ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് ശനിയാഴ്‌ച ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. ഓഗസ്റ്റ് പത്തിന് നടത്താനിരുന്ന വള്ളംകളി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെപ്‌തംബർ 28ലേയ്ക്ക് മാറ്റുകയായിരുന്നു.
നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) എക്‌സിക്യൂട്ടീവ് യോഗം ചേർന്നാണ് വള്ളംകളി ഈ മാസം 28ന് നടത്താൻ തീരുമാനം എടുത്തത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാകും മത്സരം ആരംഭിക്കുക.
ഈ മാസം 28ന് വള്ളംകളി നടത്തിയില്ലെങ്കിൽ മത്സരം ബഹിഷ്‌ക്കരിക്കുമെന്ന മുന്നറിയിപ്പുമായി ബോട്ട് ക്ലബുകൾ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. അസോസിയേഷൻ യോഗ തീരുമാനം ഭാരവാഹികൾ ആലപ്പുഴ ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നു. പരിശീലന തുഴച്ചിലിന് രണ്ടാഴ്ചയെങ്കിലും വേണം. 26വരെ ഓണക്കാലത്തോടനുബന്ധിച്ച് മറ്റ് വള്ളംകളികൾ നടക്കുന്ന സാഹചര്യത്തിലാണ് 28ന് നെഹ്രുട്രോഫി നടത്തണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത മാസമാണ് സർക്കാർ നടത്തുന്നതെങ്കിൽ ബഹിഷ്‌ക്കരിക്കുമെന്ന് നേതാക്കൾ അറിയിച്ചിരുന്നു.
ബോട്ട് ക്ലബുകളുടെയും വള്ളംകളി പ്രേമികളുടെയും പ്രതിഷേധം ശക്തമായതോടെ നെഹ്രു ട്രോഫി നടത്തുമെന്ന സൂചന കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.എൻ.വാസവൻ, സജി ചെറിയാൻ എന്നിവർ നൽകിയിരുന്നു. എന്നാൽ തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ബോട്ട് ക്ലബ് ഭാരവാഹികൾ നിലപാട് കടുപ്പിച്ചത്. തുടർന്നാണ് തീരുമാനമുണ്ടായത്.
സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാവർഷവും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |