തൃശൂർ പൂരം കലക്കലിൽ പങ്കുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിയും പൊലീസ് മേധാവിയും കണ്ടെത്തി, വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടും എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നുമാറ്റാതെ സംരക്ഷണം തുടരുകയാണ് മുഖ്യമന്ത്രി. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളിക്കളഞ്ഞ്, പുതിയ രണ്ട് അന്വേഷണങ്ങൾക്ക് ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കാരിന് ശുപാർശ നൽകിയിരിക്കുകയാണ്. പൂരം അലങ്കോലപ്പെടുത്തിയതിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ചും, എ.ഡി.ജി.പി അജിത്തിനെതിരേ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് കണ്ടെത്തിയ 5വീഴ്ചകളിൽ ഡി.ജി.പി തലത്തിലെ അന്വേഷണത്തിനുമാണ് ശുപാർശ.
സ്വയം വെള്ളപൂശി അജിത് നൽകിയ അന്വേഷണ റിപ്പോർട്ട് തള്ളിയ ഇരുവരും, പൂരപ്പറമ്പിലുണ്ടായിട്ടും പ്രശ്നങ്ങളിൽ ഇടപെടാതെ ക്രമസമാധാന ചുമതലയിൽ എ.ഡി.ജി.പി വീഴ്ചവരുത്തിയെന്നാണ് കണ്ടെത്തിയത്. മൂന്നുലക്ഷം ആളുകളും 115ആനകളും ടൺകണക്കിന് വെടിമരുന്നുമുണ്ടായിരുന്ന പൂരസ്ഥലത്തെ ചെറിയ പ്രശ്നങ്ങൾ പോലും വേഗത്തിൽ ഇടപെട്ട് പരിഹരിക്കണമായിരുന്നെന്നാണ് ആഭ്യന്തര സെക്രട്ടറി കുറിപ്പെഴുതിയത്. ഇതിനുപുറമേ, ആർ.എസ്.എസ് ബന്ധത്തിലും സ്വർണം പൊട്ടിക്കലിലും അനധികൃത സ്വത്തിലുമടക്കം 4 അന്വേഷണങ്ങളും നേരിടുന്നു. മാറ്റാതിരിക്കാൻ അന്വേഷണ റിപ്പോർട്ട് കിട്ടിയില്ലെന്ന സാങ്കേതികത്വമാണ് സർക്കാർ ആയുധമാക്കുന്നത്.
ക്രമസമാധാന പാലനത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് ഡി.ജി.പി കണ്ടെത്തി സർക്കാരിനെ അറിയിച്ചിട്ടും അതിന്മേൽ മറ്രൊരു അന്വേഷണത്തിനാണ് മുഖ്യമന്ത്രിയുടെ നീക്കം. ഇത് അജിത്തിനെ രക്ഷിക്കാനാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. മറ്റേതെങ്കിലും ഉദ്യോഗസ്ഥനായിരുന്നെങ്കിൽ ഈ വീഴ്ചയുടെ പേരിൽ എപ്പോഴേ സസ്പെൻഷനിലാവുമായിരുന്നു. ഇവിടെ അജിത്തിന്റെ പദവി മാറ്റാൻ പോലും സർക്കാരിന് കഴിയുന്നില്ല. തൃശൂർ പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലായ്മയും കാരണമാണ് കശപിശയുണ്ടായതെന്നും പൂരം അലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നും ഇതിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിലുണ്ടായിരുന്നത്. സ്വയംവെള്ളപൂശുകയും സ്ഥലത്തുണ്ടായിരുന്ന ഐ.ജി, ഡി.ഐ.ജി എന്നിവർക്കെല്ലാം ക്ലീൻചിറ്റ് നൽകുകയു ചെയ്തു. ഈ റിപ്പോർട്ട് തള്ളിയ ഡി.ജി.പി അജിത്തിന്റെ മേൽനോട്ടത്തിലേതടക്കം വീഴ്ചകൾ അക്കമിട്ടുനിരത്തി. ഗൂഢാലോചനയടക്കം അന്വേഷിക്കാനും ശുപാർശചെയ്തു. പൊലീസ് മേധാവിയുടെ കണ്ടെത്തലുകൾ സർക്കാരിന്റെ കൈവശമിരിക്കെയാണ്, അത് അവഗണിച്ച് അജിത്തിനെതിരേ നടപടിയെടുക്കാതെ പുതിയ അന്വേഷണത്തിന് വീണ്ടും നീക്കം.
ക്രമസമാധാനത്തിൽ പാളിച്ച
തൃശൂർ പൂരം നടത്തിപ്പിലും ക്രമസമാധാനത്തിലെ മേൽനോട്ടത്തിലും അജിത്ത് വരുത്തിയ വീഴ്ചകൾ ഡി.ജി.പി മുഖ്യമന്ത്രിക്കുള്ള റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലെ സുരക്ഷാപഴുതുകൾ അടച്ച് കമ്മിഷണർ അങ്കിത് അശോകൻ തയ്യാറാക്കിയ സുരക്ഷാ സ്കീം അജിത്കുമാർ അവസാന നിമിഷം മാറ്റി. കൂടുതൽ നിയന്ത്രണങ്ങൾക്ക് നിർദ്ദേശിച്ചു. രണ്ടുദിവസം മുൻപേ തൃശൂരിലെത്തിയിട്ടും പൂരദിവസം സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല. 6കി.മി അകലെ പൊലീസ് അക്കാഡമി ഗസ്റ്റ്ഹൗസിലും ഡി.ഐ.ജി ഓഫീസിലുമായി സമയം ചെലവിട്ടു. പൂരം നടത്തിപ്പിന്റെ മേൽനോട്ടം വഹിക്കാനല്ലെങ്കിൽ തൃശൂരിലേക്ക് പോവേണ്ടതുണ്ടായിരുന്നില്ല. രാത്രിയിൽ പ്രശ്നങ്ങളുണ്ടായെന്നറിഞ്ഞിട്ടും ഇടപെട്ടില്ല. ഈ സാഹചര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ ചുമതലയേൽക്കേണ്ടതായിരുന്നു. പ്രശ്നങ്ങളെത്തുടർന്ന് മൂന്നു മന്ത്രിമാർ തുടരെ വിളിച്ചിട്ടും ഫോണെടുത്തില്ല. പിന്നീട് ഫോൺ ഓഫ്ചെയ്തു. സ്ഥലത്തുണ്ടായിരുന്ന കമ്മിഷണറുടെ വീഴ്ച കവർ ചെയ്യാനായില്ല. വീഴ്ചകളെക്കുറിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും അഞ്ചുമാസം താമസിപ്പിച്ചു. ഐ.ജി, ഡി.ഐ.ജി എന്നിവരുടെ വീഴ്ചകൾ മറച്ചു.
യുക്തമായ നടപടി എന്നുവരും
എ.ഡി.ജി.പിക്കെതിരേ റിപ്പോർട്ടുകളൊന്നും കിട്ടാത്തതിനാലാണ് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തതെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചിരുന്നത്. എന്നാൽ തൃശൂർ പൂരം കലക്കിയതിലെ വീഴ്ചകൾ വ്യക്തമാക്കി ഡി.ജി.പി തയ്യാറാക്കിയ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്ക് കൈമാറിക്കഴിഞ്ഞു. എന്നിട്ടും സംരക്ഷണം തുടരുകയാണ്. സ്വർണക്കടത്ത്, മരംമുറിയടക്കം പി.വി.അൻവർ എം.എൽ.എയുടെ ആരോപണങ്ങളിൽ ഡി.ജി.പിയുടെ അന്വേഷണകാലാവധി ഒക്ടോബർ മൂന്നിനുതീരും. പിറ്റേന്ന് നിയമസഭാസമ്മേളനം ആരംഭിക്കുകയാണ്. അന്വേഷണറിപ്പോർട്ട് കിട്ടിയാൽ യുക്തമായ നടപടിയുണ്ടാവുമെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. ഇതിനിടയിലാണ് പൂരംകലക്കലിലെ വീഴ്ചകളെക്കുറിച്ചുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കിട്ടിയത്. പൊലീസ് അക്കാഡമിയിലെ രഹസ്യയോഗവും കമ്മിഷണറുടെ സുരക്ഷാസ്കീം തള്ളിയതും പൂരദിവസത്തെ അവധിയെടുക്കലുമെല്ലാം ദുരൂഹമാണെന്നാണ് വിലയിരുത്തൽ. ഉന്നതപദവിയിൽ തുടരുമ്പോൾ എ.ഡി.ജി.പിക്കെതിരായ അന്വേഷണങ്ങൾ എത്രത്തോളം ഫലപ്രദമാവുമെന്നാണ് ആശങ്ക.
നേരിടുന്നത് നാല് അന്വേഷണങ്ങൾ
നാല് അന്വേഷണങ്ങളാണ് അജിത്കുമാർ നേരിടുന്നത്. പി.വി.അൻവർ എം.എൽ.എയുടെ ആരോപണങ്ങളെക്കുറിച്ച് പൊലീസ് മേധാവി അന്വേഷിക്കുന്നു. കൈക്കൂലി, അനധികൃത സ്വത്ത് സമ്പാദനം അടക്കം ഇടപാടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണമുണ്ട്. ആർ.എസ്.എസ് ഉന്നത നേതാക്കളുമായി തൃശൂരിലും കോവളത്തും കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും ഡി.ജി.പി അന്വേഷിക്കുന്നു. ഇതിനു പുറമെയാണ് പൂരം കലക്കലിനെക്കുറിച്ചുള്ള അന്വേഷണം. ഒരേസമയം ഏറ്റവുമധികം അന്വേഷണം നേരിടുന്ന എ.ഡി.ജി.പിയാണ് അജിത്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ അംഗീകരിച്ച് പൂരം കലക്കലിലെ ഗൂഢാലോചനയിൽ ക്രൈംബ്രാഞ്ച് അന്വേഷണം കൂടി പ്രഖ്യാപിച്ചാൽ ഒരേസമയം പൊലീസ്, വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ നേരിടുന്ന ഐ.പി.എസുകാരനായി അജിത് മാറും. ഇത്രത്തോളം അന്വേഷണവും ആരോപണങ്ങളുമുണ്ടെങ്കിലും ക്രമസമാധാന ചുമതലയിൽ മാറ്റമില്ലാതെ അജിത് തുടരുന്നതാണ് അതിശയം.
മുന്നണിയിലെ എതിർപ്പും തള്ളുന്നു
ക്രമസമാധാനചുമതലയിൽ നിന്ന് മാറ്റിനിറുത്തിയാവണം അന്വേഷണമെന്ന് സി.പി.ഐ ആവർത്തിക്കുന്നുണ്ട്. പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള അജിത്തിന്റെ അന്വേഷണ റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിൽ വയ്ക്കണമെന്ന് സി.പി.ഐ മന്ത്രിമാർ കഴിഞ്ഞ ക്യാബിനറ്റ് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എ.ഡി.ജി.പി അജിത്തിനെ മാറ്റിനിറുത്തിയാവണം അന്വേഷണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ പരസ്യമായി പറഞ്ഞു. ആർ.എസ്.എസുമായി രഹസ്യ കൂടിക്കാഴ്ച നടത്തുന്ന ഉദ്യോഗസ്ഥൻ ഇടതു സർക്കാരിൽ ക്രമസമാധാന ചുമതലയിൽ തുടരാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തുറന്നടിച്ചു. ജുഡീഷ്യൽ അന്വേഷണമാണ് പ്രതിപക്ഷ ആവശ്യം. ബി.ജെ.പിക്കായി പൊതുതിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ ഉത്തർപ്രദേശിലെ ഏജൻസിക്ക് വിവരങ്ങൾ കൈമാറാനാണ് ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നും ഇന്റലിജൻസ് സംശയിക്കുന്നു. ഐ.പി.എസുകാർക്ക് രാഷ്ട്രീയ ബന്ധമുള്ള ചർച്ചകൾക്ക് വിലക്കുള്ളതിനാൽ ഗുരുതര ചട്ടലംഘനവുമാണിത്. കൂടിക്കാഴ്ചയെക്കുറിച്ച് അജിത് ഇതുവരെ കൃത്യമായി വിശദീകരിച്ചിട്ടില്ല.
-------------------ബോക്സിൽ നൽകാൻ-------------------------
4 അന്വേഷണം
1)അൻവറിന്റെ ആരോപണങ്ങളിൽ ഡി.ജി.പി
2)സാമ്പത്തികയിടപാടുകളിൽ വിജിലൻസ്
3)ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ ഡി.ജി.പി
4)പൂരംകലക്കലിൽ വിശദമായ തുടരന്വേഷണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |