ആലപ്പുഴ : വിറക് ഉപയോഗിച്ച് മൃതദേഹങ്ങൾ സംസ്കരിക്കുന്ന വലിയ ചുടുകാടിന് സമീപം പഞ്ചകർമ്മ ആശുപത്രിക്കായി നിർമ്മിച്ച കെട്ടിടത്തിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ചാക്ക് കണക്കിന് പ്ളാസ്റ്റിക് ഭീഷണിയാകുന്നു. ഹരിതകർമ്മ സേന ശേഖരിച്ച പ്ളാസ്റ്റിക്കാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. നഗരത്തിൽ നിന്ന് സംഭരിച്ച പ്ളാസ്റ്റിക്കിന്റെ പകുതിയിലധികവും കുന്നുകൂടിക്കിടക്കുന്ന ഇവിടം ജനവാസമേഖല കൂടിയാണ്. വ്യാപാര സ്ഥാപനങ്ങളുംനിരവധിയുണ്ട്. ഏതെങ്കിലുംവിധത്തിൽ ഇവ അഗ്നിക്കിരയായാൽ പ്രത്യാഘാതം വലുതായിരിക്കും.
വലിയ ചുടുകാടുൾപ്പെടെയുള്ള നഗരത്തിലെ സംഭരണകേന്ദ്രങ്ങളിൽ പ്‌ളാസ്റ്റിക് കൂനകൾ മാനംമുട്ടിയിട്ടും നീക്കംചെയ്യൽ വൈകുകയാണ്. ജൂലായ് മുതൽ ആഗസ്റ്റ് വരെ നഗരത്തിൽ സംഭരിച്ച 210ടൺ പ്ളാസ്റ്റിക്കിൽ 60ടൺ മാത്രമാണ് തരംതിരിച്ച് കയറ്റിവിടാനായത്. ഹരിതമിഷന്റെ അംഗീകാരമുള്ള രണ്ട് ഏജൻസികൾക്ക് കൂടി സംഭരണത്തിന് അനുമതി നൽകിയെങ്കിലും പ്ളാസ്റ്റിക്ക് നീക്കം എങ്ങുമെത്തിയിട്ടില്ല.
വേണം ആധുനിക സംവിധാനം
1.സംഭരണ ഫീസായി പ്രതിമാസം 50രൂപയാണ് വീട്ടുടമകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്നത്
2.ആധുനികയന്ത്ര സംവിധാനം ഇല്ലാത്തതിനാൽ പ്ളാസ്റ്റിക്കിന്റെ തരം തിരിക്കൽ മന്ദഗതിയിലാണ്
3. അഞ്ചുവർഷം മുമ്പ് വാങ്ങിയ പ്ലാസ്റ്റിക്ക് ബെയ്ലിംഗ് മെഷീൻ പ്രവർത്തിപ്പിക്കാത്തതും ചാക്കുകളിലെ പ്ളാസ്റ്റിക്ക് സംഭരണം ആയാസകരമാക്കുന്നു
പ്രതിമാസം 70ടൺ
നഗരത്തിലെ 52വാർഡുകളിൽ നിന്നായി പ്രതിമാസം ശരാശരി 70ടൺ പ്ളാസ്റ്റിക്കാണ് സംഭരിക്കുന്നത്. ഹരിതമിഷന്റെ ഭാഗമായ ഐ.ആർ.ടി.സിയെയായിരുന്നു തുടക്കത്തിൽ പ്ളാസ്റ്റിക്ക് സംഭരണത്തിന് ചുമതലപ്പെടുത്തിയിരുന്നത്. 2023 സെപ്തംബർ മുതൽ നഗരസഭ ആരോഗ്യ വിഭാഗം പ്ളാസ്റ്റിക് മാലിന്യം സംഭരണമേറ്റെടുത്തു. സംഭരിക്കുന്ന പ്ലാസ്റ്റിക്കിന്റെ തരംതിരിക്കലും കയറ്റിവിടലും വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം.
ആലപ്പുഴ നഗരസഭയും പ്ളാസ്റ്റിക് സംഭരണവും
വാർഡ്: 52
ഏജൻസികൾ: 3
ഹരിതകർമ്മ സേനഅംഗങ്ങൾ: 130
പ്രതിമാസം സംഭരിക്കുന്നത്: 70ടൺ
കയറ്റി അയക്കുന്നത്: 20ടൺ
ഹരിതകർമ്മ സേനയുടെ അംഗബലം 130ൽ നിന്ന് 180ആയി ഉയർത്തി വേഗത്തിൽ തരം തിരിച്ച് കയറ്റി വിടും. ഇതിനായി രണ്ട് ഏജൻസികളെകൂടി നിയോഗിച്ചിട്ടുണ്ട്.
കെ.കെ.ജയമ്മ, ചെയർപേഴ്സൺ, നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |