മലയാളികൾക്ക് സുപരിചിതമായ നടിയാണ് ഷീലു എബ്രഹാം. നിർമാതാവ് കൂടിയായ ഷീലു എബ്രഹാം തന്റെ അഭിപ്രായങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ തന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ 'ബാഡ് ബോയ്സ്' തീയേറ്ററുകളിൽ എത്തിയിരുന്നു. ചിത്രത്തിനെതിരെ റിവ്യൂ ബോംബ് നടക്കുന്നുണ്ടെന്ന് താരം നേരത്തെ അറിയിച്ചിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയും തന്റെ സിനിമയ്‌ക്കെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങളിലും ട്രോളുകളിലും പ്രതികരിക്കുകയാണ് താരം. തനിക്കെതിരെയുള്ള ട്രോളുകൾ നേരത്തെ തയ്യാറാക്കി വച്ചതായി തോന്നിയിട്ടുണ്ടെന്ന് ഷീലു ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ ട്രോളുകൾ താൻ പങ്കുവച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഷീലു എബ്രഹാമിന്റെ വാക്കുകളിലേക്ക്...
'നമ്മുടെ സിനിമ ഇറങ്ങുമ്പോൾ റിവ്യൂവേഴ്സ് എല്ലാം വന്നിട്ട് മോശം പറയാറുണ്ട്. എന്നാൽ ബാഡ് ബോയ്സിന് കുറച്ച് എക്സ്ട്രീം ആയിപ്പോയി. എന്നെ ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കുന്ന നടി. കരഞ്ഞാലും ചിരിച്ചാലും ഒരേ ഭാവം വരുന്ന നടി. എന്നൊക്കെയാണ് പറയാറുള്ളത്. അതൊക്കെ അവരുടെ ഒരു കുശുമ്പിൽ നിന്ന് വരുന്ന സാധനമുണ്ടാകും. എല്ലാവർക്കും പറ്റില്ല അവരുടെ ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ.
മാത്രമല്ല, ഈ സിനിമയിൽ ഞാൻ മാത്രമല്ലല്ലോ അഭിനയിക്കുന്നത്. മലയാളത്തിലെ മുൻനിര നടന്മാരുണ്ട്. അവരെയൊന്നും കാണാതെയാണ് എന്നെ ഈ പറയുന്നത്. എന്നെ മനപ്പൂർവം ടാർഗറ്റ് ചെയ്യുകയാണ്. ഇപ്പോൾ എനിക്കതൊന്നും കുഴപ്പമില്ല. എനിക്ക് ഇപ്പോൾ മനസിലായി ഇവർക്കൊക്കെ ഇതൊക്കെയെ പറ്റൂ. ഇവർ ഒരിക്കലും ഒന്നിലും നല്ല വശം കാണില്ല. ഇവരുടെ വീട്ടിൽ നിന്നെടുത്ത് ചെലവഴിക്കുന്ന പോലെയാണ്.
നമ്മൾ ഈ സിനിമ ചെയ്യുന്നത് കൊണ്ട് എത്ര പേർ ജീവിക്കുന്നെന്ന് ഇവർ ചിന്തിക്കുന്നില്ല. ഇത്രയും സിനിമകളിലൂടെ നമ്മൾ അത് ചെയ്തിട്ടുള്ളയാളാണ്. അതൊന്നും കാണാതെ നമ്മൾ സമൂഹത്തിൽ നിന്ന് എടുത്ത് തിന്നുന്ന പോലെയാണ് ആൾക്കാരുടെ വർത്തമാനം. നമ്മുടെ സിനിമ ഇറങ്ങുമ്പോൾ മോശം സിനിമ ഇറങ്ങുന്നു എന്ന രീതിയിലാണ് പ്രചാരണം. അടുത്ത ബോംബ് വരുന്നു, അടുത്ത ഗുണ്ട് വരുന്നു എന്നുപോലെയാണ്'- ഷീലു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |