ആഭ്യന്തര അഡി. ചീഫ്സെക്രട്ടറിയുടെ ശുപാർശ
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളി പുതിയ രണ്ട് അന്വേഷണങ്ങൾക്ക് ആഭ്യന്തര അഡി. ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കാരിന് ശുപാർശ ചെയ്തു.
പൂരം അലങ്കോലപ്പെടുത്തിയതിലെ ഗൂഢാലോചന ക്രൈംബ്രാഞ്ചും, എ.ഡി.ജി.പിക്കെതിരേ പൊലീസ് മേധാവി കണ്ടെത്തിയ 5 വീഴ്ചകളിൽ ഡി.ജി.പിതല അന്വേഷണവും വരും. സർക്കാരിന്റെ അഭിപ്രായം കൂടി തേടിയശേഷം തയ്യാറാക്കിയതാണ് ശുപാർശ. ഇത് ഇന്നലെ രാവിലെ ആഭ്യന്തര സെക്രട്ടറി കൈമാറിയെങ്കിലും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി ഡൽഹിക്ക് പോയി. ജുഡിഷ്യൽ അന്വേഷണത്തിനും ആലോചിച്ചതാണ്. എന്നാൽ, അത് പ്രതിപക്ഷ വിജയമായി വ്യാഖ്യാനിക്കപ്പെടുമെന്ന് വിലയിരുത്തി ഒഴിവാക്കുകയായിരുന്നു.
തൃശൂർ പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവാണ് പ്രശ്നമായതെന്നും പൂരം അലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നുമായിരുന്നു അജിത്കുമാറിന്റെ റിപ്പോർട്ട്. സ്വയംവെള്ളപൂശി. സ്ഥലത്തുണ്ടായിരുന്ന ഐ.ജി, ഡി.ഐ.ജി എന്നിവർക്ക് ക്ലീൻചിറ്റ് നൽകി.
എന്നാൽ, റിപ്പോർട്ട് തള്ളിയ ഡി.ജി.പി അജിത്തിന്റെ മേൽനോട്ടത്തിലെ വീഴ്ചകളടക്കം അക്കമിട്ടുനിരത്തി. ഗൂഢാലോചന അന്വേഷിക്കാനും ശുപാർശ ചെയ്തു. ഇതിൽ നടപടിയെടുക്കാതെ പുതിയ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്.
അജിത്തിന്റെ ദുരൂഹ
വീഴ്ച നിരത്തി ഡി.ജി.പി
1 സുരക്ഷാപഴുതുകൾ അടച്ച് കമ്മിഷണർ അങ്കിത്അശോകൻ തയ്യാറാക്കിയ സ്കീം അജിത്കുമാർ അവസാനനിമിഷം മാറ്റി. കൂടുതൽ നിയന്ത്രണങ്ങൾ നിർദ്ദേശിച്ചു
2 രണ്ടുദിവസം മുൻപേ തൃശൂരിലെത്തിയിട്ടും പൂരദിവസം തിരിഞ്ഞുനോക്കിയില്ല. 6 കി.മി അകലെ പൊലീസ് ഗസ്റ്റ്ഹൗസിലും ഡി.ഐ.ജി ഓഫീസിലുമായി സമയംചെലവിട്ടു
3 രാത്രിയിൽ പ്രശ്നങ്ങളുണ്ടായെന്നറിഞ്ഞിട്ടും ഇടപെട്ടില്ല. ഇങ്ങനെ സാഹചര്യമുണ്ടായാൽ മുതിർന്ന ഉദ്യോഗസ്ഥൻ നിർബന്ധമായും ചുമതലയേൽക്കണം
4 പ്രശ്നങ്ങളെത്തുടർന്ന് മൂന്നു മന്ത്രിമാർ തുടരെ വിളിച്ചിട്ടും ഫോണെടുത്തില്ല. പിന്നീട് ഫോൺ ഓഫ്ചെയ്തു. കമ്മിഷണറുടെ വീഴ്ച കവർ ചെയ്യാനായില്ല
5 വീഴ്ചകളെക്കുറിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും അഞ്ചുമാസം താമസിപ്പിച്ചു. ഐ.ജി,ഡി.ഐ.ജി എന്നിവരുടെ വീഴ്ച മറച്ചു
അവധിയിലും
ആസൂത്രണം
ഏപ്രിൽ19ന് പൂര ദിവസം അജിത്കുമാർ അവധിക്ക് മുൻകൂട്ടി അപേക്ഷിച്ചു. ഒരു ദിവസത്തേക്കായതിനാൽ ഡി.ജി.പി പകരമാർക്കും ചുമതല നൽകിയില്ല. താൻ തൃശൂരിലുണ്ടെന്നും നോക്കിക്കോളാമെന്നും ഡി.ജി.പിയെ അറിയിച്ചിരുന്നു. 20ന് ഉച്ചയോടെയാണ് മൂകാംബികയിലേക്ക് പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |