'സി സ്യൂട്ട് കോംപ്' 2024ലെ പട്ടിക പ്രകാരം യുഎസിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന പത്ത് വനിതാ സിഇഒമാരിലെ ഏക ഇന്ത്യൻ വംശജ. ആഗോള ബിസിനസ് ലോകത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന പേര്, അതാണ് യാമിനി രംഗൻ. സോഫ്‌ട്‌വെയർ കമ്പനിയായ ഹബ്ബ്‌സ്‌പോട്ടിനെ നയിക്കുന്ന യാമിനിയുടെ വാർഷിക ശമ്പളം 2.57 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 21 കോടി രൂപ).
പട്ടികയിലെ എട്ടാം സ്ഥാനക്കാരിയായ യാമിനി കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഉത്തമ ഉദാഹരണമാണ്. ലോകത്തിലെ ഉന്നത സിഇഒമാരിൽ ഒരാളാകാനുള്ള യാമിനിയുടെ യാത്ര എളുപ്പമായിരുന്നില്ല. ഇന്ത്യയിൽ ജനിച്ച യാമിനി തന്റെ സ്വപ്‌നം നേടിയെടുക്കുകയെന്ന ലക്ഷ്യവുമായി 21ാം വയസിലാണ് യുഎസിലേയ്ക്ക് വിമാനം കയറിയത്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദധാരിയും എംബിഎക്കാരിയും ആയിരുന്നിട്ടും അമേരിക്കയിലെ ആദ്യദിനങ്ങൾ യാമിനിക്ക് പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ജീവിതച്ചെലവിനായി ബുദ്ധിമുട്ടിയ യാമിനിക്ക് അറ്റ്‌ലാന്റ ഫുട്‌ബോൾ സ്റ്റേഡിയത്തിലെ കഫേയിൽ വിളമ്പുകാരിയായി ജോലി നോക്കേണ്ടതായി പോലും വന്നു.
കഷ്‌ടപ്പാടുകൾക്കും ദുരിത ജീവിതത്തിനും യാമിനിയെ തളർത്താനായിരുന്നില്ല. ചെറിയ ചെറിയ ടെക്‌നോളജി കമ്പനികളിൽ ജോലി ചെയ്ത് യാമിനി കോർപ്പറേറ്റ് മേഖലയെക്കുറിച്ച് പഠിച്ചു. പ്രമുഖ ടെക് കമ്പനികളായ എസ് എ പി, ലുകെന്റ്, വർക്ക്‌ഡേ, ഡ്രോപ്‌ബോക്‌സ് എന്നിവിടങ്ങളിൽ ജോലി ചെയ്തതാണ് യാമിനിയുടെ തലവര മാറ്റിമറിച്ചത്. വർക്ക്‌ഡേയിൽ സെയിൽസ് സ്ട്രാറ്റജി ആന്റ് ഓപ്പറേഷൻസ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായാണ് യാമിനി പ്രവർത്തിച്ചത്. ഡ്രോപ്‌ബോക്‌സിൽ ചീഫ് ഒഫ് കസ്റ്റമർ ഓഫീസറായി പ്രവർത്തിച്ചതും യാമിനിയുടെ ജൈത്രയാത്രയ്ക്ക് മുതൽകൂട്ടായി.
2020 ജനുവരിയിലാണ് യാമിനി ചീഫ് കസ്റ്റമർ ഓഫീസറായി ഹബ്ബ്‌സ്‌പോട്ടിൽ ജോയിൻ ചെയ്യുന്നത്. യാമിനിയുടെ മിടുക്കും പ്രവർത്തനമികവും ഒരു വർഷത്തിനിടെ തന്നെ അവരെ ഹബ്ബ്‌സ്‌പോട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഉയർത്തി. യാമിനിയുടെ നേതൃത്വത്തിൽ 2024ലെ ആദ്യ പകുതിയിൽ തന്നെ ഹബ്ബ്‌സ്‌പോട്ടിന്റെ വരുമാനം 617.4 മില്യൺ യുഎസ് ഡോളറായി ഉയർന്നു.
2022ൽ യാമിനിയെ ലോകത്തിലെ ഏറ്റവും മികച്ച വനിത സിഇഒയായി കമ്പാരബ്ളി തിരഞ്ഞെടുത്തിരുന്നു. സി സ്യൂട്ട് കോംപ് റിപ്പോർട്ട് പ്രകാരം 2023ൽ 25.88 മില്യൺ ഡോളറായിരുന്നു യാമിനിയുടെ വാർഷിക പ്രതിഫലം. സമ്പാദിച്ചു. 263 കോടി രൂപയാണ് നിലവിൽ യാമിനിയുടെ സമ്പത്തിന്റെ മൂല്യം കണക്കാക്കപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |