മലപ്പുറം: കേരളത്തിന്റെ സർക്കാർ യുവജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചേ മതിയാകൂവെന്ന് വ്യക്തമാക്കി മലപ്പുറം എംഎൽഎ പിവി അൻവർ. താൻ കൊടുത്ത കത്തിൽ പറയുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം വിമർശിക്കുന്നത് നല്ല നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാദ്ധ്യമങ്ങളെ കാണുന്നതിനിടയിലായിരുന്നു അൻവറിന്റെ വിശദീകരണം.
'പൊതുയോഗം ഒരു വിപ്ലവമായി മാറുമെന്ന് ഞാൻ പറഞ്ഞില്ലേ?ഇപ്പോൾ നടക്കുന്നതും അതല്ലേ? കേരളത്തിലെ യുവാക്കൾ നിരാശരാണ്. കൂടുതൽ സാദ്ധ്യതകൾ തേടിയാണ് യുവാക്കൾ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. ഈ ഒരു പ്രശ്നം പരിഹരിക്കാനാണ് സർക്കാർ കഴിഞ്ഞ കുറച്ച് നാളുകളായി ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ എല്ലാ യുവാക്കൾക്കും ഭീമമായ പണം ചെലവഴിച്ച് യുകെയിലോ കാനഡയിലോ പോകാൻ സാധിക്കില്ല. ഭൂരിഭാഗം പേരും സ്വന്തം വീട് പണയം വച്ചാണ് പോകുന്നത്.
കാനഡയിലെ സ്ഥിതിഗതികൾ മാറുകയാണ്. അവിടത്തെ സർക്കാർ വിദേശികളെ അംഗീകരിക്കുന്ന സാദ്ധ്യതകളും കുറയുകയാണ്. വിദ്യാർത്ഥികളുടെ തളളിക്കയറ്റമാണ് പ്രശ്നമാകുന്നത്. അപ്പോൾ കടം വാങ്ങിയവർ തിരിച്ചെത്തും. ഇത് കേരളത്തിലെ ഉയർന്നുവരുന്ന അടുത്ത പ്രശ്നമാണ് . അപ്പോൾ പിവി അൻവറിന്റെ നെഞ്ചത്ത് കയറാതെ സർക്കാർ യുവാക്കളുടെ കാര്യം നോക്കണം. ഞാൻ കൊടുത്ത കത്തിൽ ഇതെല്ലാം വിശദമായി പറയുന്നുണ്ട്.
ഞാൻ ചെയ്യുന്നത് പാർട്ടി രീതിയല്ലെന്നാണ് എൽഡിഎഫ് കൺവീനർ പറയുന്നത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ എല്ലാ കാര്യങ്ങളും ഞാൻ നിരീക്ഷിക്കും. അപ്പോൾ ഇതിനൊക്കെ പുല്ല് വിലയാണ് നൽകുന്നത്. യുവാക്കളുടെ പ്രശ്നങ്ങൾ പരിഹരിച്ചേ മതിയാകൂ. രാഷ്ട്രീയ പ്രവർത്തനം മോശപ്പെട്ട കാര്യമാണെന്ന നിലയിൽ യുവാക്കൾ മാറിയിരിക്കുകയാണ്. തൊഴിൽപരമായി യുവാക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കഴിയുന്ന ഒരു സർക്കാരാണ് ഉണ്ടാകേണ്ടത്.
പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് ഞാൻ ഒരു പഞ്ചായത്ത് മെമ്പറിനെപോലും വിളിച്ചുവരുത്തിയിട്ടില്ല. ഞാൻ ഒറ്റയ്ക്ക് പ്രസംഗിക്കും. അതിന് ചില കാരണങ്ങൾ ഉണ്ട്. ഇന്ന് ഞാൻ തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന്റെ കൈയിൽ നിന്നുപോകും. നിലമ്പൂർ മാത്രമല്ല പോകുന്നത്. വെല്ലുവിളിക്ക് പാർട്ടി തയ്യാറാകുകയാണെങ്കിൽ ഞാൻ അതിനും തയ്യാറാണ്. മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലെ പല പഞ്ചായത്തിന്റെ ഭരണവും അവരുടെ കൈയിൽ നിന്ന് പോകും. അപ്പോൾ അതിലേക്ക് പോകണോയെന്ന് പാർട്ടി തീരുമാനിക്കണം. അൻവറിനെ സ്നേഹിക്കുന്നവർ 140 മണ്ഡലത്തിലുമുണ്ട്.
ഈ നിമിഷം വരെ പാർട്ടിയെ തളളിപ്പറഞ്ഞിട്ടില്ല. കേരളത്തിലെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് ഞാൻ മുഖ്യമന്ത്രിയെ അറിയിച്ചത്. അപ്പോൾ ആ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാതെ എന്നെ കള്ളനാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.അത് ഞാൻ സഹിക്കില്ല. കഴിഞ്ഞ രണ്ട് ദിവസമായി മലപ്പുറം ജില്ലാ സെക്രട്ടറി ഇ വി മോഹൻദാസ് എന്നെ മതവർഗീയവാദിയാക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹം ആദ്യം എന്നെ തളളിപ്പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വമാണ് ഇതൊക്കെ പറയിപ്പിക്കുന്നത്.
ഞാൻ വർഗീയവാദിയല്ലെന്നെന്ന് തെളിയിക്കേണ്ടതുണ്ട്. ഞാൻ ഒറ്റയ്ക്ക് രാഷ്ട്രീയ പാർട്ടിയാക്കാനല്ല വന്നത്. ജനം ഒരു പാർട്ടിയാകുകയാണെങ്കിൽ ഞാൻ അതിൽ കാണും. ഇന്നലെയിട്ട സർവേയിൽ 1.2 ദശലക്ഷം ആളുകൾ പ്രതികരിച്ചു. അതിൽ 90 ശതമാനവും പോസിറ്റീവ് പ്രതികരണം. എനിക്ക് സ്വാർത്ഥ താൽപര്യങ്ങളില്ല, താനിപ്പോൾ പറയുന്നത് കേൾക്കാൻ ജനമുണ്ട്. ആളുകൾ കുറയുമെന്ന് തനിക്കറിയാം. ഇതെല്ലാം മനസിലാക്കിയാണ് സംസാരിക്കുന്നത്.
സ്വർണ്ണക്കടത്തിൽ പി ശശിക്ക് പങ്കുണ്ട്. ഒരു എസ്പി വിചാരിച്ചാൽ മാത്രം ഇതൊന്നും നടത്താനാവില്ല.കേസും കൂട്ടവുമായി തന്നെ നേരിടാനാണ് ശ്രമമെങ്കിൽ വരട്ടെ. സ്വർണക്കള്ളക്കടത്തിൽ താനുന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തലക്ക് വെളിവില്ലാത്തതാണെന്നായിരുന്നു.
നിയമസഭയിൽ ആദ്യ രണ്ട് ദിവസം ഞാൻ പോകില്ല. കൂടുതൽ പൊതുയോഗങ്ങൾ നടത്തിയ ശേഷമേ നിയമസഭയിലേക്ക് പോകൂ. അവിടെ ഒരു കസേര ഉണ്ടാകുമെന്ന് കരുതുന്നു. ഇല്ലങ്കിൽ നിലത്തിരിക്കും. കക്കാടംപൊയിലിലെ പാർക്കിൽ തടയണയുണ്ടോയെന്ന് അവിടെ പോയി നോക്കട്ടെ. ഞാൻ ആ വഴിക്ക് തന്നെ പോകാറില്ല. ഇപ്പോൾ ഹൈ സ്പീഡ് മെഷീനൊക്കെ വരും. മൂന്നര കോടി ജനത്തിനും സഖാക്കൾക്കും ഇതിൽ കൃത്യമായ ബോദ്ധ്യമുണ്ട്'- അൻവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |