SignIn
Kerala Kaumudi Online
Sunday, 29 September 2024 11.42 PM IST

സ്വതന്ത്രസഖാക്കളുടെ സുന്ദരസ്വപ്നങ്ങൾ

Increase Font Size Decrease Font Size Print Page
pv

രണ്ടു ധീരവിപ്ലവകാരികൾ ഒന്നിക്കുമ്പോൾ സാധാ സഖാക്കൾക്ക് ഒന്നും ചെയ്യാനാവില്ല. കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ ധാരാളമുണ്ടെങ്കിലും സ്വതന്ത്രസഖാക്കൾ അത്യപൂർവമാണ്. വലതു കമ്മ്യൂണിസ്റ്റുകൾ, സംഘി സഖാക്കൾ, ഇന്നോവ സഖാക്കൾ, സുഡു സഖാക്കൾ എന്നിങ്ങനെ ഒരുപാട് വെറൈറ്റികൾക്കിടയിലെ ദിവ്യന്മാരാണ് സ്വതന്ത്രസഖാക്കൾ. വിപ്ലവത്തിലൂടെ ആദ്ധ്യാത്മികമായി വളരുകയെന്ന നൂതന ചിന്ത എത്തിച്ചേരുന്നത് പുഴകൾ നിറഞ്ഞ, സകലരും തുല്യരായ സ്വർഗത്തിലാണ്. കാറൽ മാർക്‌സും മാവോയുമൊക്കെ ചിന്തിച്ചതിനപ്പുറമുള്ള ഈ ദർശനങ്ങളെ 'മോഡേൺ പൊളിറ്റൽ തോട്ട്" എന്നു വിശേഷിപ്പിക്കാം. കോൺഗ്രസുകാർ അധികാരത്തിലെത്തിയാൽ തീർച്ചയായും ഇത് എം.എ ഇന്റർനാഷണൽ റിലേഷൻസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നു പ്രതീക്ഷിക്കാം. ഇതിൽ ആകൃഷ്ടരായി ധാരാളംപേർ കടന്നുവരുമെന്നാണ് പ്രതീക്ഷ.
താനൊരു തീപ്പന്തമാണെന്ന് പി.വി. അൻവർ സഖാവ് പറഞ്ഞ സ്ഥിതിക്ക് കമ്മ്യൂണിസ്റ്റ് പാർട്ട് ഒഫ് ഇന്ത്യ മാർക്‌സിസ്റ്റ് എന്ന 'ഭീകരസംഘടന" ചാമ്പലാകുമെന്ന പ്രതീക്ഷയിലാണ് യഥാർത്ഥ ജനാധിപത്യവാദികൾ. യഥാർത്ഥ ജനാധിപത്യം എങ്ങനെയിരിക്കും എന്ന ചോദ്യം സ്വാഭാവികം. ഇതിനുത്തരം നൽകാൻ കഴിയുന്ന ബഹുമുഖ പ്രതിഭയാണ് ഡോ. കെ.ടി.ജലീൽ. സിമി എന്ന ജീവകാരുണ്യ സംഘടനയിൽ വർഷങ്ങളോളം പ്രവർത്തിച്ചശേഷം പെട്ടെന്നൊരുനാൾ കമ്മ്യൂണിസ്റ്റുകാരനായി രൂപാന്തരം പ്രാപിച്ച ഇദ്ദേഹത്തിന്റെ ഉള്ളിൽ ഒരു വിപ്ലവസിംഹം ഉറങ്ങിക്കിടപ്പുണ്ടെന്ന് സത്യത്തിലാരും തിരിച്ചറിഞ്ഞിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ കൊടുംഭീകരനാണെന്നും എ.ഡി.ജി.പി അജിത്കുമാർ കക്ഷിയുടെ സേനാനായകനാണെന്നും സ്വതന്ത്ര സഖാവ് അൻവർ വെളിപ്പെടുത്തിയതോടെ സി.പി.എമ്മിൽ വൻ പൊട്ടിത്തെറിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. ചില ശ്വാസങ്ങൾക്ക് സെക്കൻഡുകളുടെ ആയുസേ ഉള്ളൂവെന്നും അതൊരു കൊടുങ്കാറ്റാണെന്നു തെറ്റിദ്ധരിക്കരുതെന്നും സഖാക്കൾ ഇതിനു മറുപടി നൽകിയിട്ടുണ്ട്.
ഒരു സ്വതന്ത്രസഖാവിനെ തിരിച്ചറിയാൻ അതേ ജനുസിൽപ്പെട്ട ഒരാൾക്കേ കഴിയൂ. അങ്ങനെയാരും അൻവർ സാഹിബിനെ കൊച്ചാക്കരുതെന്ന് സഖാവ് കെ.ടി.ജലീൽ അതുകൊണ്ടാണ് പറഞ്ഞത്. സത്യം ആരുപറഞ്ഞാലും കൂടെ നിൽക്കുന്നത് ജലീൽ സാഹിബിന്റെ ശീലമാണ്. ചില സത്യങ്ങൾ വൈകാതെ താൻ വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു. എന്തും സംഭവിക്കാം. ഗൾഫിൽ നിന്നുള്ള സ്വർണക്കടത്തിൽ സർക്കാർ ഒന്നും ചെയ്യാത്തതിലും സങ്കടമുണ്ട്. സത്യസന്ധമായ തന്റെ നിലപാടുകൾ മലപ്പുറത്തെ സകല മണ്ഡലങ്ങളിലും ഓടി നടന്നു പ്രസംഗിക്കുമെന്ന് അൻവർ സഖാവ് പറഞ്ഞതിന് പൂർണപിന്തുണ നൽകുമെന്ന് വ്യക്തമാക്കിയത് അതുകൊണ്ടാണ്.
ഗൾഫിൽ നിന്നു വരുന്നവരെ സ്വർണക്കടത്തുകാർ എന്ന് ആക്ഷേപിക്കുന്നതിൽ അൻവറും ജലീലും തുല്യദുഖിതരാണ്. ലേശം സ്വർണം സുരക്ഷിത സ്ഥാനങ്ങളിൽവച്ച് കൊണ്ടുവരുന്നത് രാജ്യദ്രോഹമാണെന്നു പറയരുത്. പേഴ്‌സിലാക്കി കീശയിൽ വച്ചാൽ പോക്കറ്റടിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്തുള്ള ബുദ്ധിപരമായ നീക്കത്തെ ആക്ഷേപിക്കുന്നത് ശരിയല്ല. അതൊരു കുറ്റമോ കുറവോ അല്ല.

പൊലീസിനും സംഘികൾക്കും

ഒരേ യൂണിഫോം!

ഫാസിസം ധാർമ്മികതയെ ഭയക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് അൻവർ സഖാവും ജലീൽ സഖാവും ഒരേസമയം കണ്ടെത്തിയത് യാദൃച്ഛികമല്ല. കേരളത്തിലെ പൊലീസുകാർ മൊത്തം സംഘികളായി മാറുകയാണ്. രണ്ടുകൂട്ടരുടെയും കാവിക്കളസമാണ്. എ.ഡി.ജി.പി അജിത്കുമാറാണ് കേരള സംഘികളുടെ മുഖ്യശിക്ഷക്. ഈ സത്യം മുഖ്യമന്ത്രിയോട് പലവട്ടം പറഞ്ഞിട്ടും ഫലമുണ്ടായില്ല. സ്വർണക്കടത്ത് കേസുകൾ കൂടതലും മലപ്പുറത്താണെന്നാണ് അജിത്കുമാർജിയുടെ കണ്ടെത്തൽ. അതായത് ബാക്കി ജില്ലക്കാരെല്ലാം മാന്യന്മാർ. ഗൂഢലക്ഷ്യങ്ങളോടെയുള്ള ഇത്തരം പ്രചാരണങ്ങൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ഈ സാഹചര്യത്തിൽ സ്വതന്ത്ര ചിന്താഗതിക്കാർക്ക് ഒന്നിച്ചേ പറ്റൂ. അല്ലെങ്കിൽ കേരളത്തിലെ മതനിരപേക്ഷത തകരും. മോദിയുടെ ഏറ്റവും അടുത്തയാൾ അമിത്ഷാജി എന്ന എ.ഷാജിയെന്നാണ് പാവം മലയാളികളുടെ ധാരണ. അതു തെറ്റാണ്. ഇടത്തോട്ടും വലത്തോട്ടും ചായ്വില്ലാതെ മുണ്ടിന്റെ കര ഒത്തനടുവിലാക്കി ഉടുക്കുന്ന വിജയൻ ജി മോദിജിയുടെ സ്വന്തം ആളാണ്. കേരളത്തിലെ സർസംഘചാലക് ആണെന്നാണ് അൻവർ സഖാവ് ചാരന്മാർവഴി കണ്ടെത്തിയത്. ഇതുകേട്ട് ജലീൽസഖാവ് തകർന്നുപോയി. ചെങ്കൊടി നരച്ചാൽ കാവിക്കൊടിയാകുമെന്ന് മനസിലാക്കാൻ വൈകി. അതുകൊണ്ട്, സി.പി.എമ്മിലെ സ്വതന്ത്ര സഖാക്കളുടെ കൂട്ടായ്മ രൂപപ്പെടാതെ രക്ഷയില്ല. പുതിയൊരു രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകണമെന്നാണ് ആഗ്രഹം. അതിന്റെ ആവശ്യമില്ലെന്നും യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആശയങ്ങളുള്ള മുസ്ലിം ലീഗുള്ളപ്പോൾ ആശങ്കവേണ്ടെന്നും കുഞ്ഞാലിക്കുട്ടി സഖാവും ഇ.ടി. മുഹമ്മദ് ബഷീർ സഖാവും വ്യക്തമാക്കിയിട്ടുണ്ട്. എ.ഡി.ജി.പിയെ പുറത്താക്കുകയും മുഖ്യമന്ത്രി രാജിവയ്പ്പിക്കുകയും ചെയ്യാതെ വിശ്രമമില്ല. രണ്ട് സിംഹങ്ങൾ ഒരുമിച്ചാൽ എന്തെങ്കിലും സംഭവിച്ചേക്കാം.
ഗൾഫിൽ നിന്നു ബിരിയാണിപ്പാത്രങ്ങളിലാക്കി കൊണ്ടുവന്ന ലോഡുകണക്കിന് സ്വർണം പൊലീസുകാർ തലച്ചുമടായി ക്ലിഫ് ഹൗസിൽ എത്തിച്ചതിന് ദൃക്‌സാക്ഷികളാണ് സ്വതന്ത്രസഖാക്കൾ. ഈന്തപ്പഴത്തിന്റെ കുരുകളഞ്ഞ് സ്വർണം ഫിറ്റ് ചെയ്തും കൊണ്ടുവന്നു. നൈറ്റ് ഡ്യൂട്ടിയെടുത്ത് പൊലീസുകാരാണ് കുരുകളഞ്ഞത്. സ്വർണം എടുത്തശേഷമുള്ള ഈന്തപ്പഴത്തിന്റെ ഒരു കഷണംപോലും പാവം പൊലീസുകാർക്ക് കൊടുത്തില്ല. ഫാസിസത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥയാണിത്. ഇനിയൊരു തവണകൂടി സഖാക്കൾ കേരളം ഭരിച്ചാൽ എന്താകും കഥ. ഈ സാഹചര്യത്തിൽ ജനാധിപത്യ ശക്തിയായ യു.ഡി.എഫിന് കരുത്തുപകരണമെന്നാണ് അൻവർ സാഹിബിന്റെയും ജലീൽ സാഹിബിന്റെയും ആഗ്രഹം. പിണറായി മാത്രമല്ല, തമിഴകത്തെ സ്റ്റാലിനും കൊൽക്കത്തയിലെ മമതയും യു.പിയിലെ അഖിലേഷുമെല്ലാം സന്ധ്യമയങ്ങുമ്പോൾ സംഘികളായി മാറുന്നുണ്ടാവാം. സത്യത്തിൽ ഇന്ത്യ മുന്നണിതന്നെ സംഘി മുന്നണിയാണ്. ഇതെല്ലാം പാവം രാഹുൽജി മുൻകൂട്ടി മനസിലാക്കിയിരുന്നു.

സ്വപ്നങ്ങൾ

സ്വർഗകുമാരികൾ

പറഞ്ഞത് മുഴുവൻ സത്യമാണെന്ന് അൻവർ സാഹിബ് ആണയിട്ട് പറഞ്ഞ സ്ഥിതിക്ക് സഖാക്കൾ കൂട്ടത്തോടെ പാർട്ടിയിൽനിന്ന് പുറത്തുചാടുമെന്ന് കോൺഗ്രസുകാർ പ്രതീക്ഷിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും അനക്കമില്ല. കൈയടിച്ചവരുടെ പൊടിപോലുമില്ല. കോൺഗ്രസിലേക്കു വന്നാൽ 2026ൽ മന്ത്രിയാക്കാം എന്നു പറഞ്ഞവരും മുങ്ങി. ഇടതുമുന്നണിയിലെ ജോസ്‌മോന്റെ പാർട്ടിപോലും കാര്യമായെടുത്തില്ല.
ആരാണ് ഈ അൻവറെന്നും സ്വതന്ത്രനായി കുറേക്കാലം കൂടെനിന്നാൽ കമ്മ്യൂണിസ്റ്റുകാരൻ ആകില്ലെന്നും ഗോവിന്ദൻ മാഷ് ചോദിച്ചത് കുറച്ചു കടന്നുപോയി. പുറത്തുപോകുന്നതിനെ ചുമന്നാൽ ചുമക്കുന്നവരെ നാറുമെന്നും പറഞ്ഞതോടെ കെ.പി.സി.സി പ്രസിഡന്റ് സുധാകർജിയും പ്രതിപക്ഷ നേതാവ് സതീശൻജിയും മൂക്കുപൊത്തി. പുറത്തിറങ്ങിയശേഷം തിരികെച്ചെല്ലാൻ അൻവർ സാഹിബിനെ കിട്ടില്ല. തറവാടിയായതാണ് പ്രശ്‌നം. ഇത്രയും പറഞ്ഞസ്ഥിതിക്ക് ഇനിയെന്തുചെയ്യുമെന്ന് ജലീൽ സാഹിബും ചിന്തിച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ട്. കൊടികെട്ടിയ സഖാക്കൾ പുറത്തുപോയിട്ടും ഒന്നും സംഭവിക്കാത്ത പാർട്ടിക്ക് രണ്ട് സ്വതന്ത്രന്മാർ പോയാൽ എന്തുസംഭവിക്കുമെന്ന്,​ പിരികയറ്റി വിട്ടവർ തന്നെ ചോദിച്ചത് ഷോക്കായി. ചെമ്മീൻ ചാടിയാൽ എന്തു സംഭവിക്കുമെന്ന് ചോദിക്കാതിരുന്നത് ഭാഗ്യമായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.