അബുദാബി: കാർ അപകടത്തിൽപ്പെട്ടയാളെ നടുറോഡിൽ ഹെലികോപ്‌ടർ ഇറക്കി രക്ഷിച്ചു. യുഎഇയിലെ റാസൽ ഖൈമയിലാണ് സംഭവം നടന്നത്. ആഭ്യന്തര വകുപ്പാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
അപകടത്തിൽ കാർ പൂർണമായി തകർന്നതായി വീഡിയോയിൽ കാണാം. ഹെലികോപ്‌ടർ റോഡിൽ ഇറക്കിയതിന് പിന്നാലെ രക്ഷാപ്രവർത്തകർ അപകട സ്ഥലത്തേയ്ക്ക് കുതിക്കുന്നതും ഞൊടിയിടയിൽ അപകടത്തിൽപ്പെട്ടയാളെ ഹെലികോപ്‌ടറിലേയ്ക്ക് മാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് പരിക്കേറ്റയാളെ ഹെലികോപ്‌ടറിൽ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
അടുത്തിടെ കപ്പൽ അപകടത്തിൽപ്പെട്ടയാളെയും സമാന രീതിയിൽ ഹെലികോപ്‌ടറിൽ രക്ഷപ്പെടുത്തിയിരുന്നു. യുഎഇയുടെ സമുദ്രാതിർത്തി കടക്കുന്നതിനിടെയായിരുന്നു കപ്പൽ അപകടത്തിൽപ്പെട്ടത്. തുടർന്ന് കപ്പൽ ജീവനക്കാരനെ ഹെലികോപ്‌ടർ മാർഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
റാസൽഖൈമയിലെ പർവതനിരകളിൽ വച്ച് ആരോഗ്യം മോശമായ സഞ്ചാരിയെ അടുത്തിടെ ഹെലികോപ്‌ടറിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയിരുന്നു. 3700 അടി ഉയരത്തിൽ നിന്നാണ് സഞ്ചാരിയെ രക്ഷപ്പെടുത്തിയത്. 40 മിനിട്ടോളം മേഖലയിൽ തെരച്ചിൽ നടത്തിയതിന് ശേഷമായിരുന്നു സഞ്ചാരിയെ കണ്ടെത്തി എയർലിഫ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |