ശ്രീനഗർ: ജമ്മുകാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസം വൈകിട്ട് ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പൊലീസ് സേനയിലെ ഹെഡ്കോൺസ്റ്റബിളായ ബഷീർ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഒരു സബ് ഇൻസ്‌പെക്ടർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
കത്വ ജില്ലയിലെ കോഗ്– മണ്ഡലി ഗ്രാമത്തിൽ വച്ചായിരുന്നു ഏറ്റുമുട്ടൽ. ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് സേന മേഖലയിൽ എത്തിയത്. തുടർന്ന് ഭീകരരും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പുണ്ടാകുകയായിരുന്നു. കഠ്‌വയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരർക്കായുളള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാസേന.
കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയും സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റ നാല് ജവാന്മാരെയും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.
കുൽഗാമിലെ അഡിഗാം ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് വിവരം ലഭിച്ചതോടെ സൈന്യവും പൊലീസും സി.ആർ.പി.എഫും ഉൾപ്പെട്ട സംയുക്ത സംഘം ഓപ്പറേഷൻ നടത്തുകയായിരുന്നു. പ്രദേശവാസികൾക്ക് അപകടമുണ്ടാകാതെയാണ് ഭീകരരെ സേന വളഞ്ഞത്. ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |