യു.കെ സ്റ്റുഡന്റ് വിസക്കുള്ള കുറഞ്ഞ സാമ്പത്തിക നീക്കിയിരിപ്പ് 1.63 ലക്ഷം രൂപയായി ഉയർത്തി. 2020 ശേഷമാണ് ഈ വർദ്ധനവ്. കുറഞ്ഞത് 9 മാസമെങ്കിലും മാസ നീക്കിയിരുപ്പ് 1.63 ലക്ഷമുണ്ടായിരിക്കണം. വർദ്ധിച്ചു വരുന്ന യു.കെയിലെ ജീവിതച്ചെലവുകൾ കണക്കിലെടുത്താണിത്. 2025 ജനുവരി രണ്ടു മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും ഇത് വിദ്യാർത്ഥി റിക്രൂട്‌മെന്റിനെ ബാധിക്കാനിടയില്ല. പഠനത്തിനുള്ള അനുമതിക്കായുള്ള CAS സർട്ടിഫിക്കറ്റിന് ഇതാവശ്യമാണ്. ബാങ്ക് വായ്പയെടുക്കുന്നവർ ഇതിനുള്ള തെളിവ് സമർപ്പിക്കണം. ഒരു വർഷമായി യു.കെ വിസ ഉള്ളവർ, പിജി ഡോക്ടർമാർ എന്നിവർക്ക് ഇതിൽ നിന്ന് ഇളവ് ലഭിക്കും.
സ്വിസ് ഗവണ്മെന്റ് സ്‌കോളർഷിപ്പ്
സ്വിറ്റ്‌സർലന്റിൽ ഗവേഷണത്തിൽ താത്പര്യമുള്ളവർക്ക് സ്വിസ്സ് ഗവണ്മെന്റ് എക്‌സലൻസ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 2025-26 വർഷം ആരംഭിക്കുന്ന ഗവേഷണ, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ കോഴ്‌സുകൾക്കാണ് സ്‌കോളർഷിപ് അനുവദിക്കുന്നത്. ഫെഡറൽ കമ്മിഷൻ ഫോർ സ്‌കോളർഷിപ്സാണ് വിദ്യാർത്ഥികളെ കണ്ടെത്തുന്നത്. ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഏത് വിഷയം പ ഠിച്ചവർക്കും അപേക്ഷിക്കാവുന്നതാണ് . അപേക്ഷകർ 1989 ഡിസംബർ 31നുശേഷം ജനിച്ചവരാകണം. അപേക്ഷയോടൊപ്പം റിസർച്ച് പ്രൊപ്പോസൽ,സി.വി എന്നിവ അപ്‌ലോഡ് ചെയ്യണം. ഒരു വർഷമാണ് സ്‌കോളർഷിപ് കാലയളവ്. www.sbfi.admin.ch.
സെറ്റ് 2025 പരീക്ഷ
ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർ സെക്കണ്ടറി (നോൺ വൊക്കേഷണൽ) അദ്ധ്യാപകരാകാനുള്ള യോഗ്യത പരീക്ഷയായ സെറ്റ്- 2025 (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്) ബിരുദാനന്തര ബിരുദം,ബി.എഡ് എന്നിവ 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ചില വിഷയങ്ങളെ ബി.എഡ് യോഗ്യതയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനുവരിയിൽ നടക്കുന്ന പരീക്ഷയ്ക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പമുള്ള സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ കോപ്പി ഒക്‌ടോബർ 30നകം എൽ.ബി.എസ് സെന്ററിലേക്ക് അയക്കണം. www.lbscentre.kerala.gov.in.
നീറ്റ് യു.ജി സിലബസിൽ മാറ്റം
2025ൽ നടക്കുന്ന നീറ്റ് യു.ജി പരീക്ഷയുടെ ബയോളജി സിലബസിൽ മാറ്റം വരുത്തി. എൻ.സി.ഇ.ആർ.ടി സിലബസിലില്ലാത്ത ഭാഗങ്ങളും, വെയിറ്റേജും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹ്യൂമൻ ഫിസിയോളജി (20%),ജനറ്റിക്‌സ് ആൻഡ് ഇവൊല്യൂഷൻ (18%),പ്ലാന്റ് ഫിസിയോളജി (6%),ഇക്കോളജി,ഡൈവേഴ്‌സിറ്റി ഇൻ ദി ലിവിംഗ് വേൾഡ് (14%) എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ സിലബസ്സിലെ മാറ്റം വിലയിരുത്തണം. നീറ്റ് പരീക്ഷയിൽ 50 ശതമാനം ചോദ്യങ്ങളും ബയോളജിയിൽ നിന്നാണ്. ചില വിഷയങ്ങൾ സിലബസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |