജനുമായി അടുത്തത്. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ സമീപത്തുള്ളവരാണ് മഹാലക്ഷ്‌മിയുടെ ബന്ധുക്കളെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |