ഇൻഡോർ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗർബ പന്തലിൽ പ്രവേശിക്കുന്നതിന് മുമ്പ് ആളുകൾ ഗോമൂത്രം കുടിക്കണമെന്ന് ബിജെപി നേതാവ്. ഇൻഡോറിലെ ബിജെപി ജില്ലാ പ്രസിഡന്റ് ചിന്തു വെർമയാണ് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പന്തലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് ആളുകളെ ഗോമൂത്രം കുടിപ്പിക്കണമെന്ന് നവരാത്രി ഉത്സവത്തിന്റെ സംഘാടകരോട് ചിന്തു അഭ്യർത്ഥിക്കുകയും ചെയ്‌തു. ഹിന്ദുക്കളാണെങ്കിൽ അവർക്ക് ഗോമൂത്രം കുടിക്കുന്നതിനോട് എതിർപ്പുണ്ടാകില്ലെന്നും ചിന്തു വെർമ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ചില ആളുകൾ ഇത്തരം പരിപാടികളിൽ അനാവശ്യമായി ചേരാറുണ്ട്. ഇത് പല ചർച്ചകൾക്കും വഴിവയ്‌ക്കും. ഒരാളുടെ ആധാർ കാർഡ് തിരുത്താൻ കഴിയും. പക്ഷേ, ഒരാൾ യഥാർത്ഥ ഹിന്ദുവാണെങ്കിൽ അയാൾ യാതൊരു മടിയുമില്ലാതെ ഗോമൂത്രം കുടിക്കും. അത് ഒരിക്കലും നിരസിക്കില്ല', ചിന്തു വെർമ പറഞ്ഞു.
അതേസമയം, ചിന്തു വെർമയുടെ ആഹ്വാനം പാർട്ടിയുടെ ധ്രുവീകരണത്തിന്റെ പുതിയ തന്ത്രമാണെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. ഗോസംരക്ഷണ കേന്ദ്രങ്ങളുടെ ദുരവസ്ഥയിൽ ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണെന്നും ഈ വിഷയം രാഷ്‌ട്രീയവൽക്കരിക്കാൻ മാത്രമാണ് അവർക്ക് താൽപ്പര്യമെന്നും കോൺഗ്രസ് വക്താവ് നീലഭ് ശുക്ല ആരോപിച്ചു. ഗർബ പന്തലിൽ കയറുന്നതിന് മുമ്പ് ഗോമൂത്രം കുടിക്കാനും സമൂഹമാദ്ധ്യമങ്ങളിൽ അതിന്റെ വീഡിയോ പോസ്റ്റ് ചെയ്യാനുമാണ് ബിജെപി നേതാവ് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |