തിരുവനന്തപുരം: 'ലയം..സാന്ദ്രലയം, ദേവദുന്ദുഭി സാന്ദ്രലയം..' എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിനായി കൈതപ്രത്തിന്റെ വരികൾക്ക് താൻ ഈണമിട്ട ഗാനം വർഷങ്ങൾക്കിപ്പുറം സംഗീത സംവിധായകൻ ജെറി അമൽദേവ് ആലപിച്ചപ്പോൾ ആസ്വാദകർ നിറഞ്ഞ കൈയടിയോടെ അത് സ്വീകരിച്ചു. ദേവരാജൻ മാസ്റ്ററുടെ ജന്മദിനത്തോടനുബന്ധിച്ച് ജി.ദേവരാജൻ ശക്തിഗാഥാ പുരസ്കാരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
സദസിന്റെ ആവശ്യപ്രകാരമായിരുന്നു ഗാനം ആലപിച്ചത്. മറ്റു ചില ഗാനങ്ങളുടെ വരികളും അദ്ദേഹം പാടി. സംഗീതയാത്രയിൽ താൻ പിന്നിട്ട വഴികളെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. തനിക്ക് വയസായതായി ഇപ്പോഴും തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജി.ദേവരാജൻ ശക്തിഗാഥ സംഘടന പ്രസിഡന്റ് പി.കെ.ജനാർദ്ദന കുറുപ്പാണ് പുരസ്കാരം സമ്മാനിച്ചത്. പ്രശസ്തിപത്രവും ഫലകവും 25,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. പിന്നണിഗായകൻ ജി.ശ്രീറാം ശക്തിഗാഥാഗീതം ആലപിച്ചു. ശക്തിഗാഥ സെക്രട്ടറി സോമൻ ചിറ്റല്ലൂർ, വൈസ് പ്രസിഡന്റ് ഡോ.അജയപുരം ജ്യോതിഷ്‌കുമാർ, ട്രഷറർ അനിരുദ്ധൻ നിലമേൽ,ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു. ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |