തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിൻസ് പിടിയിലായ നഗരസഭാ അസി. എൻജിനിയർ സസ്‌പെൻഷൻ പിൻവലിച്ചതിനാൽ സർവീസിലെ അവസാന ദിവസം ജോലിയിൽ തിരികെ പ്രവേശിച്ച് ഏതാനും സമയത്തിനുള്ളിൽ വിരമിച്ചു. തൊടുപുഴ നഗരസഭാ അസിസ്റ്റന്റ് എൻജിനീയറായിരിക്കെ സ്‌കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടിയിലായ സി.ടി. അജിയാണ് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം അറക്കുളം ഗ്രാമപഞ്ചായത്ത് എ.ഇയായി ജോലിയിൽ തിരികെ പ്രവേശിച്ച് ഉടൻ തന്നെ വിരമിച്ചത്. ജൂൺ 25നാണ് സി.ടി. അജിയെയും കരാറുകാരനും ഇടനിലക്കാരനുമായ റോഷൻ സർഗത്തെയും തൊടുപുഴ നഗരസഭാ ഓഫീസിൽ നിന്ന് വിജലൻസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജയിലിയായിരുന്ന അജിയെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കേസിൽ തുടരന്വേഷണം നടത്തിയ വിജലൻസ് ഇതുവരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇതിനിടെ സർവീസിൽ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ടി. അജി തദ്ദേശ സ്വയം ഭരണ വകുപ്പിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. തുടർന്നാണ് അജി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതി അജിയെ തരികെ ജോലിയിൽ പ്രവേശിക്കാനും വിരമിക്കാനും അനുവദിക്കണമെന്ന് കാട്ടി തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർക്ക് നിർദ്ദേശം നൽകി. അതേ സമയം അജിക്കെതിരായ വിജിലൻസ് അന്വേഷണം തുടരുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനിയറുടെ മുന്നിൽ ഹാജരാകാൻ പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിറക്കി. ഇതിന്റെ തുടർച്ചയായാണ് അസി. എൻജിനിയർ പദവി ഒഴിവുള്ള അറക്കുളം പഞ്ചായത്തിൽ എത്തി ഒപ്പിട്ട് ജോലിയിൽ പുനഃപ്രവേശിക്കാൻ എ.എക്സ്.ഇ നിർദ്ദേശിച്ചു. ഈ ഉത്തരവുമായി ഇന്നലെ ഉച്ചയ്ക്ക് മുമ്പ് അറക്കുളം പഞ്ചായത്ത് ഓഫീസിലെത്തി അസി. എൻജിനിയറായി അജി ജോലിയിൽ തിരികെ പ്രവേശിച്ചു. മണിക്കൂറുകൾക്കുള്ളിൽ സർവ്വീസിൽ നിന്ന് ഔദ്യോഗികമായി വിരമിക്കുകയും ചെയ്തു. വിജലൻസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റവിമുക്തനായെങ്കിൽ മാത്രമേ അജിക്ക് വിരമിക്കൽ ആനുകൂല്യം പൂർണ്ണമായും ലഭിക്കൂവെന്നും അധികൃതർ സൂചിപ്പിച്ചു.
കുറ്റപത്രത്തിന് രണ്ട് മാസം:
ഡിവൈ.എസ്.പി
വിജിലൻസിനോട് കേസുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചിരുന്നില്ലെന്ന് ഡിവൈ.എസ്.പി ഷാജു ജോസ് പറഞ്ഞു. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ രണ്ട് മാസമെങ്കിലും സമയം വേണ്ടിവരും. വോയ്സ് റെക്കോർഡുകളും കോൾ ഡീറ്റെയിലും ഉൾപ്പെടെയുള്ള തെളിവുകളുടെ ശാസ്ത്രീയ പരിശോധന നടത്തി വേണം കുറ്റപത്രം സമർപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |