SignIn
Kerala Kaumudi Online
Friday, 27 September 2024 9.28 AM IST

ശ്രീനാരായണ ഗുരുദേവൻ വൈക്കം സത്യഗ്രഹാശ്രമം സന്ദർശിച്ചതിന്റെ ശതാബ്ദി ദിനം,​ ചരിത്രത്തെ തിളപ്പിച്ച ഗുരുസാന്നിദ്ധ്യം 

Increase Font Size Decrease Font Size Print Page
a

കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ചരിത്രത്തിൽ ഏറെ മാറ്റത്തിന് വഴിവച്ച സഹന സമരമായിരുന്നു ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം. അതിന്റെ ശതാബ്ദി കേരളം വളരെ പ്രാധാന്യത്തോടെയാണ് ആഘോഷിച്ചത്. മനുഷ്യന്റെ പ്രഥമവും മൗലികവുമായ അവകാശങ്ങളിൽ പ്രധാനമായത് സഞ്ചാരത്തിനുള്ള സ്വാതന്ത്ര്യമാണ്. വലിയൊരു ജനവിഭാഗത്തിന് ആ സ്വാതന്ത്ര്യം കേരളത്തിൽ നിഷേധിക്കപ്പെട്ടിരുന്നു. മനുഷ്യൻ ഒരു ജാതി അതാണ് നമ്മുടെ മതം എന്ന വിശ്വമാനവികതയുടെ മഹാസന്ദേശം കാലത്തിനും ലോകത്തിനും അനുരൂപമായി ഒരു വിജ്ഞാപനം കണക്കെ നൽകിയ ശ്രീനാരായണ ഗുരുദേവനുപോലും ഒരുവേള അയിത്താചാരത്തിന്റെ പേരിൽ സഞ്ചാര വിലക്കുണ്ടായി. വൈക്കം ക്ഷേത്രവഴിയിലുണ്ടായ ആ ദുരന്താനുഭവ ചരിത്രത്തിൽ നിന്നാണ് വൈക്കം സത്യാഗ്രഹത്തിന്റെ പിറവിക്കുള്ള സാഹചര്യം ഉത്തേജിതമായത്.

അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് പിന്നിലുള്ള നവോത്ഥാനത്തിന്റെ അതേ മാനവികതയിൽ നിന്നുമാണ് വൈക്കം സത്യാഗ്രഹവും വളർന്നു ദേശീയ പ്രക്ഷോഭമായി മാറിയത്. അതിന്റെ പിതൃസ്ഥാനം ഗുരുദേവനും നേതൃസ്ഥാനം ഗുരുവിന്റെ പ്രമുഖ ഗൃഹസ്ഥ ശിഷ്യനായിരുന്ന ടി.കെ. മാധവനും അവകാശപ്പെട്ടതാണെന്നതിൽ തർക്കമില്ല. മഹാത്മജിയേയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനേയും സവർണരിൽ ഒരു വിഭാഗത്തേയും അയിത്താചാരത്തിനെതിരെ നിലപാട് എടുപ്പിക്കുന്നതിൽ ടി.കെ. മാധവന് ആന്തരികമായി പ്രചോദനമേകിയിരുന്നത് ഗുരുദേവനാണെന്നതും തർക്കമറ്റ കാര്യമാണ്.

ടി.കെ. മാധവൻ 1922ൽ ശിവഗിരി ശാരദാമഠത്തിനു സമീപമുണ്ടായിരുന്ന വനജാക്ഷി മണ്ഡപത്തിൽ വച്ച് ഗുരുദേവനെ വണങ്ങി സമ്മതവും അനുഗ്രഹവും വാങ്ങിയശേഷമാണ് തിരുനെൽവേലിയിലെത്തിയിരുന്ന ഗാന്ധിജിയെ അവിടെപ്പോയി കണ്ട് സത്യാഗ്രഹത്തിനുള്ള അനുമതി വാങ്ങിയത്. ഗുരുദേവന്റെ അനുഗ്രഹവും ഗാന്ധിജിയുടെ പിന്തുണയും ഒന്നിപ്പിച്ച് വൈക്കത്തെ സത്യാഗ്രഹത്തിനുള്ള വേദിയാക്കിയപ്പോൾ അതിനു എല്ലാ ആശീർവാദവും ഗുരുദേവൻ നൽകുകയായിരുന്നു. മാത്രവുമല്ല സത്യാഗ്രഹത്തിനായി വൈക്കത്തെ വെല്ലൂർമഠം തന്നെ വിട്ടു നൽകുകയും ചെയ്തു. അതോടെ വെല്ലൂർമഠം സത്യാഗ്രഹാശ്രമമായി മാറി. നാനാജാതിക്കാർ ചേർന്നൊന്നായി അവിടെ സത്യാഗ്രഹമിരിക്കുകയും ആഹാരമുണ്ടാക്കുകയും ഒന്നിച്ചിരുന്നു ആഹാരം കഴിക്കുകയും ചെയ്തപ്പോൾ അത് ശക്തമായ വിപ്ലവാവേശമായി സമൂഹത്തിലെങ്ങും അലയടിച്ചു.

സത്യാഗ്രഹസമരത്തിന്റെ നടപ്പും വിശേഷങ്ങളും അപ്പപ്പോൾത്തന്നെ ഗുരുദേവൻ പ്രത്യേകം ചോദിച്ചറിയുന്നുണ്ടായിരുന്നു. മനുഷ്യരുടെ മൗലിക സ്വാതന്ത്ര്യത്തെ തടുക്കുന്നതിനോടൊന്നും ഗുരുവിനു ഒരു കാലത്തും യോജിപ്പുണ്ടായിരുന്നില്ല. 1924 സെപ്തംബർ 27 നു ഗുരുദേവൻ നേരിട്ട് ശിഷ്യഗണങ്ങളുമൊത്ത് വൈക്കത്തെ സത്യാഗ്രഹാശ്രമത്തിലെത്തി സത്യാഗ്രഹികളെ സന്ദർശിക്കുകയും അവരുടെ ക്ഷേമകാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തതിന്റെ ശതാബ്ദിവേളയാണിത്. വൈക്കം ബോട്ടുജട്ടിയിൽ ഗുരുദേവനെ സ്വീകരിച്ച് ആനയിക്കാനായി അന്ന് ആയിരത്തിൽപ്പരം ധർമ്മഭടൻമാർ തടിച്ചുകൂടിയിരുന്നു. പല നിറത്തിലുള്ള നൂലുകൊണ്ടുണ്ടാക്കിയ വിശേഷപ്പെട്ട ഒരു ഖദർ ഷാൾ നാരായണൻ എന്ന് പേരുള്ള ഒരു ഗുരുഭക്തൻ ബോട്ടിൽ നിന്നിറങ്ങും മുമ്പ് തന്നെ ഗുരുദേവനെ അണിയിച്ചപ്പോൾ ജനങ്ങളുടെ ആവേശവും ആരവവും ഭക്തിയും അണപൊട്ടിയൊഴുകി. ഗുരുവിന്റെ വരവറിഞ്ഞ് ജനങ്ങൾ കൂട്ടംകൂട്ടമായി വെല്ലൂർ മഠം എന്ന സത്യാഗ്രഹാശ്രമത്തിലെത്തിയിരുന്നു. ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ പിറ്റേന്ന് വൈകിട്ട് അവിടെ നടന്ന സമൂഹപ്രാർത്ഥനയും ഭജനയും പൊതുയോഗവും സത്യാഗ്രഹികൾക്കു വലിയ ആത്മധൈര്യവും ആത്മവിശ്വാസവുമാണ് പകർന്നത്. അതോടെ സമരഭടന്മാരുടെ ഊർജ്ജവും വീര്യവും വിജയപ്രതീക്ഷയും വാനോളം ഉയർന്നുപൊങ്ങി. ഗുരുദേവന് പാദകാണിക്കയായി വന്നുചേർന്ന മുഴുവൻ പണവും സത്യാഗ്രഹ നടത്തിപ്പിനായി വിട്ടുകൊടുത്തു. സമരഭടന്മാർക്കാവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനു ആലുവാ അദ്വൈതാശ്രമത്തിന്റെ ചുമതല നോക്കിവന്നിരുന്ന സത്യവ്രതസ്വാമികളെ ഗുരുദേവൻ പ്രത്യേകം നിയോഗിക്കുകയും ചെയ്തു.


സത്യാഗ്രഹത്തിന്റെ ചെലവിലേക്കായി അക്കാലത്ത് ഗുരുദേവൻ ആയിരം രൂപയാണ് സംഭാവന ചെയ്തത്. ഇതിന്റെ കൂടി തുടർച്ചയായിട്ടാണ് ആര്യസമാജത്തിന്റെ ആചാര്യനായിരുന്ന സ്വാമി ശ്രദ്ധാനന്ദജിയും സത്യാഗ്രഹാശ്രമത്തിലെത്തി സത്യാഗ്രഹികൾക്ക് ആത്മീയ പിന്തുണയേകിയതും 1000 രൂപ സംഭാവനയായി നൽകിയതും.
സെപ്തംബർ 29 ന് ഉച്ചയോടെ ബോട്ടുമാർഗം വൈക്കത്ത് നിന്നും മടങ്ങുന്നതിനായി ഗുരുദേവൻ സത്യാഗ്രഹാശ്രമം വിട്ട് പുറത്തേക്ക് പോരുമ്പോൾ ഒരു സംഘമാളുകൾ ഗുരുസന്നിധിയിലെത്തി. അവരുടെ ധർമ്മരാജ്യമേയിത് മർമ്മഭേദകം, തീണ്ടൽ ധർമ്മരാജ്യമേയിത് മർമ്മഭേദകം എന്നുള്ള പാട്ടു കേട്ടിട്ട് ഗുരുദേവൻ സന്തോഷത്തോടെ ഇങ്ങനെയരുളി 'നാമും പോയി സത്യാഗ്രഹമനുഷ്ഠിക്കാമല്ലോ".

ഗുരുദേവൻ തുറന്നിട്ടതെല്ലാം ശുദ്ധമായ മാനവികതയുടെ കൈവഴികളാണ്. വിലക്കുകളില്ലാത്ത സർവ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകത്തിന്റെ സംസ്ഥാപനത്തിനായി അവതരിച്ച ഗുരുദേവന്റെ നവോത്ഥാനവീഥിയിൽ നിന്നുമാണ് ആധുനിക കേരളം രൂപപ്പെട്ടതെന്നത് ചരിത്രം. മനുഷ്യന്റേയും മാനവികതയുടേയും സ്വാതന്ത്ര്യം നിരുപാധികമായിരിക്കണമെന്നതായിരുന്നു ഗുരുദേവസങ്കൽപ്പം. അതുകൊണ്ടാണ് വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനോടൊന്നും ഗുരുവിന് യോജിപ്പുണ്ടാകാതിരുന്നത്. എന്നാൽ ദൈവത്തിന്റേയും ധർമ്മത്തിന്റേയും പേരിൽ വിശ്വാസത്തെ മതാധിപത്യത്തിലേക്കും സവർണ്ണാധിപത്യത്തിലേക്കും വഴി തിരിച്ചു വിട്ടവരാണ് അന്നും ഇന്നും നമ്മുടെ ചരിത്രത്തിനും നവോത്ഥാനത്തിനും എതിരെ വെല്ലുവിളികൾ ഉയർത്തുന്നത് . അരുവിപ്പുറം പ്രതിഷ്ഠയുടേയും വൈക്കം സത്യാഗ്രഹത്തിന്റേയും ഒക്കെ ചരിത്രപശ്ചാത്തലത്തെ മറയ്ക്കുന്ന ഇത്തരക്കാർ മനുഷ്യരിൽ മതത്തേയും ജാതിയേയും മാത്രം കാണുന്നവരാണ്. വിലക്കിയതും മറഞ്ഞതുമെല്ലാം തിരികെ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് അവർ. അതുകൊണ്ടാണ് അവർ സംഘടിതമായി ഗുരുസന്ദേശങ്ങളെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്നത്.

സത്യാഗ്രഹത്തെപ്പറ്റി ഒരു ദിവസം കെ.എം. കേശവൻ എന്നൊരാൾ ഗുരുദേവനോട് ഇങ്ങനെ പറഞ്ഞു വൈക്കം സത്യാഗ്രഹം ഭംഗിയായി തന്നെ നടക്കുന്നു. അവിടെ കറിയ്ക്കരക്കുന്നത് ഈഴവത്തിയാണെങ്കിൽ വയ്ക്കുന്നത് നായരാണ്. കറിയ്ക്ക് നുറുക്കുന്നത് പുലയനും നമ്പൂരിയും കൂടിയാണ്. ഉണ്ണുന്നത് നാനാജാതിക്കാർ ഒരേ നിരയിലിരുന്നും അത് കേട്ടിട്ട് ഗുരുദേവൻ ചോദിച്ചു. 'അവരിൽ മനുഷ്യരല്ലാത്തവരാരുമില്ലല്ലോ". ഗുരുവിന്റെ മാനവികവീക്ഷണം ഇതാണ്. നമ്മൾ പലതായി കാണുമ്പോൾ ഗുരു ആ പലതുകളെയെല്ലാം ഒന്നായി കാണുന്നു. അതാണ് ഗുരുക്കൻമാരും സാധാരണ മനുഷ്യരും തമ്മിലുള്ള പ്രധാന അന്തരം. സഞ്ചാരസ്വാതന്ത്ര്യത്തിനും പിന്നീട് ക്ഷേത്രപ്രവേശന വിളംബരത്തിനും നാന്ദികുറിച്ച വൈക്കം സത്യാഗ്രഹത്തിന്റെ വിജയം ശരിക്കും പറഞ്ഞാൽ ഗുരുദേവന്റെ മാനവികതക്കും സർവ്വരും സോദരത്വേന വാഴണമെന്ന സന്ദേശത്തിനും അവകാശപ്പെട്ടതാണെന്ന വസ്തുത ഈ വേളയിലെങ്കിലും ചരിത്രകാരന്മാർ തിരിച്ചറിയേണ്ടതുണ്ട്.


1924 മാർച്ച് 30 നു രാവിലെ ഖാദിവസ്ത്രം ധരിച്ച് നിരോധിക്കപ്പെട്ട ക്ഷേത്രറോഡിലേക്ക് പുലയസമുദായത്തിന്റെ പ്രതിനിധിയായി കുഞ്ഞപ്പിയും ഈഴവ സമുദായത്തിന്റെ പ്രതിനിധിയായി ബാഹുലേയനും നായർ സമുദായത്തിന്റെ പ്രതിനിധിയായി ഗോവിന്ദപ്പണിക്കരും ആദ്യ സത്യാഗ്രഹികളായി പ്രവേശിച്ചു അറസ്റ്റു വരിച്ചുകൊണ്ട് ആരംഭിച്ച വൈക്കം സത്യാഗ്രഹം 603 ദിവസങ്ങളാണ് സമരവീര്യം നാൾക്കുനാൾ വർദ്ധിതമാക്കി നീണ്ടുനിന്നത്. സത്യാഗ്രഹികളുടെ കണ്ണിൽ ഒരിക്കൽ ചുണ്ണാമ്പ് തേച്ചതായ ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ ഗുരുദേവൻ പറഞ്ഞു വെടി വെക്കും പറന്നുപോകരുത്. മൗലിക സ്വാതന്ത്ര്യത്തിനും അവകാശത്തിനും മേലുള്ള ഏത് കടന്നുകയറ്റത്തേയും നിർഭയം നേരിടണമെന്ന ആഹ്വാനമാണ് ഈ ഗുരുവചനത്തിൽ നിന്നും നാം ഉൾക്കൊള്ളേണ്ടത്.
ഗുരുദേവന്റെ സത്യാഗ്രഹാശ്രമ സന്ദർശന ശതാബ്ദി നിത്യ പ്രചോദനമായിത്തീരട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.