മ്യൂസിയം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത് 16 കേസുകൾ
7മുതൽ 10ലക്ഷം വരെ നഷ്ടമായെന്ന് പരാതികൾ
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ ട്രാവൽ ഏജൻസി ഉടമയായ സ്ത്രീയും മകനും അറസ്റ്റിലായി.ശാസ്തമംഗലം ബ്രൂക്ക്‌പോർട്ട് ട്രാവൽ ആൻഡ് ലോജിസ്റ്റിക്‌സ് എം.ഡി ഡോൾഫി ജോസഫൈൻ,മകൻ രോഹിത് സജു എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.കേസിലെ മറ്റൊരു പ്രതിയും ഡോൾഫിയുടെ ഭർത്താവുമായ സജു സൈമൺ ഒളിവിലാണ്.കാനഡ,യു.എസ്.എ,യു.കെ എന്നിവിടങ്ങളിൽ തൊഴിൽ വിസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം 40ഓളം പേരിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്നാണ് പരാതി.പ്രതികൾക്കെതിരെ 21 പൊലീസ് സ്‌റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.
16 പേർ നൽകിയ പരാതിയിൽ 3 കേസുകളാണ് മ്യൂസിയത്ത് രജിസ്റ്റർ ചെയ്തത്.ഇവരിൽ നിന്നുമാത്രം ഒരു കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.7 മുതൽ 10 ലക്ഷം രൂപ വരെയാണ് പരാതിക്കാർക്ക് നഷ്ടമായത്. യൂറോപ്യൻ രാജ്യങ്ങളിൽ 2 മുതൽ 4 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് സാമൂഹ്യമാദ്ധ്യമങ്ങൾവഴി പരസ്യം നൽകിയാണ് പ്രതികൾ പണം വാങ്ങിയത്.പറഞ്ഞ സമയം കഴിഞ്ഞിട്ടും വിസ ലഭിച്ചില്ല. പണം മടക്കി നൽകാനും തയാറായില്ല. ഇതോടെ ആളുകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ സ്ഥാപനം പൂട്ടി സജു സൈമണും ഡോൾഫി ജോസഫൈനും മുങ്ങി. രണ്ട് മാസം മുൻപ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പരാതിക്കാർ ഒരാഴ്ച മുൻപ് ശാസ്തമംഗലത്തെ ഏജൻസി ഓഫീസ് ഉപരോധിച്ചിരുന്നു. തിരുവനന്തപുരം,കോട്ടയം,കൊച്ചി,വയനാട് സ്വദേശികളാണ് തട്ടിപ്പിനിരയായവരിൽ ഏറെയും. മ്യൂസിയം എസ്.ഐ എൻ.ആശാചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |